രാജ്യം 79-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. ഡല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11,000 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു.
നഗരത്തില്‍ ഉടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നടത്തുന്നത്. ഓപ്പറേഷന് സിന്ദൂര്‍, വോട്ടര്‍ പട്ടിക ക്രമക്കേട്, പകരം തീരുവ എന്നിവ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുമോ എന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്. പുതിയ കേന്ദ്ര പദ്ധതികള്‍ അദേഹം ഇന്ന് പ്രഖ്യാപിച്ചേക്കും.
സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയപതാക ഉയര്‍ത്തും. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാക ഉയര്‍ത്തും.
Leave a Reply