ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയാൻ രാജ്യത്തെ ആദ്യ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2020 മാർച്ച് 23 -നാണ് ലോക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയത്. സ്കൂളുകൾ, പബ്ബുകൾ, ഷോപ്പുകൾ എന്നിവ അടച്ചുപൂട്ടിയിരുന്നു. കോവിഡ് മൂലമുള്ള മരണസംഖ്യ 364 ആയിരുന്നു ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോഴെങ്കിൽ പിന്നീട് 126,172 പേരുടെ ജീവനാണ് മഹാമാരി കവർന്നെടുത്തത്. എങ്കിലും ഒരു വർഷം കഴിയുമ്പോൾ പ്രതിരോധകുത്തിവെയ്പ്പുകളാലും ലോക് ഡൗൺ നിയന്ത്രണങ്ങൾ കൊണ്ടും രോഗ വ്യാപനവും മരണനിരക്കും കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് രാജ്യം.
രോഗവ്യാപനം തടയുന്നതിനായി ജാഗ്രത പാലിക്കുകയും കർശനമായ നിയന്ത്രണങ്ങളോട് സഹകരിക്കുകയും ചെയ്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് നന്ദി പറഞ്ഞു. കോവിഡ് ജീവൻ കവർന്നെടുത്തവരുടെ ഉറ്റവർക്കും ബന്ധുക്കൾക്കും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാത്രി എട്ടുമണിക്ക് കോവിഡിനെതിരെ ആരംഭിച്ച ലോക് ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഓർമ്മയ്ക്കായി രാജ്യം ഒരു മിനിറ്റ് മൗനം ആചരിക്കും . ജനങ്ങൾ ഫോണുകളോ, ടോർച്ചുകളോ, മെഴുകുതിരികളോ പ്രകാശിപ്പിച്ച് ഇതിൽ പങ്കുചേരാനുള്ള നിർദ്ദേശമാണ് നല്കിയിരിക്കുന്നത്.
Leave a Reply