ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യോർക്ക് സന്ദർശനത്തിനിടെ ചാൾസ് രാജാവിന് നേരെ മുട്ടകൾ എറിഞ്ഞ സംഭവത്തിൽ പ്രതികളിൽ ഒരാൾ കുറ്റകാരനാണെന്ന് ശരിവെച്ചു കോടതി. 2022 നവംബർ 9 നായിരുന്നു കേസിനസ്പദമായ സംഭവം. മിക്‌ലെഗേറ്റ് ബാറിൽ എത്തിയപ്പോൾ പാട്രിക് തെൽവെൽ രാജാവിന്റെയും രാജ്ഞിയുടെയും നേരെ തുടർച്ചയായി അഞ്ച് മുട്ടകൾ എറിയുകയായിരുന്നു. യോർക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വിചാരണയ്‌ക്കൊടുവിലാണ് 23 കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഹിയറിംഗിനിടെ തെൽവെൽ മുട്ട എറിഞ്ഞതായി സമ്മതിച്ച് രംഗത്ത് വന്നിരുന്നു.
ഒരാളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന് തുല്യമാണ് പ്രതിയുടെ പ്രവർത്തിയെന്നും സീനിയർ ജില്ലാ ജഡ്ജി പോൾ ഗോൾഡ്സ്പ്രിംഗ് പറഞ്ഞു. രാജാവിനെതിരെ ഉണ്ടായത് ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത സംഭവമാണെന്നും, സുരക്ഷാ ഉദ്യോഗസ്ഥർ തുടർന്നും പ്രദേശികമായ സാഹചര്യങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കുറ്റകൃത്യം നടന്ന സമയത്ത് യോർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന തെൽവെലിന് 12 മാസത്തെ കമ്മ്യൂണിറ്റി ഓർഡർ നൽകുകയും, പാർട്ട് ടൈം ജോലികൾ ചെയ്തുമാണ് മുന്നോട്ട് പോയിരുന്നത്.
മുട്ടകൾ എറിയുമ്പോൾ, രാജാവിനെക്കുറിച്ച് തെൽവെൽ മോശമായ പരാമർശങ്ങൾ നടത്തിയതായി പ്രോസിക്യൂട്ടർ മൈക്കൽ സ്മിത്ത് പറഞ്ഞു. എന്നാൽ അത്രയും വലിയ ആൾക്കൂട്ടത്തിനിടയിൽ രാജാവിനെ കാണുവാനായി ഹീലുള്ള ഷൂസ് ഉപയോഗിച്ചിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. കൊളോണിയലിസത്തിന്റെ ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് പ്രതി രാജാവിന് നേരെ മുട്ട എറിഞ്ഞതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാൽ മുട്ട എറിയുന്നത് എങ്ങനെയാണ് അക്രമമാകുന്നതെന്നും, ഇത് ബ്രിട്ടീഷുകാർ നാളിതുവരെ ചെയ്തു കൂട്ടിയ അക്രമത്തേക്കാൾ കൂടുതലാണോ എന്നും തെൽവെൽ ചോദിച്ചു.