ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- താൽക്കാലിക പാർപ്പിടങ്ങളിലും മറ്റും സംരക്ഷിക്കുവാൻ വിധിക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ തികച്ചും വേദനാജനകമെന്ന് വ്യക്തമാക്കി മുതിർന്ന ജഡ്ജി. ഇത്തരം കുട്ടികളുടെ സ്വാതന്ത്ര്യമാണ് ഇവിടെ ഹനിക്കപ്പെടുന്നതെന്ന് കോടതി വിലയിരുത്തി. ഇത് സംബന്ധിച്ച കോടതി വ്യവഹാരങ്ങളും രേഖകളും റിപ്പോർട്ട് ചെയ്യുവാൻ ബിബിസി ന്യൂസിന് ലഭിച്ച അവസരത്തിലൂടെയാണ് ഈ വാർത്തകൾ പുറത്തുവന്നത്. രജിസ്റ്റേർഡ് ചിൽഡ്രൻസ് ഹോമുകളിൽ സ്ഥലമില്ലാതായതോടെ കാരവാനുകളും , കനാൽ ബോട്ടുകളും എല്ലാം കുട്ടികൾക്ക് വേണ്ടി താൽക്കാലിക പാർപ്പിടങ്ങളായി മാറ്റിയിരിക്കുകയാണ്. ഇത്തരം പാർപ്പിടങ്ങൾ അനുചിതവും നിയമ വിരുദ്ധവുമാണ്. എന്നാൽ സെപ്റ്റംബർ മുതൽ രജിസ്റ്റേർഡ് ഹോമുകളിൽ തികച്ചും സ്ഥലമില്ലാതായതോടെ, കൗൺസിലുകൾ കുട്ടികളെ ഇത്തരം പാർപ്പിടങ്ങളിൽ താമസിക്കുവാനായി കോടതികളിൽ പ്രത്യേക വിധിയ്ക്കായി പരിശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം വിധികൾ കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും, കൗൺസിലുകൾക്ക് കുട്ടികളെ താൽക്കാലിക ഇടങ്ങളിൽ തുടരുവാനും മറ്റുമുള്ള അനുവാദം നൽകുകയും ചെയ്യുന്നതാണ്. കുട്ടികളുടെ അനുമതിയില്ലാതെ തന്നെ അവശ്യഘട്ടങ്ങളിൽ മരുന്നുകളും മറ്റും ഉപയോഗിച്ച് കുട്ടികളെ നിയന്ത്രിക്കുവാനും ഈ വിധിയിലൂടെ കൗൺസിലുകൾക്ക് അധികാരം ലഭിക്കുന്നു. ഇത്തരം രീതികൾ തികച്ചും പൈശാചിമാണെന്ന് സീനിയർ ജഡ്ജി വിലയിരുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന നിരവധി കുട്ടികളാണ് ഇംഗ്ലണ്ടിൽ ഉള്ളത്. എഫ് ജെ എന്ന് കോടതി രേഖകളിൽ ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന 15 വയസ്സുകാരി പെൺകുട്ടിയുടെ സാഹചര്യം മനുഷ്യമനഃസ്സാക്ഷിക്ക് വേദന ഉളവാക്കുന്നതാണ്. ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോഡർ നേരിടുന്ന ഈ കുട്ടിക്ക് 11 മാസത്തെ ചികിത്സ ലഭ്യമാക്കിയ ശേഷം കൗൺസിൽ കുട്ടിയെ രജിസ്റ്റേർഡ് ചിൽഡ്രൻസ് ഹോമിൽ ആക്കി. എന്നാൽ അവിടെവച്ച് സ്വന്തം ജീവനെടുക്കാൻ ശ്രമിച്ച ഈ പെൺകുട്ടിയെ മറ്റ് 225 ഇടങ്ങളിൽ താമസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആരും അംഗീകരിക്കുവാൻ തയ്യാറായില്ല. ഇപ്പോൾ ഈ പെൺകുട്ടിയെ ഒരു രജിസ്റ്റേർഡ് അല്ലാത്ത സ്ഥാപനത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ അപ്രൂവ്ഡ് ആയിട്ടുള്ള സ്റ്റാഫുകളോ, മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ല. തികച്ചും നീതി നിഷേധിക്കപ്പെട്ട അവസ്ഥയിൽ കഴിയുന്ന ഈ പെൺകുട്ടിയെ പോലെ നിരവധി കുട്ടികളാണ് ഇംഗ്ലണ്ടിൽ ഉള്ളത്.


ഡെപ്രിവേഷൻ ഓഫ് ലിബർട്ടി എന്ന പേരിലറിയപ്പെടുന്ന ഈ കോടതി വിധിയിലൂടെ കൗൺസിലുകൾക്ക് കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുവാനും, അവരെ ഒരു സ്ഥലത്തേക്ക് അടച്ചിടുവാനും അധികാരം നൽകുന്നു. ചിലയിടങ്ങളിൽ കുടുംബാംഗങ്ങളുമായി ഒരു തരത്തിലുള്ള ബന്ധത്തിനും അധികാരികൾ അനുവദിക്കില്ല. ഇത്തരത്തിലുള്ള നിരവധി സാഹചര്യങ്ങൾ ഇംഗ്ലണ്ടിൽ ഉണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമ സംവിധാനങ്ങൾ ഉണ്ടാകണമെന്നുമുള്ള ആവശ്യം ശക്തമാണ്.