ഭോപ്പാൽ∙ നാലു മാസങ്ങൾക്ക് മുൻപ് മിന്നലേറ്റ് മരണമെന്ന് കരുതിയ കേസിൽ വഴിത്തിരിവ്. ഇരുപത്തിയാറുകാരനായ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കാമുകിയുടെ പിതാവിനെ അറസ്റ്റു ചെയ്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 29നാണ് ധർമേന്ദ്രയെ ഗുണ മേഖലയിൽ ബൈക്കിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിന്നലേറ്റു മരണമെന്ന് തോന്നുന്നതുപോലെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോസ്റ്റ്മോർട്ടത്തിലും വൈദ്യുതാഘാതമെന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ നാലു മാസങ്ങൾ കഴിഞ്ഞതോടെ ധർമേന്ദ്രയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് റയീസ് ഖാൻ എന്നയാളെ അറസ്റ്റു ചെയ്തു.

റയീസ് ഖാന്റെ മകളുമായി ധർമേന്ദ്ര സ്നേഹത്തിലായിരുന്നു. ഓഗസ്റ്റ് 29ന് യുവതിയെ കണ്ടശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ, ഖാൻ വഴിതടയുകയും കല്ലുപയോഗിച്ച് തലയടിച്ചു പൊട്ടിക്കുകയുമായിരുന്നു. പിന്നാലെ സമീപത്തുകൂടെ പോകുന്ന ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതി വലിച്ച് ധർമേന്ദ്രയുടെ ശരീരത്തിലൂടെ കടത്തിവിടുകയും ചെയ്തു. മരണം ഉറപ്പിച്ചതോടെ റയീസ് ഖാൻ ധർമേന്ദ്രയുടെ മൃതദേഹം വലിച്ചിഴച്ച് പ്രധാന റോഡിൽ ബൈക്കിനു സമീപത്ത് ഇടുകയായിരുന്നു. അപകടമെന്ന് തോന്നിക്കുന്നതിനായിരുന്നു ഇതെന്നും പൊലീസ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യം മിന്നലേറ്റാണ് ധർമേന്ദ്രയുടെ മരണമെന്ന് കരുതിയെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരാതെയിരുന്നതോടെ പൊലീസ് തുടരന്വേഷണം നടത്തുകയായിരുന്നു. ഷാപുര മേഖലയിലെ ഷോപ്പിങ് മാളിൽ ജോലി ചെയ്തിരുന്ന ധർമേന്ദ്ര എന്തുകൊണ്ടാണ് ഗുണയിൽ എത്തിയതെന്നായിരുന്നു അന്വേഷണസംഘം ആദ്യം തിരക്കിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ധർമേന്ദ്രയ്ക്ക് യുവതിയുമായി ബന്ധമുണ്ടെന്ന കാര്യം പൊലീസിനോടു പറയുന്നത്. അതോടെ റയീസ് ഖാൻ പൊലീസിന്റെ അന്വേഷണ പരിധിയിൽ വരുന്നത്.

അന്വേഷണത്തിൽ റയീസ് ഖാൻ ഹൈടെന്‍ഷൻ ലൈനിൽനിന്ന് വൈദ്യുതി എടുക്കാൻ ഉപയോഗിച്ച വയർ കണ്ടെത്തി. യുവതിയും ധർമേന്ദ്രയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്ന സ്ഥലത്തെക്കുറിച്ച് അറിയാവുന്ന റയീസ് ഖാൻ മഴയുള്ള ഒരു ദിവസം കൊലയ്ക്കായി തിരഞ്ഞെടുക്കുകയും മിന്നലേറ്റ് മരണമെന്ന് സ്ഥിരീകരിക്കാനാവശ്യമായവ തയാറാക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.