സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്ത് ആകെ കോവിഡ് 19 രോ​ഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. ബ്രിട്ടനിൽ കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്തുകയാണ്. ഓരോ ദിനം കഴിയുമ്പോഴും മരണനിരക്ക് വർധിക്കുന്നത് രാജ്യത്തെ കനത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. യുകെയിൽ രോഗം ബാധിച്ച് ഇന്നലെ മാത്രം മരണപ്പെട്ടവരുടെ എണ്ണം 569 ആണ്. ആകെ മരണസംഖ്യ 2, 921 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,244 ആണ്. ഇതോടെ യുകെയിൽ ആകെ രോഗബാധിതരുടെ എണ്ണം 33,718 ആയി. 135 പേരുടെ രോഗം ഭേദപ്പെട്ടിട്ടുണ്ട്. പ്രതിദിനം വർധിച്ചുവരുന്ന കേസുകൾ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തിലാണ് എൻഎച്ച്എസും സർക്കാരും. കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ രോഗികളും രോഗലക്ഷണങ്ങൾ ഉള്ളവരും മാസ്ക് ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. ഈയൊരു വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടന്നുവരികയാന്നെന്നും അവർ അറിയിച്ചു. അണുബാധ ഉണ്ടാകാതിരിക്കാൻ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നവരിൽ നിന്ന് കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

അതേസമയം ഏപ്രിൽ അവസാനത്തോടെ ഇംഗ്ലണ്ടിൽ ഒരു ദിവസം ഒരു ലക്ഷം കൊറോണ വൈറസ് പരിശോധനകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തതിന് സർക്കാരിനെ വിമർശിച്ചതിനാലാണ് ഈ തീരുമാനം കൈകൊണ്ടത്. നിലവിൽ ഒരു ദിവസം പതിനായിരത്തോളം ടെസ്റ്റുകൾ നടക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഹാൻകോക്ക് ഏഴു ദിവസമായി ക്വാറന്റൈനിൽ കഴിയുകയാണ്. 17.5 ദശലക്ഷം ആന്റിബോഡി ടെസ്റ്റുകൾ വാങ്ങാൻ യുകെ ആഗ്രഹിക്കുന്നുവെന്ന് ഹാൻകോക്ക് പറഞ്ഞു. യുകെയിൽ കോറോണവൈറസിനെ പ്രതിരോധിക്കാൻ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരെ പൊതുജനം അഭിനന്ദിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് തൊഴിലാളികൾക്കും അഭിവാദ്യം അർപ്പിച്ച് യുകെയിലുടനീളമുള്ള ആളുകൾ രണ്ടാമത്തെ “ക്ലാപ്പ് ഫോർ കെയേഴ്സ്”ൽ പങ്കെടുത്തു. കരഘോഷം മുഴക്കിയും ബാഗ്‌പൈപ്പുകൾ ഉപയോഗിച്ചുമൊക്കെ കൊറോണകാലത്തെ ധീരമാരെ രാജ്യം അഭിനന്ദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച ഉപയോക്താക്കൾക്ക് താൽക്കാലിക സാമ്പത്തിക ആശ്വാസം എഫ്‌സി‌എ നിർദ്ദേശിച്ചു. ഇന്നലെ പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം ബുദ്ധിമുട്ടനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് പേയ്‌മെന്റുകളിൽ നിന്ന് ഇടവേള നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകി. പദ്ധതികളെക്കുറിച്ച് എഫ്‌സി‌എയോട് പ്രതികരിക്കാൻ ബാങ്കുകൾക്ക് അടുത്ത തിങ്കളാഴ്ച വരെ സമയമുണ്ട്. ചെറുകിട ബിസിനസ്സുകളെയും ഉപഭോക്താക്കളെയും സഹായിക്കാൻ ബാങ്കുകൾ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന വിമർശനത്തെ തുടർന്നാണ് പുതിയ നടപടികൾ കൊണ്ടുവന്നത്.

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 1,015,505 ആയി ഉയർന്നു. മരണസംഖ്യ 53,195ൽ എത്തി നിൽക്കുന്നു. രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 13, 915 പേരാണ് മരിച്ചത്. സ്പെയിനിലും മരണസംഖ്യ പതിനായിരം പിന്നിട്ടുകഴിഞ്ഞു. വ്യാഴാഴ്ച 950 പേര്‍ മരിച്ചതായി സ്‌പാനിഷ് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 14 മുതല്‍ സ്‌പെയിന്‍ ലോക്ഡൗണിലാണ്. തലസ്ഥാന നഗരമായ മഡ്രിഡ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. ഇറ്റലിയും സ്‌പെയിനും കഴിഞ്ഞാല്‍ കൂടുതല്‍ മരണം യുഎസിലാണ് 6,075 പേര്‍. യുഎസില്‍ രോഗബാധിതരുടെ എണ്ണം 2,45,066 പിന്നിട്ടു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 2,500 പിന്നിട്ടു. ഇതുവരെ 72 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.