അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയും വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രധാനമായ നീക്കത്തിലൂടെ ഗവൺമെന്റ് തീരുമാനിച്ചു. 30 മിനിറ്റുനുള്ളിൽ ഫലം തരുന്ന റാപ്പിഡ് ഫ്‌ളോ ടെസ്റ്റ് നടത്താനാണ് തീരുമാനം. ലോക്ക് ഡൗൺ സമയത്ത് വീടുകളിൽ നിന്ന് ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് പരിശോധനകളിൽ മുൻഗണ ലഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഈ ആഴ്ച ഒരു വാക്സിനേഷൻ സെന്ററിൽ നിന്നു മാത്രം ഏകദേശം130,000 പേർക്കാണ് പ്രതിരോധകുത്തിവെപ്പിനായിട്ടുള്ള കത്തുകൾ അയക്കപ്പെട്ടത് എന്ന് എൻഎച്ച്എസ് അറിയിച്ചു.

എന്നാൽ തുടർച്ചയായ നാലാം ദിവസവും മരണനിരക്ക് ആയിരത്തിന് മുകളിൽ ആയതിൻെറ ആശങ്കയിലാണ് ബ്രിട്ടൻ. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 1035 പേരാണ് മരിച്ചത്. ഇതു കൂടി കണക്കിലെടുക്കുമ്പോൾ ആകെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,000 ത്തിൽ കൂടുതലായി. ഇതോടെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം യുഎസ്, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മരണനിരക്കിൽ ബ്രിട്ടന് മുന്നിലുള്ളത്.

ഇതിനിടെ 94 വയസ്സുള്ള എലിസബത്ത് രാജ്ഞിയും 99 കാരനായ ഭർത്താവ് ഫിലിപ്പ് രാജകുമാരനും പ്രതിരോധകുത്തിവയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിനേഷനെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത എടുത്തത വാർത്ത ഉപകരിക്കുമെന്ന് കരുതപ്പെടുന്നു. യുകെയിൽ ഇതുവരെ 1.5 ദശലക്ഷം ആൾക്കാരാണ് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ചത്.
	
		

      
      



              
              
              




            
Leave a Reply