ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തട്ടിക്കൊണ്ടുപോകലിനും മതപരിവർത്തനത്തിനും നിര്‍ബന്ധവിവാഹത്തിനും ഇരയായ പാകിസ്ഥാനി ക്രിസ്ത്യൻ പെൺകുട്ടി മരിയ ഷഹബാസിന് ബ്രിട്ടൻ അഭയം നൽകണമെന്ന ആവശ്യം ശക്തം. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) തയ്യാറാക്കി 12,000-ത്തോളം പേര്‍ ഒപ്പിട്ട നിവേദനം ഫിയോണ ബ്രൂസ് എം പി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് കൈമാറി. തട്ടികൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട മരിയ ഇപ്പോൾ രഹസ്യമായാണ് കഴിയുന്നത്. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തയാള്‍ മരിയയെയും കുടുംബത്തെയും ഒന്നര വർഷം മുറിയിൽ പൂട്ടിയിട്ടിരുന്നു.

തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്ന ക്രിസ്ത്യൻ പെൺകുട്ടികളെപറ്റി എ.സി.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ ആമുഖം എഴുതിയിരിക്കുന്നത് മരിയയാണ്. റിപ്പോര്‍ട്ട് വായിച്ച താന്‍ കരഞ്ഞുപോയെന്നു പറഞ്ഞ ഫിയോണ, പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയെ കുറിച്ചും വിവരിച്ചു.

2020 ഏപ്രിൽ മാസത്തിലാണ് പതിനാലുകാരിയായ മരിയയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്. പര്‍വേശ് മസിഹ്, യൂനസ് മാസിഹ്, നയീം മാസിഹ് എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇവര്‍, ആകാശത്തേക്ക് നിരവധി വട്ടം വെടിയുതിര്‍ത്തതായും ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട്, തട്ടിക്കൊണ്ടു പോയ വ്യക്തി പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുകയും മതം മാറ്റുകയും ചെയ്തു. മകളുടെ നീതിക്ക് വേണ്ടി മരിയയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ലാഹോർ ഹൈക്കോടതിയുടെ വിധി ഞെട്ടിക്കുന്നതായിരുന്നു. മതപരിവര്‍ത്തനം പെണ്‍കുട്ടിയുടെ സമ്മതത്തോടെ നടന്നതാണെന്നും തട്ടിക്കൊണ്ടു പോയ വ്യക്തി അവരെ വിവാഹം കഴിക്കണമെന്നും കോടതി ഉത്തരവിട്ടു.

മരിയ ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും സ്കൂള്‍ രേഖകളും സമർപ്പിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. കോടതി വിധി പ്രതികൂലമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രതിഷേധങ്ങൾ ഉയര്‍ന്നു. ഇത്തരത്തിലുള്ള ആയിരത്തിലധികം കേസുകളാണ് ഓരോ വർഷവും പാകിസ്ഥാനിൽ റിപ്പോർട്ട്‌ ചെയ്യുന്നത്. പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങൾ തുടർക്കഥയാവുന്നു.