ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം: പോര്ടസ്‌മൗത്തിലെ സീറോ മലബാർ വിശ്വാസികൾക്ക് ഇക്കഴിഞ്ഞ ഞായറാഴ്ച ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ഒത്ത് ചേർന്നത് തങ്ങൾക്ക് ലഭിച്ച അനന്തമായ ദൈവകരുണക്ക് നന്ദിയർപ്പിക്കുവാനാണ് . ജീവശ്വാസത്തോടൊപ്പം ബ്രിട്ടനിലേക്ക് കൊണ്ടുപോന്ന തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ,ആരാധനാക്രമവും , ഒക്കെ തലമുറകളിലേക്ക് കൈമാറി അഭംഗുരം കാത്ത് സൂക്ഷിക്കുവാൻ ദൈവം കനിഞ്ഞു നൽകിയ സ്വന്തമായുള്ള ഇടവക ദേവാലയം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മാർ ഫിലിപ്പ് ഈഗൻ പിതാവിന്റെയും , സാന്നിധ്യത്തിൽ പ്രഖ്യാപിച്ചപ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും ചരിത്രത്തിന്റെ ഭാഗമായി മാറി .
രൂപതയുടെ സ്വന്തമായുള്ള അഞ്ചാമത്തെ ഇടവക ദേവാലയമായി ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് മിഷൻ മാറിയപ്പോൾ മിഷൻ ഡയറക്ടർ ഫാ . ജിനോ അരീക്കാട്ട് എം സി ബി എസിനും ഇത് ചാരിതാർഥ്യത്തിന്റെ നിമിഷങ്ങൾ . ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ എല്ലാം അഭിവന്ദ്യ പിതാവിനോടും രൂപതാ കുരിയായോടും ചേർന്ന് നിന്ന് ഏറ്റവും ഭംഗിയായി നിറവേറ്റിയ ശേഷം മാതൃ കോൺഗ്രിഗേഷനിലേക്ക് രൂപതയിലെ ശുശ്രൂഷ കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ജിനോ അച്ചന്റെ നേതൃത്വത്തിൽ പോര്ടസ്‌മൗത്തിലെ വിശ്വാസി സമൂഹം നടത്തിയ പ്രാർഥനകളുടെയും , കഠിനാധ്വാനത്തിന്റെയും പരിസാമാപ്‌തിയായ ഇടവക പ്രഖ്യാപനം തിരി തെളിക്കൽ കർമ്മത്തിലൂടെയാണ് ആരംഭിച്ചത് .
തുടർന്ന് രൂപത ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി ഇടവക പ്രഖ്യാപനം സംബന്ധിച്ച ഡിക്രി വായിക്കുകയും അഭിവന്ദ്യ പിതാവ് വൈദികരും,കൈക്കാരന്മാരും , ഭക്തസംഘടനകളുടെ നേതാക്കന്മാരും ഉൾപ്പടെ ഉള്ളവർക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള വചന സന്ദേശം മാർ ഫിലിപ്പ് ഈഗ ൻ നൽകി .സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങളും , വിശ്വാസാനു ഷ്‌ഠാനങ്ങളും ഏറ്റവും നന്നായി കാത്തു പരിപാലിക്കുകയും തുടരുകയും ചെയ്യണമെന്ന് അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .
തുടർന്ന് ആഘോഷമായ പ്രദിക്ഷിണം നടന്നു . തുടർന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പോര്ടസ്‌മൗത്ത് രൂപതയും , രൂപതാധ്യക്ഷനും ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് നൽകുന്ന വലിയ പിന്തുണക്കും , പ്രാർഥനകൾക്കും പ്രത്യേകം നന്ദി അർപ്പിക്കുകയും വചന സന്ദേശത്തിൽ അഭിവന്ദ്യ ഫിലിപ്പ് പിതാവ് നൽകിയ സന്ദേശത്തിൽ പറഞ്ഞതുപോലെ സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങളെ സ്നേഹിക്കുവാനും അതിനെ മുറുകെ പിടിക്കുവാനും , പ്രാവർത്തികമാക്കുവാനും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.
ആയിരത്തോളം ആളുകൾ പങ്കെടുത്ത കർമ്മങ്ങൾ സ്നേഹ വിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത് . നൂറ്റിപത്തോളം പ്രസുദേന്തിമാർ ആണ് തിരുന്നാൾ കർമ്മങ്ങൾ ഏറ്റെടുത്ത് നടത്തിയത് . മിഷൻ ഡയറക്ടർ ഫാ ജിനോ അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാരായ ബൈജു മാണി , മോനിച്ചൻ തോമസ്, ജിതിൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് .
Leave a Reply