സുനിൽ മാത്യു മണലിൽ

2019 ഡിസംബർ 26 ന് രാവിലെ 8 മണിമുതൽ 11 മണിവരെ നടക്കുന്ന ആകാശ പ്രതിഭാസം- സൂര്യഗ്രഹണം- കാണുവാനുള്ള അപൂർവ ഭാഗ്യം വന്നുചേർന്നിരിക്കുന്നു.

സൂര്യനും സൂര്യന് ചുറ്റും കറങ്ങി ക്കൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയും അതിനെ ചുറ്റുന്ന ചന്ദ്രനും ചേർന്ന് ഒരുക്കുന്ന പ്രതിഭാസം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമുണർത്തുന്നതാണ്. ഈ അവസരം നഷ്ടപ്പെടുത്തരുത്.

സൂര്യനും ഭൂമിയ്ക്കും ഇടയിലേക്ക് ചന്ദ്രൻ കടന്നു വന്ന് സൂര്യ ബിംബത്തെ മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.

സാധാരണ പകൽ സമയത്ത് നമുക്ക് കാണാൻ പറ്റുന്ന ഏക നക്ഷത്രം സൂര്യനാണ്. എന്നാൽ സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്റെ നിഴൽ സൂര്യ ബിംബത്തെ മായ്ക്കുന്നതിനാൽ പകൽസമയത്ത് ആകാശത്തിലെ പല നക്ഷത്രങ്ങളെയും കാണുവാൻ സാധിക്കുന്നു.

ചന്ദ്രനെക്കാൾ 400 മടങ്ങ് വലുപ്പം സൂര്യനുണ്ട്. അതുപോലെ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 400 ഇരട്ടിയാണ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഏതാണ്ട് ഒരേ വലിപ്പം ആണെന്ന് നമുക്ക് തോന്നാനുള്ള കാരണം ഈ സാമ്യതയാണ്. അതുകൊണ്ടുതന്നെ സൂര്യ ബിംബത്തെ പൂർണ്ണമായി മറച്ചുകൊണ്ട് ഭൂമിയിൽ നിഴൽ ഉണ്ടാകാൻ ചന്ദ്രന് സാധിക്കുന്നു. സൂര്യബിംബത്തെ ചന്ദ്രൻ പൂർണമായി മറയ്ക്കുമ്പോൾ ഭൂമിയിൽ നിഴലുണ്ടാകുന്ന പ്രതിഭാസമാണല്ലോ പൂർണ്ണ സൂര്യഗ്രഹണം (Total Solar Eclipse ).

ചന്ദ്രൻ ഭൂമിക്കു ചുറ്റും ദീർഘ വൃത്താകൃതിയിലാണ് സഞ്ചരിക്കുന്നത്. എല്ലാ മാസവും നിശ്ചിത സമയത്ത് ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കും. അതുകൊണ്ടുതന്നെ സൂര്യ ബിംബത്തെ പൂർണമായി മറയ്ക്കുവാൻ ചന്ദ്രന് സാധിക്കില്ല. ഈ സന്ദർഭത്തിൽ ചന്ദ്രന് ചുറ്റും ഒരു മോതിരത്തിന്റെ ആകൃതിയിൽ സൂര്യന്റെ തീവലയം(ring of fire ) നമുക്ക് കാണാം. ഇതിനെ വലയഗ്രഹണം എന്ന് വിളിക്കുന്നു. വലയ ഗ്രഹണ സമയത്തു സൂര്യ ബിംബത്തിന്റെ മദ്ധ്യഭാഗം ചന്ദ്രൻ മറച്ചിരിക്കുന്നതായും സൂര്യന്റെ ബാഹ്യഭാഗം ഒരു തീവളയം പോലെ കാണപ്പെടുകയും ചെയ്യും.

2019 ഡിസംബർ 26 സൂര്യഗ്രഹണം ഒരു വലയഗ്രഹണം ( annular eclipse) ആയിരിക്കും.

സാധാരണഗതിയിൽ ധനു, മകരം മാസങ്ങളിൽ ആണ് ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അടുത്തായിരിക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യന് അസാധാരണ വലിപ്പം ഉള്ളതായി നമുക്ക് തോന്നും. ഈ സമയത്താണ് ഭൂമിയിൽനിന്ന് ഏറ്റവും അകലെ കൂടി ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലേയ്ക്ക് കയറി വന്നു കൊണ്ട് വലയ ഗ്രഹണം സൃഷ്ടിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ ഒരിക്കലും നോക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. സൂര്യഗ്രഹണവും നേരിട്ട് കാണാൻ ശ്രമിക്കരുത്. കണ്ണുകളെ സാരമായി ബാധിക്കും. വിശ്വസ്തരായ കമ്പനികൾ പുറത്തിറക്കുന്ന സൗരക്കണ്ണട ഉപയോഗിക്കാവുന്നതാണ്. എന്നാൽ കൂളിങ് ഗ്ലാസ്, ചാണകവെള്ളം, വെൽഡിംഗ് കണ്ണട, കളർ ഷീറ്റുകൾ എന്നിവ ഉപയോഗിക്കരുത്. സോളാർ ഫിൽറ്ററുകൾ ഘടിപ്പിച്ചു മാത്രമേ ടെലിസ്കോപ്പ്, ബൈനോക്കുലറുകൾ തുടങ്ങിയവയിലൂടെ സൂര്യഗ്രഹണം വീക്ഷിക്കാവു.

ഏറ്റവും നല്ല രീതി രണ്ട് കാർഡ് ബോർഡുകൾ ഉപയോഗിക്കുന്നതാണ്. ഒരു സ്റ്റാൻഡിൽ കാർഡ് ബോർഡ് ഘടിപ്പിക്കുക. അതിൽ ഒരു സുഷിരം ഇടുക. അതിലൂടെ സൂര്യപ്രകാശത്തെ മറ്റൊരു കാർഡ് ബോർഡിൽ പതിപ്പിക്കുക. സൂര്യബിംബത്തിനു എതിർദിശയിൽ വേണം ഇവ വയ്ക്കുവാൻ. സൂര്യനെ നോക്കാനേ പാടില്ല.

യുഎഇ, സൗദി, ഖത്തർ, ഒമാൻ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഡിസംബർ 26ലെ സൂര്യഗ്രഹണം ദൃശ്യമാണ്. ഇന്ത്യയിൽ മംഗലാപുരം, കാസർഗോഡ്, കൽപ്പറ്റ, തലശ്ശേരി, കോഴിക്കോട്, ഊട്ടി, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, ഡിണ്ടിഗൽ, ട്രിച്ചി എന്നിവിടങ്ങളിലാണ് വലയ ഗ്രഹണം വ്യക്തമായി കാണാൻ സാധിക്കുന്നത്.

മധ്യതിരുവിതാംകൂറിൽ സൂര്യഗ്രഹണം എങ്ങനെ ആയിരിക്കുമെന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

പ്രപഞ്ചത്തിലെ അതി മനോഹര കാഴ്ച കാണുവാൻ മടിക്കരുത്, ആസ്വദിച്ച് തന്നെ കാണൂ.

സുനിൽ മാത്യു മണലിൽ
അമച്വർ അസ്ട്രോണമർ
9961993580