ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങൾ നിരാശജനകമാണെന്ന് ഭൂരിപക്ഷം യു കെ മലയാളികളും അഭിപ്രായപ്പെട്ടു. മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടിൽ നിന്ന് 10.42 പൗണ്ടായി ഉയർത്തിയതും പണപെരുപ്പത്തിന് അനുപാതികമായി പെൻഷനും വൈകല്യമുള്ളവർക്കുള്ള ആനുകൂല്യങ്ങളും 10.1 ശതമാനമായി ഉയർത്തിയതുമാണ് ജനോപകാരപ്രദമായി പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ എടുത്തു പറയാവുന്ന നടപടി. എന്നാൽ മിനിമം വേതന വർദ്ധനവിനായി ഉൾപ്പെടുത്തിയ പ്രായപരിധി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളി വിദ്യാർഥികൾക്കും തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്. മിനിമം വേതന വർദ്ധനവിന്റെ ആനുകൂല്യം നിലവിൽ ലഭ്യമാകുക 23 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ്. ബിരുദ പഠനത്തിനായി യുകെയിലെത്തുന്ന മിക്ക മലയാളി വിദ്യാർഥികളും 23 വയസ്സിന് താഴെയുള്ളവരാണ് .

പണപ്പെരുപ്പത്തിനും ജീവിത ചെലവുകൾ ഉയർന്നതിനും ആനുപാതികമായ ശമ്പള വർദ്ധനവാണ് യുകെയിലെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നത് . യുകെ മലയാളി സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി സമരത്തിനൊരുങ്ങുകയാണ് നേഴ്സുമാരുടെ യൂണിയനുകൾ . സമരത്തിനൊരുങ്ങുന്ന വിവിധ വിഭാഗങ്ങളിലെ യൂണിയനുകളെ ഒരുതരത്തിലും പരിഗണിക്കുന്ന പ്രഖ്യാപനമല്ല ചാൻസിലർ ജെറമി ഹണ്ടിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പൊതുവേയുള്ള നിരീക്ഷണം.

സാധാരണ ഒരു ഫാമിലിക്ക് എനർജി ബിൽ 2500 പൗണ്ടിൽ നിന്ന് 3000 ത്തിൽ കൂടുമെന്ന ചാൻസിലറിന്റെ പ്രഖ്യാപനം ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാർക്ക് ഇരുട്ടടിയാകും. ലിസ് ട്രസ് സർക്കാർ എനർജി ബിൽ 2500 പൗണ്ട് ആയി നിജപെടുത്തിയതിനെയാണ് പുതിയ സർക്കാർ വെട്ടി നിരത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേഴ്സുമാർക്ക് പുറമേ രാജ്യത്തെ 126 മേഖലകളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഉൾപ്പെടുന്ന പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസ് യൂണിയൻ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെയാണ് പുതിയതായി ഡിസംബറിൽ 6 ദിവസം റോയൽ മെയിൽ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറിൽ പ്രഖ്യാപിച്ചിരുന്ന 4 ദിവസത്തെ സമരത്തിന് പുറമെയാണിത് . ചാൻസിലർ ജെറമി ഹണ്ട് പാർലമെൻറിൽ നടത്തിയ പല പ്രഖ്യാപനങ്ങളും എരുതീയിൽ എണ്ണയൊഴിക്കുന്നതാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ലിസ് ട്രസിന്റെ രാജിയും ഇന്ത്യൻ വംശജനായ മുൻ ചാൻസിലർ റിഷി സുനകിന്റെ പ്രധാനമന്ത്രിയായുള്ള സ്ഥാനാരോഹണത്തെയും വൻ ഹർഷരോവത്തോടെയാണ് യുകെയിലെ സാമ്പത്തിക മേഖലയും വിപണിയും വരവേറ്റത്. റിഷി സുനക് പ്രധാനമന്ത്രിയായത് പൗണ്ടിനും ഉത്തേജനം നൽകിയത് യുകെ മലയാളികൾക്ക് ആശ്വാസമായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പു കുത്തിയ അവസ്ഥയിൽ രോഗമറിയുന്ന ചികിത്സയാണ് ചാൻസിലർ ജെറമി ഹണ്ട് നടത്തിയതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

2025 കാലഘട്ടത്തിൽ രാജ്യത്ത് നിരത്തിലോടുന്ന നല്ലൊരു ശതമാനം വാഹനങ്ങളും വൈദ്യുതി ഇന്ധനമായി ഉപയോഗിക്കുന്നവയായിരുക്കും. ഈ സാഹചര്യത്തിൽ 2025 മുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയത് രാജ്യത്തെ വികസനപ്രക്രിയയ്ക്ക് ആവശ്യമാണെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട് .