അഭിപ്രായ സർവേകളെയും എക്സിറ്റ് പോളുകളെയും മാധ്യമപ്രവചനങ്ങളെയും അമ്പേ പരാജയപ്പെടുത്തുന്നതാണ് ഇന്ത്യയുടെ ലോക്സഭ ഇലക്ഷൻ ഫലം. പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും മുഴങ്ങി കേട്ടത് മോദി തരംഗം ഇന്ത്യയിൽ തുടരുമെന്നതാണ്. പക്ഷേ ചർച്ചകളിലും പ്രവചനങ്ങളിലും ബിജെപിയെ പിന്താങ്ങിയ രാഷ്ട്രീയ നിരീക്ഷകർ ഇന്ത്യയുടെ മനസ്സ് വായിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടതാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ടത്.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിൽ വന്നേക്കാം. ഇനി തിളക്കം മങ്ങിയ മോദി മറ്റൊരു നേതാവിനു വേണ്ടി വഴിമാറുമോ എന്നതും കണ്ടറിയേണ്ടതാണ്. കഴിഞ്ഞ 10 വർഷത്തെ അധികാരത്തിന്റെ നാൾ വഴികളിൽ ബിജെപി നടത്തിയ കുതിര കച്ചവടവും കോർപ്പറേറ്റ് പ്രീണനവും മത രാഷ്ട്രീയവും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ മനസ്സിൽ എത്രമാത്രം മുറിവുണ്ടാക്കി എന്നതിന്റെ നേർചിത്രമാണ് തിരഞ്ഞെടുപ്പ് ഫലം. ഈ ന്യൂസ് എഴുതുമ്പോൾ 293 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യാസഖ്യം 232 സീറ്റുകളിലും മറ്റുള്ളവർ 18 സീറ്റും നേടിയിട്ടുണ്ട്.
സാങ്കേതികമായി പറഞ്ഞാൽ എൻഡിഎ ഭൂരിപക്ഷം നേടി കഴിഞ്ഞു. എന്നാൽ 2019 ലെ 352 സീറ്റുകളിൽ നിന്ന് അവർ നേടിയ തിരിച്ചടി വളരെ വലുതാണ്. അതിനൊപ്പം കോൺഗ്രസിൻറെ തിരിച്ചുവരവ് ബിജെപി നയിക്കുന്ന എൻഡിഎയുടെ ഉറക്കം കെടുത്തും. കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷത്തെ പുച്ഛത്തോടെ സമീപിച്ചിരുന്ന ഏകാധിപത്യ പ്രവണതയൂടെ രാഷ്ട്രീയം ഇനി തുടർന്നാൽ ഭരണപക്ഷത്തിന്റെ നാമമാത്രമായ ഭൂരിപക്ഷം അവർക്ക് വിലങ്ങ് തടിയായേക്കും.
കേരളത്തിലെ രാഷ്ട്രീയ ചിത്രം യുഡിഎഫിന് അനുകൂലമാണെന്നത് ശരി വയ്ക്കുന്നതാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം. ഭരണപക്ഷമായ എൽഡിഎഫിന് വോട്ട് ബാങ്കുകളിൽ കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സിപിഎം ആരോപിക്കുന്നതു പോലെ കോൺഗ്രസുകാരുടെ വോട്ടുകളെക്കാൾ ഇടതുപക്ഷത്തിന്റെ വോട്ടുകളാണ് എൻഡിഎ മുന്നണിക്ക് പോയതെന്നാണ് കണക്കുകൾ കാണിക്കുന്നത്. എൽഡിഎഫിന്റെ പല സ്ഥാനാർത്ഥികളും മികച്ചവരായിരുന്നെങ്കിലും ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്ന് വേണം കരുതാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്ന ഒരു നഗ്ന യാഥാർത്ഥ്യമുണ്ട്. ജനമാണ് രാജാവ് അത് മറക്കുന്ന നേതാക്കൾക്ക് ഇന്നല്ലെങ്കിൽ നാളെ അടി തെറ്റും.
Leave a Reply