ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട അസ്ട്രാസെനക്ക കോവിഡ് വാക്സീൻ സ്വീകരിച്ച 50 ലക്ഷം ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്‌ഐഐ) കോവിഷീൽഡ് നിർമ്മിക്കുന്ന വാക്സീൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) അംഗീകരിക്കുന്നില്ല. ഡിജിറ്റൽ കോവിഡ് പാസ്‌പോർട്ടുകളിൽ ബാച്ച് നമ്പറുകൾ പരിശോധിക്കുമ്പോൾ ഈ വാക്സിൻ സ്വീകരിച്ച അവധിക്കാല യാത്രികരെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയേക്കാം. വാക്സിൻ പൂർത്തിയാക്കിയവർക്കാണ് യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഇവർക്ക് കൂടുതൽ പരിശോധനയോ ക്വാറന്റീനോ കൂടാതെ യൂറോപ്പിലൂടെ സഞ്ചരിക്കാൻ സാധിക്കും. ഫൈസർ-ബയോടെക്, മോഡേണ, ജോൺസൺ & ജോൺസൺ, യൂറോപ്പിൽ നിർമ്മിച്ച ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക വാക്സിൻ എന്നിവയ്ക്കാണ് നിലവിൽ ഇഎംഎ അംഗീകാരം ഉള്ളത്.
കോവിഷീൽഡ് വാക്സിന് ഇ.എം.എ അംഗീകാരം നൽകിയിട്ടില്ല. കാരണം അതിന്റെ ഇന്ത്യൻ നിർമ്മാതാക്കൾ യൂറോപ്പിൽ വാക്‌സിനായി ലൈസൻസ് ഇതുവരെ നേടിയിട്ടില്ല. ഇന്ത്യയിൽ നിർമിച്ച വാക്സീൻ ഫലപ്രദമാണെന്നല്ല, നിർമാതാക്കൾ ലൈസൻസ് നേടാത്തത് കാരണമാണ് അംഗീകാരം നഷ്ടമായത്. എന്നാൽ ഒൻപത് യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയോട് കോവിഷീൽഡ് വാക്സീൻ സ്വീകരിച്ച യാത്രക്കാരെ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഓസ്ട്രിയ, ജർമ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാന്റ്, അയർലൻഡ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ് എന്നിവ ഇ.എം.എയുടെ തീരുമാനത്തെ അവഗണിച്ചു. ഈയാഴ്ച ഇറ്റലിയിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നതിലുള്ള പ്രശ്നം താൻ ഉന്നയിച്ചെന്ന് മന്ത്രി സുബ്രഹ്മണ്യൻ ജയ്‌ശങ്കർ പറഞ്ഞു.
ആഫ്രിക്കയിൽ താമസിക്കുന്ന ആളുകൾക്ക് കോവിഷീൽഡ് വാക്സീൻ വ്യാപകമായി നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കുന്നില്ലെന്ന ഇഎംഎയുടെ തീരുമാനം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളോട് വിവേചനം കാണിക്കുന്നതുപോലെ ആണെന്ന് കോവാക് സ് പറഞ്ഞു. ഇത് ആഗോള വാക്സിൻ വിഭജനം വർദ്ധിപ്പിക്കുകയും കോവിഡ് -19 വാക്സിനുകളുടെ വിതരണത്തിൽ നാം ഇതിനകം കണ്ട അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇന്ത്യൻ നിർമിത വാക്സീനിൽ എത്ര ഡോസുകൾ യുകെയിൽ നൽകിയിട്ടുണ്ടെന്ന് കൃത്യമായി പറയാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചെങ്കിലും 2021 ൽ അമ്പത് ലക്ഷം ഇറക്കുമതി ചെയ്തിരുന്നു.
Leave a Reply