ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒരു ലക്ഷത്തിൽ പരം നേഴ്സുമാർ സമര രംഗത്ത് ഇറങ്ങിയതിന്റെ ഞെട്ടലിലാണ് യുകെയിലെ ഭരണനേതൃത്വം . എൻ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന്റെ അലയൊലികൾ യുകെയിൽ മാത്രമല്ല യൂറോപ്പിലും മറ്റ് ലോകരാജ്യങ്ങളിലേയക്കും എത്തിയിരിക്കുന്നു. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിലെ പ്രതിഫലമാണ് നേഴ്സിങ് മേഖലയിൽ ഏറ്റവും കുറവ്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജർമ്മനി തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളിലെയും നേഴ്സുമാരുടെ പ്രതിഫലം യുകെയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് ആയിരക്കണക്കിന് പൗണ്ട് ചിലവഴിച്ച് ഇന്ത്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്ത് യുകെയിലെത്തിക്കുമ്പോഴും അതിൽ നിന്ന് പകുതിയോളം ആൾക്കാർ ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡിന് ശേഷം യുകെ നേരിടുന്ന സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും ജീവിത ചിലവുകളിൽ കടുത്ത വർദ്ധനവിനാണ് കാരണമായിരിക്കുന്നത്. റഷ്യ ഉക്രൈൻ യുദ്ധം എനർജി ബില്ലുകൾ പരിധിയില്ലാതെ ഉയരാനും കാരണമായി. ഇപ്പോൾ തന്നെ ഒരു സാധാരണ യുകെ ഫാമിലിക്ക് മാസംതോറും 300 പൗണ്ടിലധികമാണ് എനർജി ബില്ലിനായി ചിലവഴിക്കേണ്ടതായി വരുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായ ശമ്പള വർദ്ധനവിനു വേണ്ടിയാണ് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ സമരമുഖത്തിറങ്ങിയിരിക്കുന്നത്.

എന്നാൽ നേഴ്സുമാരുടെ സമരത്തിന് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഫലപ്രദമായ ചർച്ചകൾക്കോ പ്രശ്നപരിഹാരത്തിനോ അധികാരികൾ മുന്നോട്ടു വന്നിട്ടില്ലന്നതാണ് സത്യം. എക്കണോമിക് കോപ്പറേറ്റീവ് ആൻഡ് ഡെവലപ്മെൻറ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2010 – 2019 കാലയളവിൽ യുകെയിലെ നേഴ്സുമാരുടെ ശമ്പളം 10% വർധിച്ചെങ്കിലും പണപ്പെരുപ്പം മൂലം യഥാർത്ഥ ശമ്പള വർദ്ധനവ് വെറും 6% മാത്രമാണ്. നേഴ്സുമാരുടെ ശമ്പളത്തിന്റെ കാര്യത്തിൽ സമര കൊടുങ്കാറ്റ് ആഞ്ഞ് വീശിയ രാജ്യം യുകെ മാത്രമല്ല . സ്പെയിനിൽ അടിയന്തര സേവനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ നവംബറിൽ പണി മുടക്കിയിരുന്നു. ഫ്രാൻസിൽ സമാന ആവശ്യവുമായി ജൂണിൽ ആരോഗ്യ പ്രവർത്തകർ തെരുവിലിറങ്ങി കടുത്ത പ്രതിഷേധമാണ് നടത്തിയത് . ജർമ്മനിയിലെയും തുർക്കിയിലെയും ആരോഗ്യ പ്രവർത്തകരും മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകൾക്കായി ഈ വർഷം സമരമുഖത്തിറങ്ങിയിരുന്നു.