ജോൺ കുറിഞ്ഞിരപ്പള്ളി
മഴ പെയ്യുന്നു.
പാതി തുറന്നു കിടന്നിരുന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി സജി കിടന്നു. മഴയുടെ പുകമറയിൽ പുറംകാഴ്ചകൾ മങ്ങുന്നു. നൂലുകളായി നിശബ്ദമായി പെയ്യുന്ന മഴപോലെ എന്തോ ഒന്ന് ഉള്ളിലും പെയ്യുന്നു.
ഒരു അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എല്ലാ അപകടങ്ങളും അപ്രതീക്ഷിതമാണ്. മദ്യപിച്ചിട്ടുണ്ടെങ്കിൽ അപകട കാരണം അത് മാത്രമാണ് എന്ന് എല്ലാവരും ഉറപ്പിക്കും, മറ്റൊന്നും ആരും വിശ്വസിക്കില്ല.
ജോലികഴിഞ്ഞു വർക്ക് സൈറ്റിൽ നിന്നും വരുമ്പോൾ വെള്ളിയാഴ്ചകളിൽ ജോലിസ്ഥലത്തിനടുത്തുള്ള ബാറിൽ കൂട്ടുകാരോട് ഒന്നിച്ച് രണ്ട് പെഗ്ഗ് കഴിക്കുന്നത് എത്രയോകാലമായി ഉള്ള ഒരു ശീലമായിരുന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രകളിൽ അതൊരു പ്രശ് നമായി തോന്നിയിരുന്നില്ല.
ചിരപരിചിതമായ റോഡിൽ കാർ ഒരു ഹമ്പിൽ കയറി. പിന്നെ എന്താണ് സംഭവിച്ചത് എന്നറിയില്ല . റോഡരുകിൽ ഉണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കാർ തകർന്നുപോയി എന്നാണ് റോഷൻ പറഞ്ഞത്. ഒന്നും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല.
മഴവെള്ളം നിറഞ്ഞ റോഡിലെ കുഴികൾ കാണാതെപോയിരിക്കാം.
അപകടം നടക്കുമ്പോൾ റോഡ് വിജനമായിരുന്നു. വേറെ വാഹനങ്ങൾ അടുത്തെങ്ങും ഇല്ലാതിരുന്നത് അനുഗ്രഹമായി. അതുകൊണ്ട് പിറകിൽ വരുന്ന വാഹനങ്ങളുമായി ഒരു കൂട്ടിയിടി ഒഴിവായി എന്ന് ആശ്വസിക്കാം.
രാത്രി പത്തുമണിയായിരുന്നെങ്കിലും അപകടം നടന്നത് ഒരാൾ കണ്ടതുകൊണ്ട് ചോര വാർന്ന് റോഡിൽ അധികസമയം കിടക്കേണ്ടിവന്നില്ല.
കണ്ണ് തുറക്കുമ്പോൾ സജി ഹോസ്പിറ്റലിൽ ഐ .സി.യു വിൽ കിടക്കുകയായിരുന്നു. ഉത്കണ്ഠ നിറഞ്ഞ മുഖവുമായി ബന്ധുക്കൾ പുറത്ത് കാവൽ നിൽക്കുന്നുണ്ടാകും എന്നത് ഉറപ്പാണ്. ബിന്ദുവിന് മുഖം കൊടുക്കാനാണ് വിഷമം.
രണ്ടാഴ്ചത്തെ ആശുപത്രി ജീവിതം കഴിഞ്ഞപ്പോഴേക്കും ഏതുവിധേനയും ഫ്ലാറ്റിൽ എത്തണമെന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.
ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോൾ ഒരു വല്ലാത്ത അപരിചിതത്വം അനുഭവപ്പെടുവാൻ തുടങ്ങി.
ഇത് താനല്ല, വേറെ ആരോ ആണ് എന്നെല്ലാം സജിക്ക് തോന്നിത്തുടങ്ങി. ഒരിക്കൽ ബിന്ദുവിനോട് ചോദിക്കുകയും ചെയ്തു,”ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ ആൾ മാറിപ്പോയതാണോ”,എന്ന്.
ഭാഗ്യം കൊണ്ട് ചോദ്യം അവൾക്ക് മനസ്സിലായില്ല, ചിലപ്പോൾ അവഗണിച്ചതും ആകാം.
നിറം മങ്ങിയ കാഴ്ചകൾ മനസ്സിനെ മടുപ്പിച്ചു, ആവർത്തനവിരസമായ നിർജ്ജീവമായ ദിവസങ്ങൾ കടന്നുപോയ് ക്കൊണ്ടിരുന്നു. തൻ്റെ മനസ്സിൻറെ താളം തെറ്റുകയാണോ എന്ന് സജിക്ക് തോന്നി ത്തുടങ്ങിയിരുന്നു.
ബിന്ദു, അധികം പരാതികൾ ഒന്നും ഇല്ലാതെ ഹോസ്പിറ്റലിലും വീട്ടിലും ജോലിസ്ഥലത്തും എല്ലാം ഓടി നടന്നു. ഇപ്പോൾ അവൾ തളർന്നിരിക്കും എന്നത് ഉറപ്പാണ്. ഒന്നും പറയുന്നില്ലെങ്കിലും മുഖത്തുനോക്കുമ്പോൾ അറിയാം, അവൾക്ക് എത്രമാത്രം ടെൻഷനുണ്ട് എന്ന്.
“നാളെ കുട്ടികളുടെ പരീക്ഷ ആരംഭിക്കുകയാണ്.എക്സാമിനേഷൻ ഡ്യൂട്ടി ഉള്ളതുകൊണ്ട് പോകാതിരിക്കാൻ പറ്റില്ല.” അവൾ പറഞ്ഞു.
അത്യാവശ്യം കാര്യങ്ങൾ തനിച്ചു് ചെയ്യാം എന്ന് തോന്നുന്നു. അവളെ വിഷമിപ്പിക്കേണ്ട എന്നുകരുതി സമാധാനിപ്പിച്ചു. അല്ലെങ്കിൽത്തന്നെ എത്ര ദിവസം ഈ രീതിയിൽ മുൻപോട്ടു പോകാൻ കഴിയും.?
കട്ടിലിന് അടുത്തുകിടന്നിരുന്ന മേശയിൽ ബ്രേക്ക് ഫാസ്റ്റ് ,ഓരോസമയത്തും കഴിക്കാനുള്ള മരുന്നുകൾ, കുടിക്കാൻ വെള്ളം എല്ലാം ബിന്ദു തയാറാക്കി വച്ചിട്ടുണ്ട്.
“മരുന്ന് സമയത്തിന് കഴിക്കണേ. റോഷൻ ഒരാഴ്ച അവധിയിലാണ് എന്നാണ് പറഞ്ഞത്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോ,എന്ന് പറഞ്ഞിട്ടുണ്ട്.”
“ഉം”.
അവൾ തിരക്കിട്ട് ഇറങ്ങി.
അടുത്ത ഫ്ളാറ്റിലെ താമസക്കാരനും സുഹൃത്തുമാണ് റോഷൻ. സഹായത്തിനായി വിളിച്ചാൽ ഒരു മടിയുമില്ലാതെ ഓടിവരും.
തുറന്നുകിടന്നിരുന്ന ജനാലയിലൂടെ തണുത്തകാറ്റ് വീശുന്നുണ്ടെങ്കിലും സജിക്ക് വല്ലാത്ത ചൂട് അനുഭവപ്പെട്ടു.
കറങ്ങുന്ന സീലിംഗ് ഫാനിൽ നോക്കി ഇനി എത്ര സമയം വേണമെങ്കിലും വെറുതെ കിടക്കാം. ഭിത്തിയിൽ ഉറപ്പിച്ചിരുന്ന ക്ലോക്കിൽ സമയം പിന്നിലേക്കാണ് ഓടുന്നത് എന്ന് തോന്നും.
മേശപ്പുറത്ത് ഇരിക്കുന്ന ചായ തണുത്തുപോകും. ചായ ഗ്ലാസ്സ് കൈ എത്തുന്ന ദൂരത്തിലാണ്.എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിൽ ചാരി വച്ചിരുന്ന വാക്കിങ് സ്റ്റിക്ക് കയ്യ് തട്ടി താഴേക്കു വീണു. വലത് കാൽ പ്ളാസ്റ്ററിലും ഇടതു കൈ ബാൻഡേജിലും ആയിരുന്നതുകൊണ്ട് എഴുന്നേൽക്കുവാൻ പ്രയാസമാണ്.
ഡോർ ബെൽ മുഴങ്ങി. ചാരി ഇട്ടിരുന്ന വാതിൽ പതിയെ തുറന്ന് റോഷൻ അകത്തേക്ക് വന്നു.
അഞ്ചോ ആറോ വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടി അയാളുടെ കൈപിടിച്ച് ഒപ്പം ഉണ്ട്.
“എങ്ങനെയുണ്ട് സുഖവാസം?”
സജി വെറുതെ ചിരിച്ചു.
പെൺകുട്ടി റോഷൻറെ മറവിൽ നിന്ന് അയാളെ സൂക്ഷിച്ചു നോക്കി. കുസൃതി നിറച്ച അവളുടെ ചിരിയും ആ ഒളിഞ്ഞുനോട്ടവും കൗതുകം ഉണർത്തുന്നതായിരുന്നു. അവളെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല,.
“ഇത് ആരാ ഈ രാജകുമാരി?”
“ബാംഗ്ലൂരിലെ അനിയത്തിയുടെ കുട്ടിയാണ്, വെക്കേഷനല്ലേ? ഞാൻ കഴിഞ്ഞ ആഴ്ച ബാംഗ്ലൂർ പോയിരുന്നു മടങ്ങിയപ്പോൾ കൂടെക്കൂട്ടി.”
അവൾ അയാളെ നോക്കി ചിരിച്ചു. റോഷൻറെ കയ്യിലെ പിടിവിട്ട് അവൾ മുറിയിൽ ആകമാനം കണ്ണോടിച്ചു..
“എന്താ മോളുടെ പേര്?”
അവൾ അത് കേട്ടതായി ഭാവിച്ചതേയില്ല..അവളുടെ ശ്രദ്ധ ഫാനിൻ്റെ കാറ്റിൽ റൂമിൽ പറന്ന് നടക്കുന്ന ടിഷ്യു പേപ്പറിൽ ആയിരുന്നു.
അവൾ നിലത്തു പറന്നു കളിക്കുന്ന ടിഷ്യു പേപ്പറിൻ്റെ പുറകെ അല്പസമയം ഓടി. പിന്നെ അതെടുത്ത് വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. അവിടെ കിടന്നിരുന്ന ഒരു സ്റ്റൂൾ വലിച്ചുകൊണ്ടുവന്നു. അതിൽ കയറി ഫാനിൻ്റെ വേഗത കുറച്ചു. ബിന്ദു മേശപ്പുറത്തു മൂടിവച്ചിരുന്ന ചായ ഗ്ലാസ്സിൽ അവളുടെ ശ്രദ്ധ പതിഞ്ഞു. ചായ ഗ്ലാസ് എടുത്തുകൊണ്ടുവന്ന് അയാൾക്ക് കൊടുത്തു.
ചിരി അടക്കി അയാൾ അത് വാങ്ങി.
ചായകുടിച്ചു കഴിഞ്ഞപ്പോൾ മേശപുറത്തുനിന്നും മുഖം തുടക്കാൻ ഒരു ടിഷ്യുപേപ്പർ എടുത്തുകൊണ്ടുവന്ന് സജിക്ക് കൊടുത്തു. കുടിച്ചുകഴിഞ്ഞ ചായ ഗ്ലാസ്സ് വാങ്ങി തിരികെ മേശപ്പുറത്തു വച്ചു..
ഇതൊന്നും ശ്രദ്ധിക്കാതെ റോഷൻ അപകടത്തെക്കുറിച്ചും ഇൻഷുറൻസിനെക്കുറിച്ചുമെല്ലാം എന്തെല്ലാമോ ചോദിക്കുകയും വിശദീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.സംസാരത്തിനൊത്തു മൂളുകയും തലകുലുക്കുകയും ചെയ്യുന്നെണ്ടെങ്കിലും സജിയുടെ ശ്രദ്ധ ആ സുന്ദരിക്കുട്ടിയിലായിരുന്നു. മനോഹരമായ ഒരു നൃത്തംപോലെ താളത്തിലാണ് അവളുടെ നടത്തം.
കുസൃതി നിറഞ്ഞ അവളുടെ മുഖത്ത് എപ്പോഴും ഒരു മന്ദഹാസം ഒട്ടി പിടിച്ചിരിക്കുന്നു.ജീൻസിൻ്റെ പോക്കറ്റിൽ ഇടക്കിടക്ക് കയ്യിട്ട് എന്തോ ഒന്ന് അവിടെ ഉണ്ട് എന്നുറപ്പ് വരുത്തുന്നുണ്ട്.
കയ്യിൽ ഒരു കരിവളയും കഴുത്തിൽ കിടക്കുന്ന ഒരു നേരിയ മാലയും അവൾക്ക് നന്നായി ചേരുന്നുണ്ട്.ചുരുണ്ട മുടിയിഴകൾ ഒരു റബ്ബർ ബാൻഡ് കൊണ്ട് മുകളിലേക്ക് കെട്ടി വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.
സജി ശ്രദ്ധിക്കുന്നതുമനസ്സിലാക്കിയ അവൾ കണ്ണിറുക്കി തല ചെരിച്ചുപിടിച്ചു ചിരിച്ചുകാണിച്ചു.
പതുക്കെ സജിയുടെ അടുത്തുവന്നു.കാലിൽ ഇട്ടിരുന്ന പ്ലാസ്റ്ററിൽ മേശപ്പുറത്തിരുന്ന പേനകൊണ്ട് കുത്തി വരച്ചു.
ബിന്ദു മേശപ്പുറത്തുവച്ചിരുന്ന ഗുളികകളും ഒരു ഗ്ലാസിൽ വെള്ളവുമെടുത്തു സജിയുടെ അടുത്തേക്ക് വന്നു. ക്ളോക്കിൽ നോക്കി സജി പറഞ്ഞു, “സമയം ആയിട്ടില്ല, പന്ത്രണ്ടുമണിക്ക്.”
അവൾക്ക് അയാൾ പറഞ്ഞത് മനസ്സിലായില്ലെന്ന് വ്യക്തമായിരുന്നു..സജി വാച്ചിൽ തൊട്ട് സമയംകാണിച്ചുകൊടുത്തു, പന്ത്രണ്ടുമണി .
റോഷൻ പറഞ്ഞു,”ഇത്ര വേഗം നിങ്ങൾ ഫ്രണ്ട്സ് ആയോ? ഒരു നിമിഷം ഇവൾ അടങ്ങിയിരിക്കില്ല.”
സജി വെറുതെ ചിരിച്ചു.
“ഞാൻ ഒരാഴ്ച ഫ്രീയാണ്. സജിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ.”.
റോഷൻ പോകാനായി എഴുന്നേറ്റു..
“എന്നാൽ ശരി മാഷേ ,ടേക്ക് കെയർ.”
“ഒക്കെ .”
“മോളേ, നമുക്ക് പോകാം.”
റോഷൻറെ കൂടെ പെൺകുട്ടിയും പോകാൻ തയ്യാറായി. അവൾ സജിയുടെ അടുത്തുവന്ന് പ്ലാസ്റ്റർ ഇട്ടിരിക്കുന്ന കാലിലും ബാൻഡേജ് ഇട്ട ഇടതുകൈയിലും തൊട്ടുനോക്കി,അയാളെ കണ്ണിറുക്കി കാണിച്ചു, ചിരിച്ചുകൊണ്ട് പുറത്തക്ക് ഓടി.
അവളുടെ കുസൃതികൾ ആസ്വദിച്ച് സജിയൊന്നു മയങ്ങി. സ്വപ്നങ്ങളിൽ അവൾ സജിയുടെ അടുത്തുവന്ന് കുസൃതികൾ കാണിച്ചു ചിരിപ്പിച്ചു.
ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ സജിക്ക് ഒരു വലിയ ഭാരം ഇറക്കിവച്ചതുപോലെ അനുഭവപ്പെട്ടു.
രണ്ടാംദിവസം
ജോലിക്ക് പോകുന്നതിനുമുമ്പ് കഴിക്കാനുള്ള ഭക്ഷണവും മരുന്നും കുടിക്കാനുള്ള വെള്ളവും എല്ലാം പതിവുപോലെ ബിന്ദു മേശപ്പുറത്തു ഒരുക്കി വച്ചിരുന്നു.
ഇഴഞ്ഞുനീങ്ങുന്ന വിരസമായ സമയത്തിൻ്റെ അസ്വസ്ഥതയിൽ സജി ഞെളിപിരികൊണ്ടു. ഇടയ്ക്കിടെ ക്ലോക്കിൽ നോക്കി, പതിയെ ചലിക്കുന്ന ക്ലോക്കിൻ്റെ സൂചിയെ ശപിച്ചു.
ഇന്ന് മഴയില്ല,ആകാശം തെളിഞ്ഞിരിക്കുന്നു.തുറന്നുകിടന്നിരുന്ന ജനൽ പാളികളിലൂടെ അകത്തേക്ക് വരുന്ന സൂര്യപ്രകാശത്തിൽ നേരിയ പൊടിപടലങ്ങൾ തീർത്ത മായാജാലക്കാഴ്ചകളിൽ കണ്ണുകൾ ഉടക്കി.പ്രകാശപാളികളിൽ വിചിത്രമായ രൂപങ്ങൾ തെളിയുകയും മറയുകയും ചെയ്യുന്നത് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സജി നോക്കികൊണ്ടിരുന്നു.
റോഷൻ വന്നിരുന്നെങ്കിൽ കുറച്ചു സമയം പോയികിട്ടുമായിരുന്നു
സമയം 8.30.
ഡോർ ബെൽ മുഴങ്ങി.ആരോ വാതിൽ തുറക്കുന്നു.വാതിൽപാളികളിൽ പിടിച്ചുകൊണ്ട് ,നിറഞ്ഞ ചിരിയുമായി അവൾ എത്തിനോക്കി
“ചക്കരേ, ഓടി വാ”.
നൃത്ത ചുവടുകളിൽ അവൾ അകത്തേക്ക് വന്നു. വരുന്നതിനിടയിൽ ഒരു രണ്ടു തവണയെങ്കിലും അവൾ വട്ടംകറങ്ങിയിട്ടുണ്ടാകും. കുട്ടി ഫ്രോക്കും ടീ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്.
“ചക്കരേ,നിൻറെ പേരെന്താ?”
അവൾ ചുണ്ടിൽ വിരൽ അമർത്തി,”ശ് ” എന്ന ഒരു ശബ്ദം കേൾപ്പിച്ചു.
“ശരി, ഞാൻ മിണ്ടുന്നില്ല.”
അവൾ മേശക്കരികിൽ ചെന്ന് കാലത്ത് കഴിക്കാനായി ബിന്ദു എടുത്തുവച്ചിരുന്ന ഗുളികകളും ഒരു ഗ്ലാസിൽ വെള്ളവും എടുത്ത് കൊണ്ടുവന്നു സജിക്ക് കൊടുത്തു. പിന്നെ മുഖം തുടക്കാനായി ഒരു ടിഷ്യു പേപ്പറും.
കിടക്കുന്ന കട്ടിലിനരികിലായി മടക്കിവച്ചിരുന്ന റോൾ സ്റ്റൂൾ അവളുടെ കണ്ണിൽ പെട്ടു.അത് എടുത്ത് നിവർത്തി വച്ചു. സജി ഒരുതരത്തിൽ എഴുന്നേറ്റ് അതിൽ കയറി ഇരുന്നു. പുറത്തിറങ്ങിയിട്ട് നാല് ദിവസങ്ങൾ കഴിഞ്ഞിരുന്നു.
തിരക്കിനിടയിൽ എങ്ങനെയാണ് ബിന്ദുവിനോട് പറയുക? അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു,
“ചക്കരെ,നിനക്ക് തള്ളിക്കൊണ്ടുപോകാൻ പറ്റുമോ?”.
സജി ഭിത്തിയുടെ സൈഡിൽ പിടിച്ചു അവളെ സഹായിച്ചു. അവൾ ബാൽക്കണിയിലേക്കുള്ള വാതിൽ പതുക്കെ തുറന്നു.
ബാൽക്കണിയിൽ നിന്നാൽ അങ്ങകലെ അഴിമുഖത്ത് നീങ്ങുന്ന ബോട്ടുകൾ കാണാം. ഈ ഫ്ലാറ്റ് വാങ്ങാൻ കാരണം തന്നെ ബാൽക്കണിയിൽ നിന്നുള്ള സുന്ദരമായ കാഴ്ചകൾ ആയിരുന്നു. അങ്ങകലെ കടലിലെ തിരമാലകളിലും കായലോരത്ത് നിരനിരയായി കാണുന്ന ചീനവലകളിലും എല്ലാം അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവൾ മാറി മാറി നോക്കിക്കൊണ്ടിരുന്നു. ബാംഗ്ലൂരിൽ താമസിക്കുന്ന കുട്ടിയല്ലേ, അവൾക്ക് ആ കാഴ്ചകൾ പുതുമയുള്ളതു തന്നെ.
അവർ രണ്ടുപേരും തങ്ങളുടേതായ ലോകത്തിലേക്ക് പിൻവലിഞ്ഞു.
സമയം പോയത് സജി അറിഞ്ഞതേയില്ല..
അവർ തിരിച്ചു റൂമിൽ വന്നപ്പോൾ തറയിൽ കിടന്നിരുന്ന ഏതാനും പുസ്തകങ്ങൾ അവളുടെ ശ്രദ്ധയിൽ പെട്ടു. ഫാനിൻറെ കാറ്റിൽ അവയുടെ പേജുകൾ മറിഞ്ഞുകൊണ്ടിരുന്നു. അവൾ അത് കൗതുകത്തോടെ അല്പസമയം നോക്കി നിന്നു. പിന്നെ എല്ലാം എടുത്ത് അലമാരയിൽ അടുക്കി വച്ചു.
ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയോടെ സജി അവളെ നോക്കി കട്ടിലിൽ കണ്ണടച്ചു ഉറക്കം നടിച്ചു കിടന്നു.
അവൾ അടുത്തുവന്ന് സജിയുടെ കൺപോളകൾ തുറന്നുനോക്കി കൊഞ്ഞനം കുത്തി. സജിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവൾ പുറത്തേക്ക് ഓടി,വാതിൽ സാവകാശം അടഞ്ഞു.
മനസ്സിൻറെ ഭാരം കുറഞ്ഞുകുറഞ്ഞു ഇളംകാറ്റിൽ പറന്നുനടക്കുന്ന ഒരു അപ്പൂപ്പൻ താടിയാണ് താൻ എന്ന് സജിക്ക് തോന്നി.
മൂന്നാം ദിവസം
സജി കൂടെക്കൂടെ ക്ലോക്കിൽ നോക്കികൊണ്ടിരുന്നു.
ഇന്ന് അവൾ വരുമോ എന്നറിയില്ല.
പതിവുപോലെ കൃത്യം 8.30 ന് ഡോർ ബെൽ ശബ്ദിച്ചു. ചിരിച്ചുകൊണ്ട് നൃത്തച്ചുവടുകളുമായി അവൾ വന്നു.
ഷോർട്സും ടീ ഷർട്ടും വേഷം. കയ്യിൽ എന്തോ ഒരു പാക്കറ്റ് ഉണ്ട് . നേരെവന്നു,അത് മേശപ്പുറത്തു വച്ചു . ക്ലോക്കിൽ നോക്കി മേശപ്പുറത്തുനിന്നും കഴിക്കാനുള്ള ടാബ്ലറ്റുകളും വെള്ളവും എടുത്തുസജിയുടെ അടുത്തേക്ക് വന്നു. അതു കൊടുത്തിട്ട് അവൾ റൂമിൽ ആകെ ഒന്നുകണ്ണോടിച്ചു. എല്ലാം വൃത്തിയായിരിക്കുന്നു,അവൾ കൈകൊട്ടി ചിരിച്ചുകൊണ്ട് മേശപുറത്തുവച്ചിരുന്ന പാക്കറ്റ് തുറന്ന് ഒരു നെയ്യപ്പം എടുത്ത് സജിയുടെ കൈയിൽ വച്ച് കൊടുത്തു. എന്നിട്ട് ആ പാക്കറ്റ് അയാളുടെ മുൻപിലേക്ക് നീക്കിവച്ചു.
പിന്നെ റോൾ സ്റ്റൂളിൽ അയാളെ പതുക്കെ തള്ളിക്കൊണ്ട് ബാൽക്കണിയിലേക്ക് പോയി. വിടർന്ന കണ്ണുകളോടെ നിശ്ശബ്ദയായി കായലോര കാഴ്ചകൾ നോക്കി അവൾ നിന്നു. ഒരു കൊച്ചുകുട്ടി ഏകാഗ്രതയോടെ കാഴ്ചകൾകണ്ട് അതിൽ ലയിച്ച് അങ്ങനെ നിൽക്കുന്നത് സജിയെ അത്ഭുതപ്പെടുത്താതിരുനില്ല.
സജിയെ തിരിച്ചു റൂമിൽ കൊണ്ടുവന്നശേഷം പോകാനായി തുടങ്ങിയ അവളെ അയാൾ സ്നേഹപൂർവ്വം ചേർത്ത് പിടിച്ചു. അവൾ അയാളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് കുസൃതിച്ചിരിയുമായി പുറത്തേക്ക് ഓടി, വാതിൽ അടഞ്ഞു.
നാലാം ദിവസം
തികച്ചും അക്ഷമനായി സജി ഒരു നൂറു തവണയെങ്കിലും ഇതിനോടകം ക്ലോക്കിലേക്ക് നോക്കിയിട്ടുണ്ട്. ഇന്ന് സമയം പതിവിലും ഇഴഞ്ഞാണ് നീങ്ങുന്നത്. കഴിഞ്ഞ എല്ലാ ദിവസങ്ങളിലെയും പതിവ് ഓർത്താൽ അവൾ കൃത്യം എട്ടരയ്ക്ക് വരും. ആ കുട്ടിയുടെ എനർജിയും പെരുമാറ്റവും എല്ലാം സജിയെ ഒരു മായിക ലോകത്തിൽ എത്തിച്ചിരുന്നു. സെക്കൻഡുകൾ മണിക്കൂറുകൾ പോലെ ഇഴയുന്നു. സമയം എട്ടു മുപ്പത്,കാളിങ് ബെൽ ശബ്ദിച്ചു.
അവൾക്ക് കൊടുക്കാനായി സൂക്ഷിച്ചുവച്ചിരുന്ന ചോക്ലറ്റ് സജി കയ്യിലെടുത്തു. അവൾക്ക് ഒരു സർപ്രൈസ് ആയിരിക്കും അത് . ബിന്ദുവിൻ്റെ സുഹൃത്തുക്കൾ കൊടുത്തയച്ച സ്വിസ്സ് ചോക്ളറ്റ് അവൾക്കുവേണ്ടി സൂക്ഷിച്ചു വച്ചിരുന്നതാണ്.
വാതിൽ പാളികൾ സാവകാശം തുറക്കപ്പെട്ടു. ഒരു നിമിഷം,റോഷൻ അകത്തേക്ക് വന്നു. കൂടെ അവൾ കാണാതിരിക്കില്ല. തന്നെ കബളിപ്പിക്കാൻ അവൾ മാറി നിൽക്കുകയായിരിക്കും, സജി വിചാരിച്ചു. റോഷൻ അകത്തുവന്നു സജിയുടെ അടുത്ത് ഒരു സ്റ്റൂൾ നീക്കിയിട്ട് ഇരുന്നു. സജി വീണ്ടും വീണ്ടും വീണ്ടും വാതിൽക്കലേക്ക് നോക്കി. ഇല്ല ആ കുട്ടി വന്നിട്ടില്ല.”മോൾ ..?”
“അവൾ പോയി “. റോഷൻ പറഞ്ഞു.
“എവിടേക്ക് ?”സജിയുടെ ശബ്ദത്തിൽ ഒരു വല്ലാത്ത ഉത്കണ്ഠ കലർന്നിരുന്നു.
“അവൾ ബാംഗ്ലൂരിലുള്ള അനുജത്തിയുടെ കുട്ടിയാണ് എന്ന് പറഞ്ഞിരുന്നല്ലോ.
സ്കൂൾ തുറക്കുകയല്ലേ? അവളെ കൂട്ടി ഞാൻ നാളെ ബാംഗ്ലൂർ പോകാനിരുന്നതാണ്. അപ്പോൾ അനിയത്തിക്ക് എറണാകുളം വരേണ്ട ആവശ്യംവന്നു. ഇനി എന്നെ ബുദ്ധിമുട്ടിക്കണ്ട എന്നുകരുതി മോളെയുംകൂട്ടി, അവർ മോർണിങ് ആറുമണിക്കത്തെ ബാംഗ്ലൂർ ഫ്ലൈറ്റിൽ പോയി.”
സജിക്ക് ആകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു…
“അവൾ പോകുന്നതിനുമുമ്പ് തന്നെ കാണണം എന്ന് വാശിപിടിച്ചുകരഞ്ഞു. കാലത്തു നാലുമണിക്ക് എങ്ങനെയാണ് സജിയെ വിളിച്ചെഴുന്നേല്പിക്കുക എന്ന് വിചാരിച്ചു,”
“എങ്കിലും വരാമായിരുന്നു.”
“സജിയോട് അവൾക്ക് വല്ലാത്ത ഒരു ഇഷ്ട്ടമായിരുന്നു. പാവം കുട്ടി………വിധി”
“മനസ്സിലായില്ല.അവൾക്ക് എന്തുപറ്റി?”
“സജി ,നീ ശ്രദ്ധിച്ചോ എന്ന് എനിക്കറിഞ്ഞുകൂട, അവൾക്ക് സംസാരിക്കാൻ കഴിയില്ല അവൾ ഊമയാണ്.”
ഒരു വല്ലാത്ത മരവിപ്പ് ദേഹമാസകലം പടരുന്നതുപോലെ………………..
അവൾക്ക് കൊടുക്കാനായി സജി കയ്യിൽ കരുതിയിരുന്ന ചോക്ലേറ്റ് ഞെരിഞ്ഞമർന്ന് കയ്യിലും മേശയിലും ദേഹത്തും പരന്നു.
ഉള്ളിൽ ഒരു പെരുമഴ പെയ്യുന്നു, കർക്കിടകമാസത്തിലെ കറുത്ത മഴ.
അവൾക്ക് സംസാരിക്കാൻ കഴിയില്ല എന്ന് ആർക്ക് പറയാൻ കഴിയും?
കഴിഞ്ഞ ദിവസങ്ങളിലെല്ലാം തമ്മിൽ സംസാരിക്കുക ആയിരുന്നില്ലേ?
കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
“സജി,എന്താണിത്? താൻ കരയുകയാണോ?”
പുറത്ത് മഴയുടെ താളം.
മഴനേർത്തു നേർത്തു നൂലുകളായി.
സ്വർണ്ണ നൂലുകൾ.
അവയിൽ അവളുടെ വർണ്ണചിത്രം തെളിഞ്ഞുവരുന്നു.
വളരെ നന്നായിരിയ്ക്കുന്നു.
വളരെ നന്നായിരിയ്ക്കുന്നു.