ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നാളുകളായി നടന്ന സമരത്തിനും ചർച്ചകൾക്കും ഒടുവിലാണ് സർക്കാരും യൂണിയൻ പ്രതിനിധികളുമായി ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ഒരു ഒത്തുതീർപ്പിലേക്ക് എത്തിയത്. കരാർ പ്രകാരം നേഴ്സുമാരും ആംബുലൻസ് ജീവനക്കാരും അടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെന്റായി നൽകുകയും ചെയ്യും. ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനം ഉരുതിരിഞ്ഞത്.
എന്നാൽ ശമ്പള വർദ്ധനവിന് അന്തിമാനുമതി ലഭിക്കണമെങ്കിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തി അഭിപ്രായ രൂപീകരണം നടത്തണം. ഇതിനുള്ള പ്രാരംഭ നടപടികളുമായി യൂണിയൻ മുന്നോട്ടു പോകുകയാണ്. ഈ സാഹചര്യത്തിൽ ശമ്പള കരാർ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഭൂരിപക്ഷ അംഗങ്ങളും ശമ്പള കരാറിനെ എതിർക്കുകയാണെങ്കിൽ യൂണിയനുകൾക്ക് സമരവുമായി മുന്നോട്ടുപോകേണ്ടതായി വരും. എൻഎച്ച്എസ് വർക്കേഴ്സ് സേ നോ എന്ന പേരിൽ ആയിരക്കണക്കിന് ലഘുലേഖകളാണ് എൻഎച്ച്എസ് ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ശമ്പള കരാറിനെ എതിർത്ത് വോട്ട് ചെയ്യുന്നതിനായി വിതരണം ചെയ്യപ്പെട്ടത്. യുകെയിലെ പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ശമ്പളപരിഷ്കരണം വളരെ അപര്യാപ്തമാണ് എന്നാണ് ലഘുലേഖയിലുള്ളത്. സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങളും പ്രസ്തുത നീക്കത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അനുമാനിക്കുന്നത്.
യൂണിയൻ അംഗങ്ങൾ ശമ്പള പരിഷ്കരണത്തെ പിൻതാങ്ങാതെ സമരം മുന്നോട്ടു പോവുകയാണെങ്കിൽ അത് എൻഎച്ച്എസിന് ഏൽപ്പിക്കുന്ന ആഘാതം വലുതായിരിക്കുമെന്ന അഭിപ്രായവും ശക്തമാണ്. ഇപ്പോൾ തന്നെ പല ഗുരുതര രോഗബാധിതരുടെയും ചികിത്സയ്ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് വളരെ കൂടുതലാണ്. കോവിഡും ജീവനക്കാരുടെ സമരവുമാണ് എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റ് ഇത്രയും കൂടുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമരകാലം ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മിക്ക യുകെ മലയാളികൾക്കും അത്ര നല്ല സമയമല്ലായിരുന്നു. തദ്ദേശീയരായ ഒട്ടുമിക്ക ജീവനക്കാരും സമരത്തിൽ അണിചേർന്നപ്പോൾ മതിയായ ജീവനക്കാരുടെ അഭാവം മൂലം മലയാളികളിൽ പലർക്കും അമിതമായ ജോലിഭാരം വന്നതിന്റെ ബുദ്ധിമുട്ടിക്കുന്ന ഓർമ്മകളാണ് സമരകാലത്തെ കുറിച്ചുള്ളത്.
Leave a Reply