പാലക്കാട് ആലത്തൂരിൽനിന്നു കാണാതായ കോളജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ (21) മുംബൈ താനെയിൽനിന്നു കണ്ടെത്തി. മുംബൈയിൽ തമിഴ്നാട് സ്വദേശി രമേഷ് സ്വാമിയുടെ കുടുംബത്തോടൊപ്പമായിരുന്നു താമസം.
മുംബൈയിൽ എത്തിയ ശേഷം റെയിൽവേ സ്റ്റേഷനിൽവച്ച് പരിചയപ്പെട്ട വ്യക്തിയാണ് സൂര്യയെ തമിഴ് കുടുംബത്തിൽ എത്തിച്ചത്. താൻ അനാഥയാണെന്നും പോകാൻ മറ്റിടങ്ങളില്ല എന്നും പറഞ്ഞപ്പോൾ തനിക്ക് ഈ കുടുംബം അഭയം നൽകുകയായിരുന്നുവെന്നു സൂര്യ പോലീസിനോടു പറഞ്ഞു. സ്വന്തമായി ജീവിക്കണം എന്ന ആഗ്രഹത്തോടെയാണ് നാടുവിട്ടതെന്നാണ് സൂര്യ കൃഷ്ണയുടെ മൊഴി.
ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പുതിയങ്കം തെലുങ്കത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകളായ സൂര്യകൃഷ്ണയെ ആലത്തൂരിൽനിന്നു കാണാതായത്. ആലത്തൂർ ടൗണിലെ ബുക്ക് സ്റ്റാളിൽനിന്നു പുസ്തകം വാങ്ങാൻ എന്നുപറഞ്ഞ് രാവിലെ പതിനൊന്നിനുശേഷം വീട്ടിൽനിന്നിറങ്ങിയ സൂര്യ കൃഷ്ണ തിരിച്ചെത്താത്തതിനെതുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്.
ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സൂര്യ കൃഷ്ണ. ആലത്തൂരിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്കു സൂര്യകൃഷ്ണ നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. അവിടെനിന്നു നേരേ കോയമ്പത്തൂരിലേക്കാണു പോയതെന്നു പോലീസ് പറഞ്ഞു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്നു മറ്റൊരു പേരിൽ മുംബൈയിലേക്കു ടിക്കറ്റ് എടുത്തു.
ഇതാണ് സൂര്യയെ കണ്ടെത്തുന്നതിനു പോലീസിനു തടസമായത്. സൂര്യയെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പോലീസ് തെരച്ചിൽ നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഫോട്ടോ സഹിതം നോട്ടീസ് പതിപ്പിച്ചു. അവിടെയുള്ള മലയാളി അസോസിയേഷനുകളുടെ സഹകരണം തേടി. എന്നാൽ കാര്യമായി ഒരു വിവരവും ലഭിച്ചില്ല. മൂന്നുമാസത്തോളം പുറംലോകവുമായി ബന്ധമില്ലാതെയാണ് സൂര്യ കഴിഞ്ഞത്.
മൊബൈൽ ഫോണ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചിരുന്നില്ല. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം സൈബർ സെല്ലുമായി ചേർന്ന് സൂര്യയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സൂര്യ മറ്റൊരു പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചതാണ് നിർണായകമായത്. അക്കൗണ്ട് ആരംഭിച്ചശേഷം നാട്ടിലുള്ള ചില സുഹൃത്തുക്കൾക്കു ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ അതു സൂര്യ തന്നെയാണെന്നും മുംബൈയിൽനിന്നാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തുകയായിരുന്നു.
ഇതിനിടെ മുംബൈയിൽനിന്നു രമേഷ് സ്വാമി സൂര്യയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. സൂര്യ സുരക്ഷിതയാണെന്നും അറിയിച്ചു. ഇതോടെ ആലത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെത്തി സൂര്യ കൃഷ്ണയെ കണ്ടെത്തുകയായിരുന്നു. ഇന്നലെ ആലത്തൂരിൽ എത്തിച്ച സൂര്യകൃഷ്ണയെ കോടതിയിൽ ഹാജരാക്കി. രക്ഷിതാക്കളോടൊപ്പം തിരിച്ചയച്ചു.
Leave a Reply