കേരള ജനതയെ പിടിച്ചുലച്ച 2018ലെ പ്രളയത്തിൽ പിറന്ന നാട്ടിലുണ്ടായ വിപത്തിലും നമ്മുടെ ബന്ധുമിത്രാദികൾക്കുണ്ടായ ദുരിതകയത്തിലും നമ്മളെല്ലാം ദുഖിച്ചു, കഴിയാവുന്ന സഹായ സഹകരണങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
അപ്പോഴാണ് യു കെയിലെ പ്രമുഖ സംഘടനയും, ചിട്ടയായ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നവരുമായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ കൂട്ടായ പ്രവർത്തനങ്ങളുടെ വിജയത്തിൻ്റെ മുൻ പ്രവർത്തന പരിചയത്തിൻ്റെ വെളിച്ചത്തിൽ വിനോദ് മാണി, ജിൽസ് പോൾ, വിൻസൻ്റ് എന്നിവർ നേതൃത്വം കൊടുക്കുന്ന കമ്മറ്റി ചില സുപ്രധാന തീരുമാനങ്ങൾ എടുത്തത്. നമുക്ക് ശക്തമായി പ്രവർത്തിച്ച് നല്ലൊരു പദ്ധതിക്കുള്ള ഫണ്ട് സ്വരൂപിക്കാം. അന്ന് തൊട്ട് ഗ്ലോസ്റ്റർഷെയറിലുള്ള എല്ലാ കുടുംബങ്ങളും സഹകരിച്ച് ഏകദേശം 10000 പൗണ്ട് സ്വരൂപിച്ചു. അതിനു വേണ്ടി എല്ലാ വർഷവും കെങ്കേമമായി നടത്താറുള്ള ഓണാഘോഷം പോലും മാറ്റി വെച്ചു.
അവിടം കൊണ്ട് നിർത്താൻ സംഘടന ഉദ്ദേശിച്ചില്ല. മെമ്പർമാർ അവരവരുടെ ജോലി സ്ഥലങ്ങളിൽ സ്നാക്ക്, കേക്ക് ഫെസ്റ്റിവലുകൾ നടത്തി സംഭാവനകൾ സ്വീകരിച്ചു. അടുത്ത ഊഴം ആരാധനാലയങ്ങളായിരുന്നു. ക്രിസ്ത്യൻ പള്ളിയിൽ നിന്നും മുസ്ലിം പള്ളിയിൽ നിന്നും നല്ലൊരു സംഖ്യ കളക്ഷനിലൂടെ സമാഹരിച്ചു. ക്രിക്കറ്റ് ക്ലബ്, ഹിന്ദു സംഘടന, കടകൾ, സ്ഥാപനങ്ങൾ എന്നു വേണ്ട കഴിയുന്ന സ്ഥലങ്ങളിൽ നിന്നും സഹായം തേടി നടന്നു.
പിന്നീടാണ് ഗ്ലോസ്റ്റർ, ചെൽറ്റൻഹാം കൗൺസിലിൻ്റെ അനുമതിയോടെ ഗ്ലോസ്റ്റ്ർഷെയറിലുള്ള മലയാളികൾ പ്രായഭേദ്യമേന്യേ തെരുവിലിറങ്ങി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചത്. ഇത്തരം ഒരു കാര്യമായതുകൊണ്ടും അത് ചെയ്യുന്നതിലുള്ള ആത്മാർത്തമായ സമർപ്പണവും തിരിച്ചറിഞ്ഞതിനാലുമാവാം, ഒരു പാട് ആളുകൾ മനസ്സറിഞ്ഞ് സഹായ ഹസ്തവുമായി എത്തി.
അങ്ങനെ 40000 പൗണ്ടിൽ കൂടുതൽ സംഖ്യ സ്വരൂപിച്ചു. ഇനി ഇത് എങ്ങനെ ഫലപ്രദമായി കേരളത്തിലെ ജനങ്ങളിൽ എത്തിക്കും എന്നതായിരുന്നു അടുത്ത ചിന്ത. അവിടെയും GMA ദുർഘടവും പക്ഷേ ഏറ്റവും കാര്യക്ഷമവുമായ വഴിയാണ് തിരഞ്ഞെടുത്തത്. അതിനു വേണ്ടി ഒരു കമ്മറ്റി രൂപികരിച്ചു. ലോറൻസ് പെല്ലിശ്ശേരി, സുനിൽ കാസ്സിം, തോമസ് ചാക്കോ, ഡോ ബിജു പെരിങ്ങത്തറ (കഴിഞ്ഞ 3 വർഷമായി യുക്മ നാഷണൽ കമ്മറ്റി മെമ്പർ ആണ് അദേഹം) എന്നിവർ ഉള്ള കേരള ഹൗസ് ബിൽഡിങ്ങ് കമ്മറ്റി രൂപികരിച്ചു. ചിട്ടയായ കർക്കശമായ മാനദണ്ഡങ്ങൾ പാലിച്ച്, നിഷ്പക്ഷമായി എറ്റവും അനുയോജ്യരായ അഞ്ച് പേരെ നൂറു കണക്കിന് അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്തു.
യുക്മ നാഷണൽ കമ്മറ്റിയുടെ സഹായം ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. സ്നേഹക്കൂട് പദ്ധതിയിൽ പെടുത്തിയ ഈ വീടുകൾക്ക് ചാരിറ്റി വഴി അവകാശമായ കാര്യങ്ങൾ കിട്ടുന്നതിന് ആത്മാർത്ഥമായ സഹായസഹകരങ്ങൾ ഉണ്ടായിരുന്നു.
ആദ്യത്തെ വീട് പണി പൂർത്തിയായത് ചെങ്ങന്നൂരിനടുത്തുള്ള പുലിയൂരിലാണ്. കൂലി പണിക്കാരനായ സജിക്കും രോഗികളായ കുടുംബാംഗങ്ങൾക്കും അത് ഒരു അനുഗ്രഹമായി.
അടുത്ത വീട് ആലപ്പുഴ ജില്ലയിലാണ്. സ്ത്രീകൾ മാത്രമുള്ള ഒരു തകര പാട്ട വീടാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. ഈ രണ്ടു വീടിൻ്റെയും കാര്യങ്ങൾ കോർഡിനേറ്റ് ചെയ്ത തോമസ് ചാക്കോയെ അഭിനന്ദിക്കുന്നു.
അടുത്ത വീട് പാലക്കാട്ടാണ് പണിതത്. ആ കർത്തവ്യം ഏറ്റെടുത്ത് നടത്തിയ GMA മെമ്പർ മനോജ് വേണുഗോപാലിൻ്റെ സഹോദരിയെ നന്ദിയോടെ ഓർക്കുന്നു.
നാലാമത്തെ വീട് വടയാറിൽ നിർമ്മിച്ചു. അതിൻ്റെ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച ബെന്നിയെ നന്ദിയോടെ സ്മരിക്കുന്നു.
അഞ്ചാമത്തെ ഭവനം സ്പോൺസർ ചെയ്ത ഡോ ബീന ജ്യോതിഷിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. തൃശൂർ ജില്ലയിലെ കനോലി കനാലിന് ചേർന്നു കിടക്കുന്ന പെരിഞ്ഞനത്താണ് ആ വീട് പണി കഴിച്ചിപ്പിച്ചിരിക്കുന്നത്. ദിവസകൂലിക്കാരനായ ശിവരാമനും കുടുംബത്തിനും ഭിന്നശേഷിക്കാരിയായ സഹോദരിക്കും വേണ്ടിയാണ് എന്നുള്ളതാണ് ഇതിനെ കൂടുതൽ അർത്ഥവത്താകുന്നത്. ഈ നിർമാണ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചത് ഡോ ബിജുവാണ്.
2019 ലെ കമ്മറ്റിയുടെ സമയത്താണ് മൂന്നു വീടുകളുടെ പ്രവർത്തനം പൂർത്തിയായത്. അതിന് നേതൃത്വം കൊടുത്ത സിബി ജോസഫ്, ബിനു മോൻ കുരിയാക്കോസ്, ജോർജ് ജോസഫ് എന്നിവരോട് GMA കടപ്പെട്ടിരിക്കുന്നു.
അഞ്ചാമത്തെ വീട് 2020 ജൂൺ 20ന് കൈമാറി. ഇപ്പോഴത്തെ GMA നേതൃത്വo വഹിക്കുന്ന എലിസബത്ത്, സണ്ണി ലൂക്കോസ്, ടോബി എന്നിവരേയും ഈ ഘട്ടത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.
GMA യുടെ ഈ നല്ല പ്രവർത്തനങ്ങൾക്കുള്ള പരമോന്നത അംഗീകാരമായി കഴിഞ്ഞ വർഷം ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ചുള്ള ചായ സൽക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള ക്ഷണം GMAക്ക് ലഭിച്ചു. പ്രസിഡണ്ട് വിനോദ് മാണിയും സെക്രട്ടി ജിൽസ് പോളും പ്രതിനിധികളായി അതിൽ പങ്കെടുത്തു.
അവസാനമായി എന്നാൽ ഏറ്റവും പ്രധാനമായതുമായ കാര്യം നന്ദിയോടെ ഓർക്കാനുള്ളത് ഇവിടത്തെ മലയാളികളെ കുറിച്ചാണ്. നിങ്ങളുടെ നിർലോഭമായ പിന്തുണയും, സഹകരണവും, ആത്മാർത്ഥമായ ഇടപെടലും കൊണ്ടാണ് GMA ഇന്നും എന്നും തലയുയർത്തിപ്പിടിച്ചു കൊണ്ട് നിൽക്കുന്നത്. എല്ലാ നല്ലവരായ, മനുഷ്യസ്നേഹികളായ സുമനസ്സുക്കൾക്കും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ.
നമ്മുടെ ഈ സദ് പ്രവർത്തി തലമുറകളോളം ഓർമ്മിക്കപ്പെടുമെന്നതിന് തർക്കമില്ല.
Leave a Reply