ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എൻ എച്ച് എസ് 75 ന്റെ നിറവിലാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് കരുതലും കരുത്തും ഏകുന്ന എൻ എച്ച് എസിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ അനേകമായിരങ്ങൾ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. നേട്ടങ്ങൾ ഉണ്ടെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ബ്രിട്ടീഷ് ആരോഗ്യമേഖല കടന്നുപോകുന്നത്. ശക്തമായ മാറ്റങ്ങൾ ഉണ്ടാകാതെ 100-ാം ജന്മദിനം വരെ എത്താൻ എൻ എച്ച് എസിന് കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇതിനെ മറികടക്കാൻ എന്തൊക്കെ വഴികളാണ് ഉള്ളത്? ജനസംഖ്യ പരിശോധിച്ചാൽ ഹൃദ്രോഗം, ഡിമെൻഷ്യ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുമായി ധാരാളം ആളുകൾ ജീവിക്കുന്നുണ്ട്. ഇത്തരം അവസ്ഥകൾക്ക് ദീർഘകാല പരിചരണം ആവശ്യമാണ്. എൻ എച്ച് എസിൽ ചിലവഴിക്കുന്ന പത്തു പൗണ്ടിൽ ഏഴു പൗണ്ടും ഇത്തരം രോഗാവസ്ഥകൾ ഉള്ളവർക്കായി ചിലവഴിക്കുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യയിൽ 65 വയസ് കഴിഞ്ഞവരുടെ എണ്ണവും ഉയരുകയാണ്. അതിനാൽ ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം അടുത്ത രണ്ട് ദശകങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യസേവനം ആരംഭിച്ചതുമുതൽ എൻ എച്ച് എസിനായി ചെലവഴിക്കുന്ന പൊതുപണത്തിന്റെ അളവ് വർദ്ധിച്ചുവരികയാണ്. വരും വർഷങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതിനായി മറ്റ് സേവനങ്ങൾ വെട്ടിക്കുറയ്ക്കുകയോ നികുതി വർദ്ധിപ്പിക്കുകയോ വേണമെന്ന് ട്രഷറിയിലെ പൊതു ചെലവുകളുടെ ഡയറക്ടറായിരുന്ന ചാൾസ്വർത്ത് പറയുന്നു. മോശം ആരോഗ്യം കാരണം 25 ലക്ഷം പേർ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്ന കണക്ക് കൂടി ഇതിനോട് ചേർത്ത് വായിക്കണമെന്ന് അവർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമ്പത്തിക വളർച്ച നല്ല ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കൂടുകയാണ്. മാനസികാരോഗ്യത്തിലും വെല്ലുവിളി നേരിടുന്നു. മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് എൻ എച്ച് എസിൽ ജീവനക്കാരും സ്കാനറുകൾ പോലുള്ള ഉപകരണങ്ങളും കുറവാണ്. ഇതും പരിഹരിക്കപ്പെടണം.

അതേസമയം, ജനങ്ങളുടെ ജീവിതരീതിയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ( വിദ്യാഭ്യാസം, ജോലി, പാർപ്പിടം, അയൽപക്കബന്ധം) എൻഎച്ച്എസിന്റെ നിയന്ത്രണത്തിന് പുറത്താണ്. നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ആളുകളെ സഹായിക്കുന്ന സേവനങ്ങളേക്കാൾ ആയുസ്സ് വർദ്ധിപ്പിക്കുന്ന മരുന്നുകളിലും ചികിത്സയിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് എൻ എച്ച് എസ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സൈഡ് എഫക്‌ട്‌സ് എന്ന പുസ്തകം എഴുതിയ ഡേവിഡ് പറയുന്നു. കൂടാതെ നേഴ്സുമാർ ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകരുടെ ശമ്പളവർദ്ധനവിനെ ചൊല്ലിയുള്ള സമരവും ആരോഗ്യ മേഖലയെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ഇത് ഉചിതമായി പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയണം. എങ്കിൽ മാത്രമേ ആരോഗ്യമേഖല മുന്നോട്ട് കുതിക്കൂ.