സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടന്റെ ചരിത്രത്തിലെ സുപ്രധാന ഏടുകളെ സൂചിപ്പിക്കുന്ന പ്രതിമകളും, ശില്പങ്ങളും, സ്മാരകങ്ങളും നീക്കംചെയ്യുകയില്ലെന്ന് ഉറപ്പു നൽകി ബ്രിട്ടീഷ് ഗവൺമെന്റ്. അടിമത്തവും, വംശീയതയും മറ്റും സൂചിപ്പിക്കുന്ന ശില്പങ്ങൾ നീക്കം ചെയ്യുമെന്ന തരത്തിൽ പല പ്രചാരണങ്ങളും ബ്രിട്ടനിൽ നടന്നിരുന്നു. തുടർന്ന് നിരവധി ആളുകൾ ഇതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സാംസ്കാരിക സെക്രട്ടറി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഗവൺമെന്റ് അത്തരത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്ന് ഒലിവർ ഡൗഡെൻ ഉറപ്പു പറഞ്ഞു. ഇത്തരത്തിലുള്ള പൈതൃക സ്മാരകങ്ങൾ ബ്രിട്ടന്റെ സങ്കീർണമായ ചരിത്രത്തെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കുന്നതിന് സഹായകരമാണെന്ന് മൂന്ന് പേജ് നീണ്ട വാർത്താക്കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം വംശീയ അധിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആളുകൾ പതിനേഴാം നൂറ്റാണ്ടിലെ അടിമ വ്യവസായി ആയിരുന്ന എഡ്‌വേഡ് കോൾസ്‌റ്റണിന്റെ പ്രതിമ തകർത്തിരുന്നു. ഇതേതുടർന്നാണ് വിവാദപരമായ പല പ്രതിമകളും നീക്കം ചെയ്യുമെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും, ബ്രിട്ടന്റെ ചരിത്രത്തിലെ നല്ലതും, മോശവുമായ വശങ്ങൾ ജനങ്ങൾ അറിയേണ്ടതാണ് എന്നും സാംസ്കാരിക സെക്രട്ടറി ഓർമ്മപ്പെടുത്തി.
നിയമനടപടികൾ പൂർത്തിയാക്കാതെ ഒരു സ്മാരകങ്ങളും നീക്കം ചെയ്യാനുള്ള അനുവാദം സർക്കാരിനില്ല. അതുപോലെതന്നെ നഗരങ്ങളുടെ പേരുകൾ മാറ്റുമ്പോഴും, അവിടെ താമസിക്കുന്ന മൂന്നിൽ രണ്ട് ആളുകളുടെ സമ്മതവും ഉണ്ടായിരിക്കേണ്ടതാണ്. ജനങ്ങളുടെ സമ്മതത്തോടെ മാത്രമേ ഇത്തരത്തിലുള്ള ഏതു നടപടിയും നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം ഓർമപ്പെടുത്തി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമ മൂടി ഇട്ടിരിക്കുന്നതിൽ അദ്ദേഹത്തിന്റെ ചെറുമകനും, മുൻ കൺസർവേറ്റീവ് പാർട്ടി മന്ത്രിയുമായിരുന്ന നിക്കോളാസ് സോമ്സ് അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം ഒരു പ്രവർത്തി ബ്രിട്ടന് ചേർന്നതല്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രതിമ അനാവരണം ചെയ്യുവാനുള്ള നടപടി സ്വീകരിക്കുവാൻ ലണ്ടൻ മേയറെ ചുമതലപ്പെടുത്തി. ഈയൊരു വിഷയത്തിൽ നിരവധി വിവാദങ്ങൾ നടന്നുകൊണ്ടിരിക്കവേയാണ് സംസ്കാരിക സെക്രട്ടറിയുടെ വിശദീകരണം.
Leave a Reply