സ്റ്റോക്ക് ഒാൺ ട്രന്റ്: നിത്യജീവിതത്തിൽ വിശ്വാസമുള്ളവർ അനുഭവിക്കുന്ന സഹനങ്ങൾ ശക്തനായ ദൈവത്തിന്റെ വലിയപ്രവൃത്തികളാണെന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഒാൺ ട്രന്റ് കോപ്പറേറ്റീവ് അക്കാദമിയിൽ വെച്ച് നടത്തപ്പെട്ട രൂപതയിലെ വിശ്വാസപരിശീലന പ്രഥമാദ്ധ്യാപകരുടെ ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തനായവൻ എന്നിൽ വലിയ കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞ അമലോത്ഭവ മറിയത്തിന്റെ വിശുദ്ധ അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ട ബെനദെത്ത ബിയാങ്കി പോറോയേയും പോലെ സഹനങ്ങളെ സന്തോഷപൂർവ്വം സ്വീകരിച്ച് സ്വർഗ്ഗത്തിൽ വലിയ നിക്ഷേപം ഉണ്ടാക്കുന്നവരായി മാറുവാൻ വിശ്വാസ പരിശീലകർക്കും പരിശീലിക്കപ്പെടുന്നവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റണി ചുൺെലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോയി വയലിൽ സി. എസ്. റ്റി., റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, റവ. ഫാ. തോമസ് അറത്തിൽ എം. എസ്. റ്റി., റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, ഫാ. ഫാൻസുവ പത്തിൽ, ശ്രീമതി ആൻസി ജോൺസൺ, ശ്രീ. ടോമി സെബാസ്റ്റ്യൻ, ശ്രീ. പോൾ ആന്റെണി, ശ്രീ. തോമസ് വർഗീസ്, ശ്രീ. തമ്പി മാത്യു, ശ്രീ. ജിമ്മി മാത്യു തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നല്കി.
Leave a Reply