ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഇന്ത്യ:- ഇന്ത്യയുടെ വളർച്ചാ രംഗത്ത് വലിയ നാഴികക്കല്ലായി മാറിയ 1991 ലെ ഭരണ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ട് 30 വർഷം തികയുന്നു. ഈ പരിഷ്കാരങ്ങൾക്ക് മുൻപുള്ള ഇന്ത്യയുടെ സാഹചര്യങ്ങൾ ഇന്നത്തേതുമായി താരതമ്യം ചെയ്യുന്നതിന് അപ്പുറമായിരുന്നു. ഒരു ഫോൺ കണക്ഷൻ ലഭിക്കുന്നതിനായി നിരവധി വർഷങ്ങൾ ജനങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു ഇന്ത്യയിൽ. ഈ അവസരം മുതലെടുത്ത കൺസൾറ്റന്റുമാർ എന്ന് അവകാശപ്പെടുന്ന ഇടനിലക്കാർ ഫോൺ കണക്ഷൻ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ടുകൾ എന്നിവ ശരിയാക്കി നൽകുന്നതിനായി വൻതുകയാണ് കമ്മീഷനായി ഈടാക്കിയിരുന്നത്. ഒരു സ്കൂട്ടറോ കാറോ വാങ്ങുന്നതിനായി 10 മുതൽ 12 വർഷം വരെ കാത്തിരിക്കേണ്ട ഗതികേടിൽ ആയിരുന്നു ജനം. ഈ അവസ്ഥ വലിയതോതിൽ ഇടനിലക്കാർ വളരുന്നതിനു സഹായിച്ചു.


ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്നെല്ലാമുള്ള ഒരു വിടുതലാണ് 1991ലെ ഭരണപരിഷ്കാരങ്ങൾ ജനങ്ങൾക്ക് നൽകിയത്. അതുവരെ ഫോൺ കണക്ഷനുകൾ ഗവൺമെന്റിന്റെ മാത്രം കുത്തകയായിരുന്നുവെങ്കിൽ, പിന്നീട് പ്രൈവറ്റ് കമ്പനികൾക്ക് എല്ലാ രംഗത്തും ഇൻവെസ്റ്റ് ചെയ്യാനുള്ള അവസരങ്ങൾ ഗവൺമെന്റ് ഒരുക്കി നൽകി. ഇമ്പോർട്ട് ഡ്യൂട്ടികൾ വൻതോതിൽ ഗവൺമെന്റ് കുറച്ചു. ഇത്തരം നയങ്ങളിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായ വളർച്ച വളരെ വലുതാണ്.

1991ൽ 840 മില്യൺ ജനങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നതിൽ, അഞ്ചു മില്യൻ ആളുകൾക്ക് മാത്രമാണ് ടെലിഫോൺ കണക്ഷൻ ഉണ്ടായിരുന്നത്. എന്നാൽ പല ടെലിഫോൺ എക്സ്ചേഞ്ചുകളും നൂറ്റാണ്ടുകൾ പഴക്കമുള്ളതായതിനാൽ, പല ടെലിഫോണുകളും മിക്കപ്പോഴും തകരാറിലായിരുന്നു. തങ്ങളുടെ ഫോൺ തകരാറിലായതു മൂലം ക്ഷുഭിതരായ ജനങ്ങൾ ഫോണിന് ആദരാഞ്ജലികൾ അർപ്പിച്ച് പത്രങ്ങളിലും മറ്റും പരസ്യങ്ങൾ ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ഒരു ഫോൺകോളിനിടയിൽ മറ്റുള്ളവരുടെ കോളുകൾ കയറിവരുന്നത് സ്വാഭാവികമായിരുന്നു. എന്നാൽ ഇന്ന് ജനസംഖ്യയുടെ ഭൂരിഭാഗം പേർക്കും മൊബൈൽ ഫോണുകൾ എന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തിച്ചേർന്നു. കോളുകളും ടെക്സ്റ്റ് മെസ്സേജുകളുമെല്ലാം ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ന് ലഭിക്കുന്നു. 5000 രൂപ മുതൽ ഇന്ന് ജനങ്ങൾക്ക് സ്മാർട്ട്ഫോണുകൾ ലഭ്യമാണ്.


ഫോൺ കണക്ഷനുകളെപ്പോലെ, ജനങ്ങളെ വലച്ച മറ്റൊരു മേഖലയായിരുന്നു ബാങ്ക് സന്ദർശനം. ഒരു ചെക്ക് ഡിപ്പോസിറ്റ് ചെയ്യണമെങ്കിൽ, ജനങ്ങൾ ടോക്കണെടുത്ത് നീണ്ട മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിൽനിന്നും 820 മില്യൺ ഡെബിറ്റ് കാർഡുകളും, 57 മില്യൻ ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്ന ജനത എന്ന മാറ്റത്തിലേക്ക് ഇന്ത്യ എത്തിച്ചേർന്നു. 30 വർഷത്തിൽ രണ്ടിരട്ടിയാണ് ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം വർദ്ധിച്ചത്. ഇതോടൊപ്പംതന്നെ ഇന്ന് ക്യാഷ് ലെസ്സ് പെയ്മെന്റുകൾ പോലും ജനങ്ങൾക്കിടയിൽ സർവ്വസാധാരണമായി നടക്കുന്നു.

1988 ൽ ഇന്ത്യയിലെ വിമാനങ്ങൾ കയറുന്നത് ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്രയ്ക്ക് മോശം ആയിരുന്നു ഇന്ത്യയിലെ വിമാനങ്ങളുടെ അവസ്ഥ. ഇതോടൊപ്പം തന്നെ മുന്നറിയിപ്പ് കൂടാതെ പലപ്പോഴും ഫ്ലൈറ്റുകൾ ക്യാൻസൽ ആവുകയും, ജനങ്ങൾ നീണ്ട ക്യൂവിൽ പെടുകയും ചെയ്യുന്നതും സാധാരണമായിരുന്നു. 1991 ലെ പരിഷ്കാരങ്ങൾ പ്രൈവറ്റ് കമ്പനികളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിന് സഹായിച്ചു. ഇതോടെ ഏറ്റവും മികച്ച സൗകര്യത്തിൽ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമൊരുങ്ങി. 2015 ൽ ഏവിയേഷൻ രംഗത്ത് 13 പ്രൈവറ്റ് എയർലൈനുകളുമായി വൻ വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത് . 2018 ൽ 125 മില്യൺ യാത്രികരാണ് ഇന്ത്യയിൽ ആഭ്യന്തര യാത്ര മാത്രം നടത്തിയത്.


1959 ൽ ഇന്ത്യയിൽ ആദ്യമായി ടിവി സംപ്രേഷണം ആരംഭിച്ചപ്പോൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഒരു മണിക്കൂർ നീണ്ട വിദ്യാഭ്യാസ പരിപാടി മാത്രമാണ് ഉണ്ടായിരുന്നത്. ആറു വർഷങ്ങൾക്കു ശേഷം ആണ് നാല് മണിക്കൂർ ദൈർഘ്യമുള്ള ദിവസേനയുള്ള സംപ്രേഷണം പോലും ഇന്ത്യയിൽ ആരംഭിച്ചത്. ഇത് എല്ലാം തന്നെ ഗവൺമെന്റ് പരിധിയിലുള്ള ദൂരദർശൻ ചാനലിൽ കൂടി മാത്രമായിരുന്നു. ഇന്ന് 926 ഓളം പ്രൈവറ്റ് ചാനലുകളാണ് ജനങ്ങൾക്ക് വിരൽതുമ്പിൽ ലഭിക്കുന്നത്.

1991ൽ ആരംഭിച്ച പരിഷ്കാരങ്ങൾ 30 വർഷം കൊണ്ട് ഇന്ത്യയെ വളരെയധികം മാറ്റിയതായി പ്രമുഖ ബിസിനസ് ടൈക്കൂൺ മുകേഷ് അംബാനി വ്യക്തമാക്കുന്നു. എന്നാൽ ഇന്നത്തെ കോവിഡ് സാഹചര്യം ഇന്ത്യയുടെ വളർച്ച കുറച്ചൊന്ന് പിന്നോട്ട് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ പരിഷ്കാരങ്ങൾ ഇന്ത്യയെ വളരെ വലിയ തോതിലാണ് മാറ്റിമറിച്ചത്.