ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേരളത്തിൽ നിന്നുള്ള നേഴ്സുമാരുടെ സ്വപ്നഭൂമിയാണ് ബ്രിട്ടൻ . നേഴ്സിംഗ് മേഖലയിൽ ജോലി ലഭിക്കുന്ന പലരും ബ്രിട്ടനിലെത്താൻ കണ്ടെത്തുന്ന മാർഗമാണ് ആദ്യപടിയായി കെയർ മേഖലയിൽ ജോലി സമ്പാദിക്കുക എന്നത്. യുകെയിലെ കെയർ വിസയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ ചൂഷണം നടത്തുന്നതായുള്ള സംഭവങ്ങൾ വളരെ നാളുകളായി മാധ്യമങ്ങൾ വാർത്തയാണ്. ഏജൻ്റുമാർ ഒരുക്കിയ ചതി കുഴിയിൽ പെട്ട് യുകെയിലെത്തി ജോലിയും കൂലിയുമില്ലാതെ നിത്യവൃത്തിക്കായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്ന നിരാലംബരായ മലയാളികളുടെ ജീവിതകഥ വാർത്തയാക്കിയിരിക്കുകയാണ് ഗാർഡിയൻ ദിനപത്രം.


അങ്ങനെ ചതി കുഴിയിൽ പെട്ടയാളാണ് കേരളത്തിൽ നിന്നുള്ള അഖിൽ ജെന്നി . തന്റെ കടബാധ്യതകൾ തീർക്കാനാണ് നേഴ്സിങ് യോഗ്യതയുള്ള അഖിൽ യുകെയിലേയ്ക്ക് വരാനായി ആഗ്രഹിച്ചത്. ബ്രിട്ടനിൽ കെയർ വർക്കറായി നല്ല ശമ്പളമുള്ള ജോലി അഖിലിന് വാഗ്ദാനം ചെയ്തത് ഷിന്റോ വർഗീസ് എന്ന മലയാളി എമിഗ്രേഷൻ ഏജൻറ് ആണ്. തൻറെ ഏജന്റിന് പണം നൽകാനായി അഖില്‍ തന്റെ കുടുംബ സ്വത്തുക്കൾ വിറ്റു . 18 ലക്ഷം രൂപയാണ് വിസയ്ക്കായി ഏജന്റിന് നൽകിയത്. പുതിയ ഒരു ജീവിതം സ്വപ്നം കണ്ടാണ് അഖിൽ ജെന്നി യുകെയിലേയ്ക്ക് വിമാനം കയറിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ യുകെയിലെത്തിയപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഇവിടെ എത്തിയപ്പോഴാണ് തന്നെ സ്പോൺസർ ചെയ്യുന്ന കമ്പനിക്ക് കെയർ മേഖലയിൽ നൽകാൻ ജോലി ഒന്നും ഇല്ലെന്ന് അറിയുന്നത്. എല്ലാ സ്വപ്നവും തകർന്നടിഞ്ഞ് നാട്ടിലേക്ക് പോയാൽ ഭീമമായ കടബാധ്യതയാണ് കാത്തിരിക്കുന്നത്. അഖിൽ ജെന്നിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ കേരളത്തിൽ നിന്ന് എത്തി വഞ്ചിക്കപ്പെട്ട ഒട്ടേറെ ആണ് യുകെയിൽ ഒരു നേരത്തെ ആഹാരത്തിനും താമസത്തിനുമായി കഷ്ടപ്പെടുന്നത്.

ഇത്തരം കേസുകളിൽ എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ യുകെയിലെ പോലീസിനും പരിമിതിയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കാരണം പണം തട്ടുന്ന കുറ്റവാളികൾ കേരളത്തിലായിരിക്കും. തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസ് പല കെയർ ഏജൻസികളുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു . ഇത്തരം സാഹചര്യങ്ങളിലും അവിടെ ജോലി ചെയ്യുന്നവരാണ് ദുരിതത്തിലാകുന്നത്. അടുത്തയിടെ ഇങ്ങനെ ലൈസൻസ് ക്യാൻസൽ ചെയ്ത സംഭവത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള കെയർ ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താനും അല്ലെങ്കിൽ രാജ്യം വിടാനുമാണ് ഹോം ഓഫീസ് നിർദ്ദേശിച്ചതെന്ന് മലയാളം യുകെ നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയുമായി ചെന്ന പലരോടും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ പറഞ്ഞതായി ചതിയിൽപ്പെട്ട ഒരു മലയാളി കെയർ വർക്കർ വെളിപ്പെടുത്തി.