ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെറ്ററിങ്ങിൽ എൻഎച്ച്എസ് നേഴ്സായ അഞ്ജു (35)മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് സാജു കോടതിയിൽ കുറ്റസമ്മതം നടത്തി. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ പ്രതി കുറ്റം ഏറ്റുപറഞ്ഞു. പരിഭാഷകന്റെ സഹായത്തോടെയാണ് കോടതിയിൽ സാജു മറുപടി പറഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ സാജു പക്ഷേ മക്കളുടെ കാര്യത്തിൽ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് കോടതിയിൽ അറിയിച്ചത്. പ്രതി സാജുവിന്റെ ശിക്ഷ ജൂലൈ മൂന്നാം തീയതി കോടതി വിധിയ്ക്കും.
പ്രതിയായ സാജു കുറ്റസമ്മതം നടത്തിയിരുന്നില്ലെങ്കിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ വിചാരണ നടത്തേണ്ടതായി വന്നേനെ. പ്രതി കുറ്റം സമ്മതിക്കുകയും അഞ്ജുവിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു വിചാരണയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്ന് അന്വേഷണത്തിന്റെ ഉദ്യോഗസ്ഥനായ സൈമൺ ബാൺസ് പറഞ്ഞു.
കഴിഞ്ഞവർഷം ഡിസംബർ 15-ാം തീയതി എൻ എച്ച് എസ് നേഴ്സായ അഞ്‌ജുവും മക്കളായ ജീവ, ജാൻവി എന്നിവരും കെറ്ററിങ്ങിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ബ്രിട്ടനിൽ വളരെ കോളിളക്കം സൃഷ്ടിച്ച കുറ്റകൃത്യമായിരുന്നു. ഭാര്യയെയും മക്കളെയും ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ അധികം താമസിയാതെ ഭർത്താവ് സാജു അറസ്റ്റിലായി . മദ്യ ലഹരിയിലാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ആശ്രിത വിസയിൽ ബ്രിട്ടനിൽ എത്തിയ സാജുവിന് ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റു മാനസിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വൈക്കം സ്വദേശിയായ അഞ്ജുവും കണ്ണൂർ സ്വദേശിയായ സാജുവും ബാംഗ്ലൂരിൽ വച്ചാണ് കണ്ടുമുട്ടിയതും പ്രണയിച്ച് വിവാഹം കഴിച്ചതും. ഇവർ ഏറെ നാൾ സൗദിയിൽ ജോലി ചെയ്തതിനുശേഷമാണ് യുകെയിലെത്തിയത്