ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വർണ്ണശബളമായ ലൈറ്റുകളുടെയും, ക്രിസ്മസ് അലങ്കാരങ്ങളുടെയും പശ്ചാത്തലത്തിൽ, തന്റെ അമ്മ എലിസബത്ത് രാജ്ഞിക്ക് പ്രണാമം അർപ്പിച്ച് ചാൾസ് രാജാവ് തന്റെ ക്രിസ്മസ് ദിന സന്ദേശം സെന്റ് ജോർജ് ചാപ്പലിൽ റെക്കോർഡ് ചെയ്തു. വിൻഡ്സർ കാസ്റ്റിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ രാജ്ഞിയുടെ മൃതദേഹം അടക്കിയ സ്ഥലത്തിനടുത്ത് നിന്നാണ് ചാൾസ് രാജാവ് തന്റെ പ്രസംഗം റെക്കോർഡ് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന സന്ദേശത്തിൽ അദ്ദേഹം എലിസബത്ത് രാജ്ഞിയെ സ്മരിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു. മുൻകൂട്ടി റെക്കോർഡ് ചെയ്ത പ്രസംഗ സമയത്ത് എടുത്ത ചിത്രത്തിൽ രാജാവ് കടും നിറത്തിലുള്ള നീല സ്യൂട്ട് ധരിച്ചിരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ അതേ പാതയിൽ വളരെ മനോഹരമായി വസ്ത്രം ധരിക്കണമെന്ന ആശയത്തെ ചാൾസ് രാജാവും പിന്തുടരുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
സാധാരണയായി എലിസബത്ത് രാജ്ഞി ബെക്കിങ്ഹാം കൊട്ടാരത്തിലെ തന്റെ ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ടായിരുന്നു ക്രിസ്മസ് സന്ദേശം നൽകിയിരുന്നത്. എന്നാൽ ചാൾസ് രാജാവ് ഇത്തവണ മുഴുവൻ സമയവും നിന്നുകൊണ്ടാണ് പ്രസംഗം നൽകുന്നത്. 74കാരനായ പുതിയ രാജാവ് എന്താണ് പറയുന്നതെന്ന് കേൾക്കാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. രാജാവിന്റെ പിന്നിൽ കാണുവാൻ സാധിക്കുന്ന ക്രിസ്മസ് ട്രീയിൽ പ്രകൃതിദത്ത ഉൽപ്പന്നങ്ങളായ പൈൻ കോണുകളും മറ്റുമാണ് അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇത് രാജാവ് മുന്നോട്ടുവെക്കുന്ന പുതിയ മാർഗ്ഗദർശത്തെയാണ് വെളിവാക്കുന്നത്.
തന്റെ അമ്മയുടെ മാർഗ്ഗം പിന്തുടരുന്നതോടൊപ്പം തന്റേതായ ചില കയ്യൊപ്പുകളും പതിപ്പിക്കുന്നതിനാണ് രാജാവ് ശ്രമിക്കുന്നതെന്ന് സെന്റ് ജോർജ് ചാപ്പലിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ വെളിവാകുന്നുണ്ടെന്ന് കൊട്ടാരത്തിന്റെ അടുത്ത വൃത്തങ്ങളിൽ ഒരാൾ വ്യക്തമാക്കി. ഹാരിയും മേഗനും ചേർന്ന് പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് സീരീസ് അവസാനിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് രാജാവ് തന്റെ പ്രസംഗം റെക്കോർഡ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രസംഗത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കൊട്ടാരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
Leave a Reply