ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ബിൽ പാസ്സാക്കാൻ ഒരുങ്ങി ലേബർ സർക്കാർ. ജോലിസ്ഥലത്തെ അവകാശങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനും ശമ്പളം മെച്ചപ്പെടുത്താനും പുതിയ ബിൽ സഹായിക്കും. ബിൽ രണ്ടുവർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. പുതിയ ബിൽ അനുസരിച്ച് ഇനി തൊഴിലാളികളെ കാരണങ്ങൾ ഇല്ലാതെ പിരിച്ചുവിടാൻ സാധിക്കുകയില്ല. നേരത്തെ രണ്ടു വർഷത്തോളം ജോലി ചെയ്‌ത തൊഴിലാളികൾക്ക് മാത്രമേ ഈ നിയമം ബാധകമായിരുന്നുള്ളൂ. കൂടാതെ പാറ്റെർനിറ്റി, അൺപൈഡ് പാരന്റൽ ലീവുകൾ ഒരു പ്രസ്‌തുത കാലാവധി വരെ ജോലി ചെയ്യുന്നവർക്ക് മാത്രമേ ലഭിച്ചിരുന്നുള്ളു. എന്നാൽ അതിപ്പോൾ എല്ലാവർക്കും ലഭിക്കുന്ന തരത്തിലേക്കുള്ള പുതിയ ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് നാലാം ദിവസം മാത്രം സിക്ക് ലീവ് എടുക്കാൻ പറ്റുന്ന നിയമത്തിൽ നിന്ന് ആദ്യ ദിവസം തന്നെ ലീവ് എടുക്കാം എന്ന രീതിയിലുള്ള മാറ്റങ്ങൾ പുതിയ ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്. 2026 ലെ ശരത്കാലത്തോടെ പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒമ്പത് മാസത്തെ പ്രൊബേഷൻ കാലയളവ് നടപ്പാകുന്നതിനെക്കുറിച്ചും സർക്കാർ കൂടിയാലോചിക്കും. നേരത്തെ, ട്രേഡ് യൂണിയനുകൾ ആറ് മാസത്തെ പരിധി മുന്നോട്ട് വെച്ചിരുന്നു.

ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം മോശം വ്യവസ്ഥകളിൽ വീണ്ടും നിയമിക്കുകയും ചെയ്യുന്ന “ഫയർ ആൻഡ് റീഹൈർ” എന്ന സമ്പ്രദായം നിരോധിക്കാനും പുതിയ ബില്ലിൽ പറയുന്നുണ്ട്. ബിസിനസ്സ് തകർച്ച തടയാൻ ആവശ്യമെങ്കിൽ തൊഴിലുടമകൾക്ക് നിബന്ധനകൾ മാറ്റാം. ഇത് യൂണിയനുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കുന്ന ഈ ബിൽ നടപ്പിലാക്കുന്നത് നോക്കാൻ ഫെയര്‍ വര്‍ക്ക് ഏജന്‍സിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഈ ഏജൻസിയിലെ ഓഫീസര്‍മാര്‍ക്ക് പരിശോധന നടത്താനും, ജോലിക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ പുതിയ ശിക്ഷകള്‍ ഏര്‍പ്പെടുത്താനും അധികാരമുണ്ടാകും.