ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും, പ്രമുഖ ബിസിനസുകാരനായ സർ ജെയിംസ് ഡൈസണുമായുള്ള ഇടപാടുകളെ സംബന്ധിച്ച് വ്യക്തമായ അന്വേഷണം ഉണ്ടാകണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ഡൈസണും തമ്മിലുള്ള സംഭാഷണങ്ങളാണ് പുതിയ വിവാദത്തിന് വഴി തെളിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി അയച്ച സന്ദേശങ്ങളിൽ, ബ്രിട്ടനിലെത്തി ജോലി ചെയ്യുന്ന ഡൈസന്റെ ജോലിക്കാർക്ക് ടാക്സ് വിഷയങ്ങളിൽ സുഗമമായ നീക്കുപോക്ക് ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുണ്ട്. ഇതോടൊപ്പംതന്നെ ഗവൺമെന്റ് ഡൈസൺ ഉൾപ്പെടെയുള്ള വ്യവസായികളോട് വെന്റിലേറ്റർ സപ്ലൈ ചെയ്യുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ താൻ ക്ഷമ ചോദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ ഏതൊരു പ്രധാനമന്ത്രിയും ചെയ്യുന്നത് മാത്രമേ താനും ചെയ്തിട്ടുള്ളൂ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഇതിനെ ചൊല്ലി വൻ വിവാദങ്ങളാണ് ബ്രിട്ടനിൽ നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ ബാധ പ്രതിസന്ധിയിലായിരുന്ന കഴിഞ്ഞ മാർച്ചിലാണ് ഈ സംഭാഷണങ്ങൾ ഇരുവരും കൈമാറിയത്. എന്നാൽ പ്രധാനമന്ത്രിയുടെ സമീപനം തികച്ചും ഏകപക്ഷീയമാണെന്ന അഭിപ്രായമാണ് ഉയർന്നു വരുന്നത്. ഉടൻതന്നെ ഈ വിഷയത്തിൽ വ്യക്തമായ അന്വേഷണം വേണമെന്ന് ലേബർ പാർട്ടി വൃത്തങ്ങൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി യാതൊരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെന്റിലേറ്റർ ക്ഷാമം പരിഹരിക്കുവാനായി ബിസിനസുകാരോട് വെന്റിലേറ്റർ സപ്ലൈക്കായി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ഡൈസൺ വെന്റിലേറ്റർ സപ്ലൈക്കായും മറ്റും വരുന്ന തന്റെ തൊഴിലാളികൾക്ക് ടാക്സ് വിഷയങ്ങൾ ഉണ്ടാവുകയില്ല എന്ന് ഉറപ്പിനായി ട്രഷറിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ അറിയിപ്പുകൾ ഒന്നും തന്നെ ലഭിക്കാതിരുന്നതിനാൽ ആണ് അദ്ദേഹം പ്രധാനമന്ത്രിക്ക് സന്ദേശങ്ങൾ അയച്ചത്. തുടർന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ആവശ്യമായ ഉറപ്പുകൾ നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ നിലപാട് ഏകപക്ഷീയം ആണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. എന്നാൽ തനിക്ക് മറക്കുവാൻ ഒന്നുമില്ലെന്നും, എന്തും നേരിടാൻ തയ്യാറാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.