ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ത്രീ പുരുഷ ഭേദമന്യേ ഏത് ജോലിയും ആർക്കും ചെയ്യാം എന്ന ഒരു സമത്വ മനോഭാവം ലോകമെങ്ങും വളർന്ന് വരുന്നുണ്ട് . പക്ഷേ വിവാഹശേഷം കുട്ടികൾ ജനിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്ന സമയത്ത് പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വീടുകളിൽ ഒതുങ്ങി കൂടേണ്ടതായി വരുന്ന സാഹചര്യം ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയിൽ നിലനിൽക്കുന്ന സ്ഥലമാണ് ഇന്ത്യ. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഭർത്താവിന്റെ നിഴലായി ഒതുങ്ങി കഴിയേണ്ടിയതായി വരുന്ന സ്ത്രീകൾ ഒട്ടേറേ ഉളള നാടാണ് കേരളവും
വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിൽ നിന്നുള്ള ജ്യോതി പട്ടേലിന്റെ ജീവിതവും ഇതിന് സമാനമായ രീതിയിൽ ആകാമായിരുന്നു. പക്ഷേ നിശ്ചയദാർഢ്യവും കഠിനാധ്വാനവും 56 വയസ്സുകാരിയായ ജ്യോതിക്ക് സമ്മാനിച്ചത് മറ്റൊന്നാണ് . തൻറെ ചെറുപ്പത്തിൽ യുകെയിലെത്തിയ ജ്യോതി പ്രൈമറി സ്കൂൾ ടീച്ചറായാണ് ജോലി ആരംഭിച്ചത് . എന്നാൽ 1999 ൽ രണ്ട് കുട്ടികൾ ആയതോടെ അവർക്ക് ജോലിയിൽ നിന്ന് രാജി വയ്ക്കേണ്ടതായി വന്നു .
എന്നാൽ നീണ്ട 20 വർഷങ്ങൾക്ക് ശേഷം മക്കൾ യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചപ്പോൾ ആണ് വീണ്ടും ഏതെങ്കിലും ജോലിയിലേയ്ക്ക് പ്രവേശിക്കണമെന്ന ആഗ്രഹം അവർക്ക് ഉണ്ടായത് . ജോലിക്കായി ശ്രമിച്ചപ്പോഴൊക്കെ തന്റെ കരിയറിൽ ഉണ്ടായ നീണ്ട ബ്രേക്ക് ആണ് അവർക്ക് തടസ്സമായത്. മനസ്സിൻറെ അധമ്യമായ ആഗ്രഹം കുഴിച്ചു മൂടാൻ അവർ തയ്യാറായിരുന്നില്ല. അതിനായി അവർ കഠിനാധ്വാനം ചെയ്തു. ജെറ്റ് റ്റു ഹോളിഡേയ്‌സിന്റെ പ്രായോഗിക പരിശീലനത്തിൽ ചേർന്നു കൊണ്ടാണ് ജ്യോതി ഈ പ്രായത്തിലും തൻറെ പരിമിതികളെ മറികടന്നത്. ജോലിയിൽ പ്രവേശിക്കാനും ഒരു വരുമാനം നേടാനും താൻ ആഗ്രഹിച്ചിരുന്നതിനാൽ അപ്രൻ്റീസ്ഷിപ്പ് ചെയ്യാൻ തീരുമാനിച്ചു എന്ന് അവർ പറഞ്ഞു. അപ്രൻ്റീസ്ഷിപ്പുകൾ ചെറുപ്പക്കാർക്ക് മാത്രമുള്ളതാണെന്നാണ് അവർ ആദ്യം മനസ്സിലാക്കിയിരുന്നത്. ഒരു മനുഷ്യായുസ്സിൽ ഒന്നുമല്ലാതെ വീട്ടിൽ ഒരുങ്ങി കഴിയേണ്ടതായി വരുന്ന ഒട്ടേറെ പേർക്ക് പ്രോത്സാഹനം നൽകുന്ന ഉദാഹരണമാണ് ജ്യോതിയുടേതെന്ന് ജെറ്റ് റ്റു ഹോളിഡേയ്‌സിന്റെ കരിയർ മാനേജരായ കാറ്റി റാങ്കിൻ പറഞ്ഞു.
Leave a Reply