സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ കാലത്ത് എല്ലാവരുടെയും മനസ്സിൽ ഒരു നോവായി മാറിയിരിക്കുകയാണ് പതിനാലു വയസ്സുകാരിയായ കാർമിന മെഡൽ എന്ന പെൺകുട്ടി. കാർമിനയുടെ അമ്മ എൻ എച്ച് എസ് നഴ്‌സായ ലെയ്‌ലാനി കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ആണ് കോവിഡ്- 19 മൂലം മരണപ്പെട്ടത്. ഇവളുടെ പിതാവ് മെഡിക്കൽ ടെക്നീഷ്യൻ ആയ ജോണി ഇപ്പോൾ കൊറോണ വൈറസ് ബാധമൂലം ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സെൽഫ് ഐസൊലേഷനിലായ ആന്റിയോടൊപ്പവും കാർമിനക്കു നിൽക്കാൻ സാധിക്കാതെ വന്നതോടെ, 14 വയസ്സുകാരിയായ ഇവളെ ഫോസ്റ്റർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
കാർമിനയുടെ അമ്മ നാല്പത്തൊന്നുകാരിയായ ലെയ്‌ലാനി സൗത്ത് വെയിൽസിലെ പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു. ഇവിടെവെച്ച് തന്നെ രോഗം ബാധിച്ചാണ് ഇവർ മരണപ്പെട്ടത്. പിതാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ഇവളുടെ മറ്റ് ബന്ധുക്കളെല്ലാം തന്നെ ഫിലിപ്പീൻസിൽ ആയതിനാൽ, കാർമിന തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കാർമിനയുടെ അടുത്തേക്ക് ഒരുതരത്തിലും എത്തിപ്പെടാൻ പറ്റാത്ത സാഹചര്യത്തിലാണ് തങ്ങളെന്ന് ഫിലിപ്പീൻസിൽ നിന്ന് ബന്ധുക്കൾ അറിയിച്ചു.
കാർമിന ഇപ്പോൾ ബ്രിഡ്‌ജൻഡ് ചിൽഡ്രൻസ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ ചുമതലയിലാണ്. കാർമിനയുടെ ആന്റി 64 കാരിയായ മാരിസ് അല്ലിൻബെമ് ബ്രിസ്റ്റോളിൽ താമസിക്കുന്നുണ്ടെങ്കിലും അവർ സെൽഫ് ഐസൊലേഷനിൽ ആയതിനാൽ കാർമിനയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കുന്നില്ല. കാർമിനയെ ഫോസ്റ്റർ ഹോമിൽ ആക്കിയതിൽ തനിക്ക് നല്ല വിഷമം ഉണ്ടെന്നു അവർ പറഞ്ഞു. എന്നാൽ തനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായാവസ്ഥയിലാണ്.
തന്റെ ജോലിയെ സ്നേഹിച്ച ഒരു എൻഎച്ച് എസ് പ്രവർത്തകയായിരുന്നു കാർമിനയുടെ അമ്മ. മരിക്കുന്നതിന് മൂന്നാഴ്ച മുൻപ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിൽ, താൻ ഒരു നേഴ്സ് ആണെന്നും, തനിക്ക് വീട്ടിലിരിക്കാൻ ആവില്ലെന്നും അവർ രേഖപ്പെടുത്തിയിരുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് ജനങ്ങളെ ശുശ്രൂഷിക്കുന്ന എൻഎച്ച് എസ് പ്രവർത്തകരുടെ മാതൃകയാണ് ലെയ്‌ലാനി.
Leave a Reply