ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനതോത് ഉയരുന്നതിലൂടെ കോവിഡ് ഭീതിയിലേക്ക് വീണ്ടും അടുക്കുകയാണ് രാജ്യം. പെട്ടെന്നുള്ള രോഗവ്യാപനത്തിന് കാരണമാകുന്ന പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ കർശന നിയന്ത്രണങ്ങളോടു കൂടിയുള്ള ലോക്ക്ഡൗൺ ബ്രിട്ടനിൽ ഏർപ്പെടുത്തുകയുണ്ടായി. വാക്സിനും ലോക്ക്ഡൗണും സാധാരണ ജീവിതം തിരികെകൊണ്ടുവരുന്നതിന് കാരണമാകുമെന്ന ശുഭാപ്തി വിശ്വാസം ഓരോ പൗരനുമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം 10 മില്യണിലധികം ആളുകൾക്ക് കുത്തിവയ്പ് നൽകിയ ബ്രിട്ടീഷ് വാക്സിനേഷൻ പ്രോഗ്രാമിൽ നിന്നാണ് ഈ ശുഭാപ്തിവിശ്വാസം ഉടലെടുക്കുന്നത്. കൂടാതെ ഈ വർഷം അവസാനം മുഴുവൻ മുതിർന്ന ജനങ്ങൾക്കും വാക്സിനേഷൻ നൽകാൻ ലക്ഷ്യമിടുന്നുണ്ട്. ദേശീയ ലോക്ക്ഡൗണിന്റെയും വിജയകരമായ വാക്സിൻ പ്രോഗ്രാമിന്റെയും പശ്ചാത്തലത്തിൽ, കോവിഡ് മരണങ്ങൾ, ആശുപത്രി പ്രവേശനം, ദൈനംദിന കേസുകൾ എന്നിവ ഏപ്രിൽ അവസാനത്തോടെ കുറയുമെന്ന് മിക്ക ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. സ്‌കൂളുകളും സർവ്വകലാശാലകളും വീണ്ടും തുറക്കും. ഒപ്പം യാത്രാ ഇളവുകളും ഉണ്ടായേക്കും.
എന്നാൽ വാക്സിനേഷൻ പ്രോഗ്രാം ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ മാത്രമേ ഇതൊക്കെയും സാധ്യമാകൂ. സ്കൂളുകൾ വീണ്ടും തുറക്കുന്നതാണ് മറ്റൊരു പ്രധാന ആശങ്ക. ഇത് കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മെയ് 6 ന് നടക്കുന്ന പ്രാദേശിക, സ്കോട്ടിഷ് തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിനായി എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കം ചെയ്യണമെന്ന് ടോറി പാർട്ടിയുടെ വലതുപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരമൊരു നീക്കത്തിനെതിരെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വികാസവും വ്യാപനവുമാണ് മിക്ക ശാസ്ത്രജ്ഞരുടെയും ഏറ്റവും വലിയ ആശങ്ക. ഇതൊരു പേടിസ്വപ്നമാണവർക്ക്. ഈ സാഹചര്യമനുസരിച്ച്, പുതിയതും ഭയപ്പെടുത്തുന്നതുമായ വകഭേദങ്ങൾ തുടർന്നും പ്രത്യക്ഷപ്പെടുകയാണെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ ജീവിതം മെച്ചപ്പെടാൻ സാധ്യതയില്ല.
Leave a Reply