ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ അടുത്തമാസം അവസാനിക്കാൻ ഇരിക്കുന്ന ലോക്ക്ഡൗൺ ഇന്ത്യൻ കോവിഡ് വേരിയന്റ് മൂലം നീളാൻ സാധ്യതയെന്ന് വിദഗ്ധർ. ഇംഗ്ലണ്ടിലെ മിക്ക സ്ഥലങ്ങളിലും വീണ്ടും കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കെന്റ് സ്‌ട്രെയിനിനെക്കാളും അൻപത് ശതമാനം അധികം പ്രശ്നകരമാണ് ഇന്ത്യൻ സ്ട്രെയിൻ എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച നടത്തിയ പത്ര പ്രസ്താവനയിൽ ഇന്ത്യൻ സ്ട്രെയിൻ അഥവാ ബി.1.617.2 എന്ന സ്ട്രെയിൻ യുകെയിൽ ആശങ്ക ഉളവാക്കുന്നതാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. ഈ സ്ട്രെയിനിനെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ വിദഗ്ധർ നൽകുന്നുണ്ട്.
ബി.1.617.2 സ്ട്രെയിൻ മൂലമുള്ള കോവിഡ് കേസുകളുടെ എണ്ണം യുകെയിൽ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ 520ൽ നിന്ന് 1213 എന്ന നിലയിലേയ്ക്കാണ് വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. ബി.1.617 എന്നതാണ് ഇന്ത്യൻ സ്ട്രെയിനിന്റെ യഥാർത്ഥ നാമം. ഒക്ടോബറിലാണ് ഈ സ്ട്രെയിൻ മൂലമുള്ള ആദ്യത്തെ കേസ് തിരിച്ചറിയുന്നത്. ഇന്ത്യയിലെ നിലവിലെ അവസ്ഥ വളരെ മോശമാണ്. അടുത്തിടെയായി ഇന്ത്യയെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടണിലും ഇപ്പോൾ ഈ വേരിയന്റ് മൂലമുള്ള കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ് എന്നത് ആശങ്കയുളവാക്കുന്നു.
ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 ന്റെ മൂന്ന് വകഭേദങ്ങളാണ് യുകെയിൽ ഉള്ളത്. ഇതിൽ ബി.1.617.2 എന്ന വകഭേദമാണ് കൂടുതൽ ഗുരുതരം. ഈ വകഭേദം മൂലമാണ് യുകെയിൽ സ്ഥിരീകരിക്കുന്ന മിക്ക കേസുകളും. ഇതുമൂലം മരണനിരക്കും ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതുവരെ നാലു പേരാണ് ഈ സ്ട്രെയിൻ ബാധിച്ചത് മൂലം മരണപ്പെട്ടത് എന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ലണ്ടൻ, വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ എന്നിവിടങ്ങളിലാണ് ഈ സ്ട്രെയിൻ കൂടുതൽ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ലണ്ടനിൽ മാത്രം 400 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ വാക്‌സിൻ ഈ സ്‌ട്രെയിനിനു ഫലപ്രദമല്ല എന്ന് ഇതുവരെ ആരും വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ എല്ലാവരും വാക്സിൻ എടുക്കണം എന്ന നിർദ്ദേശമാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്. ഈ സ്ട്രെയിൻ മൂലം ലോക് ഡൗൺ മാറ്റുന്നത് പ്രശ്നമുണ്ടാകും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിനാൽ തന്നെ ജൂൺ 21 ന് ലോക് ഡൗൺ മാറ്റാനുള്ള സാധ്യതയും കുറവാണ്.
Leave a Reply