ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാരില്‍ ഭൂരിഭാഗവും വിദേശ രാജ്യത്തുനിന്നുള്ളവർ എന്ന് പുതിയ പഠന റിപ്പോർട്ട്. ഇതില്‍ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഇന്ത്യക്കാർ തന്നെ. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ മൈഗ്രേറ്ററി ഒബ്‌സര്‍വേറ്ററിയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയുടെ പഠനറിപ്പോര്‍ട്ട് പ്രകാരം, 2022-23 വര്‍ഷത്തില്‍ രാജ്യത്തെ ഇമിഗ്രേഷന്‍ സമ്പ്രദായം ധാരാളം വിദേശജീവനക്കാരെയാണ് ആരോഗ്യപരിപാലനരംഗത്തേയ്ക്ക് കൊണ്ടുവന്നത് എന്ന് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോൾ, ഇതിൽ 20 ശതമാനം ഡോക്ടര്‍മാരും 46 ശതമാനം നേഴ്‌സുമാരും ഇന്ത്യയില്‍നിന്നാണെന്ന് മനസ്സിലാക്കാം. രണ്ടാം സ്ഥാനത്ത് നൈജീരിയയും മൂന്നാം സ്ഥാനത്ത് പാകിസ്താനുമാണ്. പട്ടികയിൽ നാലാമത് ഫിലിപ്പിന്‍സാണ്. 2022-ലെ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (സി ഒ എസ്) ഉപയോഗിക്കുന്ന 33 ശതമാനം ആളുകളും ഇന്ത്യന്‍ പൗരത്വമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിംബാബ്‌വേയും നൈജീരിയയുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ അഭാവം മൂലം, 2017 മുതല്‍ യുകെയില്‍ നോണ്‍യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സ്‌കില്‍ഡ് തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങിയിരുന്നു. ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്നത് 2021 ലും 2022 ലുമാണ്. ദി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം യുകെയിലെ ആരോഗ്യ, സാമൂഹികരംഗത്തെ ഒഴിവുകള്‍ 2022 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ഏകദേശം 2,17,000 ആയിരുന്നു. ഇതിൽ 2023 മാര്‍ച്ച് ആയപ്പോഴേക്കും 57,700 ഒഴിവുകളിലും വിദേശതൊഴിലാളികളായ സ്‌കില്‍ഡ് വര്‍ക്കേഴ്‌സാണ് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിൽ ബ്രിട്ടന്‍ വിദേശികളായ തൊഴിലാളികളെ വളരെയധികം ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷം, 58.000 തൊഴിലാളികളാണ് രാജ്യത്ത് എത്തിയത്. യുകെയിലേക്കുള്ള മൊത്തം കുടിയേറ്റം 6,06,000 ആയി എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍വര്‍ഷത്തെ 4,88,000 എന്ന കണക്കില്‍നിന്നും 24 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്