ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികളെ സങ്കട കണ്ണീരിലാക്കി അകാലത്തിൽ വിടപറഞ്ഞ ഷൈജു സ്കറിയ ജെയിംസിന്റെ (37) പൊതുദർശനം സെന്റ്‌ പീറ്റേഴ്സ് കത്തോലിക്കാ പള്ളിയിൽ നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് വെറും മുപ്പത്തിയേഴാമത്തെ വയസ്സിൽ വിടപറഞ്ഞ ഷൈജുവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിച്ചേർന്നത്. കണ്ണീരോടെ മൃതദേഹത്തിനരികിൽ നിൽക്കുന്ന ഭാര്യ നിത്യയുടെയും മക്കളുടെയും ദൃശ്യങ്ങൾ ഏതൊരാളുടെയും കരളലിയിക്കുന്നതായിരുന്നു . പ്ലൈമൗത്ത് സെന്റ് പീറ്റേഴ്സ് ഇടവക വികാരിയും സീറോ മലബാർ സഭ വൈദികനുമായ ഫാ. ടെറിൻ മുളക്കരയാണ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചത്.

മെയ് 13-ാം തീയതി ശനിയാഴ്ച ഷൈജുവിന്റെ മൃതദേഹം രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിക്കുന്ന രീതിയിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. വൈകിട്ട് 3. 30 -ന് വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മുണ്ടത്താനം സെൻറ് ആൻറണീസ് പള്ളിയിൽ സംസ്കാരം നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. ഏപ്രിൽ 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പുന്നവേലി സ്വദേശിയായ ഷൈജു പ്ലേ മൗത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഷൈജുവിന്റെ ഭാര്യ നിത്യ ഷൈജുവിന്റെ മരണത്തിന് നാലു ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു മരണ ദിവസം മകനെ സ്കൂളിൽ വിട്ട ശേഷം ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു. തുടർന്നു ഉച്ചയോടെ ആശുപത്രിയുടെ ടോയ്‌ലെറ്റിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: നിത്യ ജോസഫ് (വരകു കാലായിൽ) മക്കൾ: ആരവ്, അന്ന. പുന്നവേരി മുളയമ്പവേലി മുരിക്കനാനിക്കൽ വീട്ടിൽ ജെയിംസ് ജോസഫ് (തങ്കച്ചൻ) ജോളിമ്മ (നടുവിലേപറമ്പിൽ ) എന്നിവരാണ് അന്തരിച്ച ഷൈജുവിൻെറ മാതാപിതാക്കൾ.