മാഞ്ചസ്റ്ററിലെ കോഫി ഷോപ്പുകളിലോ ബാറുകളിലോ കയറിയ ശേഷം പണമെടുത്തു നല്‍കിയാല്‍ ഇനി മുതല്‍ അവര്‍ സ്വീകരിക്കണമെന്നില്ല. മാഞ്ചസ്റ്ററിലെ പ്രശസ്തമായ സാന്‍ഡ്ബാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ക്യാഷ് പേയ്‌മെന്റില്‍ നിന്ന് പിന്‍മാറിക്കഴിഞ്ഞു. ഇനി മുതല്‍ ക്രിപ്‌റ്റോകറന്‍സിയിലേ തങ്ങള്‍ പ്രതിഫലം വാങ്ങൂ എന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകളുടെയും വാച്ചുകള്‍, ഫോണുകള്‍ എന്നിവയിലൂടെയുള്ള പണമടക്കലുകളുടെയും കാലത്ത് ക്യാഷ് രജിസ്റ്ററുകളും നോട്ടുകെട്ടുകളും പഴങ്കഥയായിക്കൊണ്ടിരിക്കുകയാണല്ലോ. അതിനിടെയാണ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഷോപ്പുകള്‍ മാറിയിരിക്കുന്നത്.
ഫെബ്രുവരി മുതല്‍ തന്നെ റിയല്‍ എയ്ല്‍, സാന്‍ഡ്ബാര്‍ എന്നിവ ക്രിപ്‌റ്റോകറന്‍സി പേയ്‌മെന്റിലേക്ക് മാറിയിരുന്നു. കാര്‍ഡുകളും ബിറ്റ്‌കോയിനുകളും മാത്രമേ സ്വീകരിക്കൂ എന്ന് ഉപഭോക്താക്കളെ ഇവര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഭാവി ഇവയിലാണെന്ന് തങ്ങള്‍ കരുതുന്നുവെന്നാണ് മാനേജര്‍ ആഷ് റൈറ്റ് പറഞ്ഞത്. പത്ത് വര്‍ഷം മുമ്പ് 95 ശതമാനം പേയ്‌മെന്റുകളും പണമായിട്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ഇതില്‍ 25 ശതമാനം ഇടിവുണ്ടായി. ആ ട്രെന്‍ഡ് പിന്നീട് തുടരുകയാണെന്നും റൈറ്റ് പറയുന്നു.
പണമായുള്ള പേയ്‌മെന്റുകള്‍ കുറയുന്നത് സമയം ലാഭിക്കുകയും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ക്യാഷ് സര്‍വീസിംഗിനുള്ള ചെലവ് കാര്‍ഡ് പേയ്‌മെന്റുകളെ അപേക്ഷിച്ച് കുറവാണെന്നതാണ് വാസ്തവം. ആഴ്ചയില്‍ ഓഡിറ്റിംഗ് നടത്തുന്നതിനായി ചെലവാകുന്ന 40 മണിക്കൂര്‍ സമയം പുതിയ രീതിയില്‍ ഒഴിവാകുന്നുണ്ട്. ബാറുകളില്‍ കൊള്ള നടക്കുന്ന സംഭവങ്ങള്‍ ഇതു മൂലം കുറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply