ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ കനത്ത ശൈത്യം ഈയാഴ്ചയും തുടരുമെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്. ആർട്ടിക് പ്രദേശത്തു നിന്നുള്ള ശീതക്കാറ്റ് ശൈത്യത്തിന് ആക്കം കൂട്ടും. സ്കോട്ട്‌ ലൻഡ് നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലും, വടക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നോർത്ത് വെയിൽസിലും കനത്ത മഞ്ഞു പെയ്യുമെന്നുള്ളതിനാൽ മെറ്റ് ഓഫീസ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആർട്ടിക് പ്രദേശത്തു നിന്നും ശൈത്യക്കാറ്റ് പഠിക്കുന്നതിനാൽ യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രിയിൽ താപനിലം മൈനസിൽ എത്താനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്ക് – പടിഞ്ഞാറൻ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ മഞ്ഞ വീഴ്ച മൂലം യാത്ര തടസ്സം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

റോഡുകളിൽ മഞ്ഞുവീണ അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ട്രാൻസ്പോർട്ട് ഓഫീസ് നൽകിയിട്ടുണ്ട്. ഈ ആഴ്ചയിൽ റെയിൽ നെറ്റ്‌വർക്കുകളിലും തടസ്സം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നാഷണൽ റെയിൽ അതോറിറ്റി നൽകിയിട്ടുണ്ട്. സാധാരണ ഈ സമയമുണ്ടാകുന്ന താപനിലയെക്കാൾ 5 മുതൽ 6 ഡിഗ്രി സെൽഷ്യസ് താഴെയാണ് ഇപ്പോഴത്തെ താപനിലയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രി കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. മറ്റിടങ്ങളിൽ സ്ഥിതിഗതികൾ തെളിച്ചമുള്ളതും വരണ്ടതുമായിരിക്കുമെങ്കിലും, മഞ്ഞുമൂടിയ കാറ്റ് കാരണം താപനില പൂജ്യത്തിന് താഴെ അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇംഗ്ലണ്ട് മുഴുവനും ഒരു ആംബർ കോൾഡ്-ഹെൽത്ത് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്.