ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിർണായക തീരുമാനവുമായി ഋഷി സുനക്. മിനിമം വേതന നിരക്ക് ഉയർത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇനി മുതൽ 10.40 പൗണ്ട് ആയിരിക്കും മിനിമം വേതനം. ഇത് തൊഴിലാളികളിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

യുകെയിലെ ഏറ്റവും ദരിദ്രരായ തൊഴിലാളികൾക്ക് ജീവിത വേതനം മണിക്കൂറിന് 10.40 പൗണ്ടായി വർധിപ്പിച്ച തീരുമാനം പ്രധാനമന്ത്രിക്ക് വലിയ ജനശ്രദ്ധ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏകദേശം 10 ശതമാനം വേതനം വർധിപ്പിക്കാനുള്ള ഔദ്യോഗിക ശുപാർശ അംഗീകരിക്കാൻ ഋഷി സുനക്ക് ഒരുങ്ങുന്നതായാണ് വാർത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച അദ്ദേഹം തന്റെ ശരത്കാല ബജറ്റ് നൽകാനിരിക്കെയാണ് നിർണായക നീക്കം.

പ്രധാനമന്ത്രി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള നിർണായക പ്രഖ്യാപനങ്ങളിൽ ഒന്നാന്നിത്. കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യത്തെ അടിസ്ഥാന വിഭാഗത്തിനോടുള്ള സർക്കാരിന്റെ കരുതൽ ഇതിലൂടെ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ നീക്കം 2.5 ദശലക്ഷം ആളുകൾക്ക് പ്രയോജനപ്പെടുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളത് കാത്തിരുന്നു കാണാം.