ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആശുപത്രിയിൽ നിന്ന് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത വിമർശനങ്ങളാണ് എൻഎച്ച് എസിന് നേരെ ഉയരുന്നത്. ജെയ്ൻ ഒസുള്ളിവൻ്റെ 39-കാരനായ മകൻ ഡാൻ വെസ്റ്റ് ലണ്ടൻ മാനസികാരോഗ്യ വിഭാഗത്തിലെ ഒരു സൈക്യാട്രിസ്റ്റിനോട് ആത്മഹത്യ ചെയ്യാനുള്ള തൻ്റെ പദ്ധതിയെക്കുറിച്ച് പറഞ്ഞിട്ടും അദ്ദേഹത്തെ പോകാൻ അനുവദിക്കുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.
എന്തുകൊണ്ടാണ് തൻ്റെ മകനെ മാനസികാരോഗ്യ വിഭാഗത്തിൽ നിന്ന് വിട്ടയച്ചതെന്നതിന് തനിക്ക് ഇപ്പോഴും ഉത്തരമില്ലെന്ന് ജെയ്ൻ ഒ സുള്ളിവൻ പറഞ്ഞു. ഡാനിൻറെ മരണത്തിന് പ്രധാന ഉത്തരവാദി സെൻട്രൽ നോർത്ത് ബെസ്റ്റ് എൻഎച്ച് എസ് ട്രസ്റ്റ് ആണെന്നാണ് മരണത്തെക്കുറിച്ച് അന്വേഷിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡാനിയേലിന്റെ മരണത്തിൽ അഗാധമായ ഖേദമുണ്ടെന്നും ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് എൻഎച്ച് ട്രസ്റ്റ് പ്രതികരിച്ചത്. മറിച്ച് ഡാനിയേലിന്റെ അമ്മയ്ക്ക് എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നും നഷ്ടപരിഹാരം നൽകേണ്ടതായി വന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ നഷ്ടപരിഹാരത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
കടുത്ത മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഡാൻ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് പല പ്രാവശ്യം തന്നെ ചികിത്സിച്ച ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഡാൻ മരിക്കുന്നതിന് ഒരു മാസം മുമ്പ് അയാൾക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. തനിക്ക് മരിക്കാൻ പദ്ധതി ഉണ്ടെന്ന് പലരോടും പറഞ്ഞ ഡാനിനെ ഒരു മുൻകരുതലുമില്ലാതെ ആശുപത്രിയിൽ നിന്ന് പുറത്തു പോകാൻ അനുവദിച്ചതാണ് അവൻറെ ജീവനെടുക്കാൻ കാരണമായത്. കടുത്ത മാനസിക വിഭ്രാന്തിയുള്ള അവനെ സിഗരറ്റ് വാങ്ങാൻ പുറത്തേക്ക് പോകാനായി ഹോസ്പിറ്റൽ ജീവനക്കാരൻ അനുവദിച്ചതാണ് ദുരന്തമായത്. ഇതിനെ തുടർന്ന് ഡാൻ ഒരിക്കലും തിരിച്ചെത്തിയില്ല. അർദ്ധരാത്രിയാണ് അവനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്തത് . മകൻറെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുവാൻ കടുത്ത നിയമ പോരാട്ടമാണ് ഡാനിൻറെ അമ്മ നടത്തിയത്.
Leave a Reply