മാന്നാറിൽ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന ചില വസ്തുക്കൾ കണ്ടെത്തി. മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടരുന്നത്. അനിലിന്റെ ഭാര്യ കലയെയാണ് വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതായി പോലീസിന് വിവരം ലഭിച്ചത്.

സെപ്റ്റിക് ടാങ്കിൽനിന്ന് മാലിന്യങ്ങൾ പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ലഭിച്ച ചില അവശിഷ്ടങ്ങൾ പ്രത്യേകം കുപ്പികളിലാക്കി മാറ്റിവെച്ചിട്ടുണ്ട്. ഇത് മൃതദേഹാവശിഷ്ടങ്ങൾ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസിന്റെ ഭാ​ഗത്തുനിന്ന് ഇതുസംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആദ്യം പരിശോധിച്ച സെപ്റ്റിക് ടാങ്കിനോട് ചേർന്നുള്ള മറ്റൊരു സെപ്റ്റിക് ടാങ്കിലും ഇപ്പോൾ തിരച്ചിൽ നടക്കുന്നുണ്ട്. ഈ ടാങ്കിനുള്ളിൽനിന്ന് തലമുടിക്ക് സമാനമായ വസ്തു കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച എല്ലാ വസ്തുക്കളും ഫോറൻസിക് സംഘം പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.

15 വർഷം മുൻപാണ് കലയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ അനിലിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ വിവരങ്ങളൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനിൽ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തിൽ അനിലിന് ഒരു മകനുണ്ട്. രണ്ടാമത്തെ വിവാഹത്തിൽ രണ്ടു മക്കളും. നാട്ടിൽ കെട്ടിട നിർമാണ കരാറുകാരനായിരുന്ന ഇയാൾ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.

അടുത്തിടെ അമ്പലപ്പുഴ പോലീസിന് ലഭിച്ച ഒരു ഊമക്കത്തും അതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് കലയുടെ തിരോധാനത്തിൽ വഴിത്തിരിവായതെന്നാണ് സൂചന. കൃത്യത്തിൽ ഉൾപ്പെട്ട ഒരാൾ ഇയാളുടെ ഭാര്യയുമായി തർക്കമുണ്ടായപ്പോൾ കലയെ കൊലപ്പെടുത്തിയെന്നതിന്റെ സൂചന നൽകിയിരുന്നതായാണ് വിവരം.

‘അവളെപ്പോലെ നിന്നെയും കൊല്ലും’ എന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടർന്നാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് പോലീസിന് ഊമക്കത്ത് ലഭിച്ചതെന്ന് കരുതുന്നു. പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനുശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടങ്ങിയത്.