ന്യൂസ് ഡെസ്ക് മലയാളം യുകെ
ബെലാറസ് : രാഷ്ട്രീയ എതിരാളിയെ പിടികൂടാന്‍ വ്യാജബോംബ് സന്ദേശം നല്‍കി വിദേശ വിമാനം പിടിച്ചെടുത്ത ബെലാറസിന്റെ നടപടിയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ. ഓൺലൈൻ മാധ്യമമായ നെക്സ്റ്റയുടെ മുൻ പത്രാധിപർ റോമൻ പ്രോട്ടാസെവിച്ചിനെ അറസ്റ്റ് ചെയ്യാനാണ് ബെലാറസ് ഈ നീക്കം നടത്തിയത്. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ഉത്തരവ് പ്രകാരമാണ് 26-കാരനായ പ്രോട്ടാസെവിച്ച് സഞ്ചരിച്ചിരുന്ന റയാനെയർ വിമാനം വഴിതിരിച്ചുവിട്ട് അറസ്റ്റ് നടന്നത്. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്നും ലിത്വാനിയൻ തലസ്ഥാനമായ വിലിനസിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പ്രോട്ടാസെവിച്ചിന്റെ അറസ്റ്റിനെ അപലപിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി. ബെലാറസിലെ ഭരണകൂടത്തിന്റെ നികൃഷ്ടവും നിയമവിരുദ്ധവുമായ പെരുമാറ്റം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ട്വീറ്റ് ചെയ്തു.

റോമൻ പ്രോട്ടാസെവിച്ച്
ഞായറാഴ്ചയാണ് സംഭവം നടന്നത്. ‘വിമാനം തട്ടിക്കൊണ്ടുപോയ നടപടി’ എന്നാണു യൂറോപ്യൻ യൂണിയൻ പ്രതികരിച്ചത്. ഇന്നലെ ബ്രസ്സൽസിൽ നടന്ന യോഗത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബെലാറസിനുമേൽ ഉപരോധം ശക്തമാക്കുമെന്ന് പറഞ്ഞു. യൂറോപ്യൻ യൂണിയൻ പ്രദേശത്തിന് മുകളിലൂടെ പറക്കുന്നതിൽ നിന്ന് ബെലാറസ് വിമാനക്കമ്പനികളെ വിലക്കുന്ന തീരുമാനം സ്വീകരിക്കുകയാണ്. ബെലാറസ് ജനതയുടെ ജനാധിപത്യ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനും ബെലാറസ് അധികാരികളുടെ ക്രൂരതയ്ക്കും എതിരായി 2020 ഒക്ടോബർ 1 ന് യൂറോപ്യൻ യൂണിയൻ ബെലാറസിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലുകാഷെങ്കോ സർക്കാരുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് യാത്രാനിരോധനം ഉണ്ട്. യൂറോപ്യൻ യൂണിയനിലെ അവരുടെ ആസ്തികൾ മരവിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പട്ടികയിലെ ഏതെങ്കിലും വ്യക്തിയ്ക്കും കമ്പനിക്കും ഫണ്ട് നൽകുന്നതിൽ നിന്ന് യൂറോപ്യൻ യൂണിയൻ പൗരന്മാരെയും കമ്പനികളെയും വിലക്കിയിട്ടുണ്ട്.
ബെലാറസ് ദേശീയ വിമാനക്കമ്പനിയായ ബെലാവിയയുടെ വിമാനങ്ങൾ യൂറോപ്യൻ യൂണിയൻ വിമാനത്താവളങ്ങളിൽ ഇറക്കുന്നത് തടയുക എന്നതാണ് ഇനി സ്വീകരിക്കാവുന്ന മാർഗം. പാരീസ്, ഫ്രാങ്ക്ഫർട്ട്, ബാഴ്‌സലോണ, റോം, സ്റ്റോക്ക്ഹോം, വാർസോ എന്നിവയുൾപ്പെടെ 26 യൂറോപ്യൻ യൂണിയൻ പ്രദേശങ്ങളിലേക്ക് ബെലാവിയ നിലവിൽ പറക്കുന്നുണ്ട്. ബെലാറസ് വ്യോമാതിർത്തിയിലൂടെ പറക്കുന്ന യൂറോപ്യൻ യൂണിയൻ എയർലൈനുകളുടെ എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സംയുക്ത ശുപാർശ നൽകണമെന്ന് ലിത്വാനിയ യൂറോപ്യൻ യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ (ഐസിഎഒ) ബെലാറസിനെ സസ്‌പെൻഡ് ചെയ്യണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടണമെന്നും നിർദ്ദേശമുണ്ട്.

അലക്സാണ്ടർ ലുകാഷെങ്കോ
നിലവിലെ യൂറോപ്യൻ യൂണിയൻ ഉപരോധത്തെ യുകെ പിന്തുണയ്ക്കുന്നു. യമൽ ഗ്യാസ് പൈപ്പ്‌ലൈൻ അടയ്ക്കുന്നതുൾപ്പെടെ ബെലാറസിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന് വിദേശകാര്യ സെലക്ട് കമ്മിറ്റി ചെയർ ടോം തുഗെൻഹാത് അഭിപ്രായപ്പെട്ടു. സ്വതന്ത്ര റിപ്പബ്ലിക് ആയിരുന്ന ബെലാറസ് 1994 മുതൽ റഷ്യയുടെ പിന്തുണയോടെ ലൂക്കാഷെൻകോയുടെ ഏകാധിപത്യത്തിന് കീഴിലായിരുന്നു. കഴിഞ്ഞ വർഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷം ആരംഭിച്ച പ്രതിഷേധം ദേശീയ പ്രക്ഷോഭമായി കത്തിപടർന്നിരുന്നു. ബെലാറസിന്റെ ഈ നീചനടപടിയ്‌ക്കെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം.
Leave a Reply