ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏഴാം ദിവസവും 50,000ൽ ഏറെ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഫെബ്രുവരി പകുതി വരെ നീളുന്ന ലോക്ക്ഡൗണിൽ സ്കൂളുകളെല്ലാം അടച്ചിടും. ഇംഗ്ലണ്ടിൽ 26,626 രോഗികളാണ് ആശുപത്രിയിൽ കഴിയുന്നത്. ഏപ്രിലിലെ കണക്കിനേക്കാൾ 40% കൂടുതലാണ് ഇത്. ലോക്ക്ഡൗൺ എന്ന് അവസാനിക്കുമെന്നതിൽ വ്യക്തത ഇല്ലെങ്കിലും ഫെബ്രുവരി 22നകം ഇത് അവലോകനം ചെയ്യും. വാക്സിൻ ലഭിച്ച ആളുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കില്ല. ഏറ്റവും പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വീട്ടിൽ തന്നെ തുടരുക
മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി പൊതുജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടും. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് അസാധ്യമാണെങ്കിൽ പുറത്ത് ജോലിക്ക് പോകാൻ അനുവാദമുണ്ട്. ഭക്ഷണം, മരുന്ന്, വൈദ്യസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സഞ്ചരിക്കാം. സപ്പോർട്ട് ബബിളിനൊപ്പം മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ പോലീസിന് അധികാരമുണ്ട്.
സ്കൂളുകൾ – വിദ്യാഭ്യാസം
എല്ലാ പ്രൈമറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളും കോളേജുകളും അടച്ചിടും. മുൻനിര തൊഴിലാളികളുടെ കുട്ടികൾക്ക് മാത്രം സ്കൂളിൽ എത്താം. ബാക്കിയുള്ളവർക്ക് ഓൺലൈൻ വിദ്യാഭ്യാസം തുടരും. നവംബറിലെ ലോക്ക്ഡൗണിനേക്കാൾ കർശനമാണ് ഇത്. യോഗ്യരായ കുട്ടികൾക്ക് സൗജന്യ സ്കൂൾ ഭക്ഷണം ലഭിക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടാകും. എന്നാൽ ഇത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സപ്പോർട്ട് ബബിൾ
വീടിന് പുറത്തുള്ളവരുമായി ബബിൾ രൂപീകരിക്കാൻ അനുവാദമില്ല. എന്നാൽ ഒരു വ്യക്തിക്ക് മറ്റൊരു വീട്ടിൽ നിന്നുള്ള ഒരാളുമായി പുറത്ത് വ്യായാമം ചെയ്യാൻ സാധിക്കും. സാമൂഹിക അകലം പാലിക്കേണ്ടത് ഇവിടെ അത്യാവശ്യമാണ്. വേർപിരിഞ്ഞ ദമ്പതികളുടെ കുട്ടികൾക്ക് മുമ്പത്തെ ലോക്ക്ഡൗണുകളിലേതുപോലെ മാതാപിതാക്കളുടെ വീടുകൾക്കിടയിൽ സ്വതന്ത്രമായി നീങ്ങുന്നത് തുടരാം. ഫർലോഫ് സ്കീമിൽ പുതിയ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
കടകൾ അടച്ചിടും
അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകളെല്ലാം അടച്ചിടും. മൊബൈൽ ഫോൺ ഷോപ്പുകൾ, വാഹന ഷോറൂമുകൾ, ഹോംവെയർ സ്റ്റോറുകൾ, വസ്ത്രശാലകൾ തുടങ്ങിയവ അടച്ചിടും. റെസ്റ്റോറന്റുകൾ, കഫേകൾ, പബ്ബുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി വേദികൾ എന്നിവ അടച്ചിരിക്കണം. ഭക്ഷണത്തിനായി മാത്രം ടേക്ക് എവേ സംവിധാനം ഉണ്ട്. ഹെയർഡ്രെസ്സർമാർ, നെയിൽ ബാറുകൾ, സ്പാ ടാറ്റൂ പാർലറുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചിടും.
ഔട്ട്‌ഡോർ ടീം സ്പോർട് സ് അനുവദിക്കില്ലെന്നും പ്രീമിയർ ലീഗ് മത്സരങ്ങൾ തുടരും. ശവസംസ്കാര ചടങ്ങുകളിൽ ടയർ 4ലേതിന് സമാനമായി പരമാവധി 30 പേർക്ക് പങ്കെടുക്കാൻ കഴിയും. ആരാധനാലയങ്ങൾ വ്യക്തിഗത പ്രാർത്ഥനയ്ക്കും സഭാ ആരാധനയ്ക്കുമായി തുറന്നിടാം. സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. തിയേറ്ററുകൾ, കാസിനോകൾ, ബിങ്കോ ഹാളുകൾ എന്നിവയും തുറന്ന് പ്രവർത്തിക്കില്ല. അതിതീവ്ര വൈറസിൽ നിന്നും സ്വയം രക്ഷ നേടേണ്ടതിനായി മാസ്ക് ധരിക്കേണ്ടതുണ്ട്. പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമാണ്. രോഗവ്യാപനം ഉയർന്നുനിൽക്കുന്ന ഈ ഘട്ടത്തിൽ വൻ ദുരന്തത്തിലേക്ക് ജനങ്ങളെ തള്ളിവിടാതിരിക്കാനുള്ള സുപ്രധാന നീക്കം കൂടിയാണ് ഈ ലോക്ക്ഡൗൺ.
Leave a Reply