ആംസ്റ്റര്‍ഡാം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനൊരുങ്ങി ജര്‍മന്‍ കാര്‍ നിര്‍മാതാവായ മെഴ്‌സിഡസ് ബെന്‍സ്. പുതിയ എ-ക്ലാസ് ഹാച്ച് മോഡലുകളിലാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ് യൂസര്‍ എക്‌സ്പീരിയന്‍സ് (MBUX) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കാറിനുള്ളിലെ പ്രവര്‍ത്തനങ്ങളെ ഡ്രൈവര്‍ക്ക് സ്വന്തം ശബ്ദത്തിലൂടെ നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളിയാഴ്ച ആംസ്റ്റര്‍ഡാമില്‍വെച്ച് ഈ സംവിധാനം പുതിയ എ-ക്ലാസിലുണ്ടാകുമെന്ന് ബെന്‍സ് അറിയിച്ചു.
ഡ്രൈവര്‍ക്ക് ഹേയ് മെഴ്‌സിഡസ് എന്ന് പറഞ്ഞുകൊണ്ട് ലിംഗ്വാട്രോണിക് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യാം. യുവാക്കള്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള മോഡലുകളില്‍ ഇവ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നത്. ലാസ് വേഗാസില്‍ നടത്തിയ ട്രയലില്‍ ഈ സംവിധാനം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു എംബിയുഎക്‌സ് കാഴ്ചവെച്ചത്. കാറിന്റെ നാവിഗേഷന്‍, ഫോണ്‍, ഓഡിയോ, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും.
ഡ്രൈവറുടെ മുന്നിലും ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലേക്കുമായി നീളുന്ന ഇരട്ട സ്‌ക്രീനുകളാണ് ഇതിന്റെ പ്രധാന ഭാഗം. മികച്ച ഗ്രാഫിക്‌സുകളാണ് ഇതിന്റെ പ്രത്യേകത. ഏതു രീതിയിലും കോണ്‍ഫിഗര്‍ ചെയ്യാവുന്ന ഈ സ്‌ക്രീനുകളെ ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും നിയന്ത്രിക്കാം. മെഴ്‌സിഡസ് മീ ആപ്പിലൂടെ കാര്‍ ഷെയറിംഗിനും എംബിയുഎക്‌സ് സഹായിക്കും. ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ മറ്റൊരാള്‍ക്ക് കാര്‍ ഉപയോഗിക്കാനുള്ള അനുവാദം ഉടമസ്ഥന് നല്‍കാനാകും. ഇതിനായി സ്വിച്ച് കീ ഉപയോഗിക്കേണ്ട ആവശ്യമേയില്ല.
കൂടുതല്‍ സൗകര്യങ്ങളുള്ള ഡ്രൈവര്‍ അസിസ്റ്റന്റ് സംവിധാനങ്ങള്‍ ചെറു കാറുകൡും അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. വളവുകളില്‍ സ്റ്റിയറിംഗിലുള്ള നിയന്ത്രണം ഏറ്റെടുക്കുന്നതു മുതല്‍ തിരിയാനുള്ള സിഗ്നല്‍ ഇട്ടാലുടന്‍ ലെയിന്‍ സ്വയം മാറുന്നതു വരെയുള്ള സൗകര്യങ്ങളാണ് ഇതിലുള്ളത്. പുതിയ എ-ക്ലാസ് ഈ സ്പ്രിംഗില്‍ യൂറോപ്പില്‍ വിപണിയിലെത്തും.
Leave a Reply