ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹെറോയിനേക്കാൾ മാരകമായ പുതിയ രാസ ലഹരികൾ സുലഭമായി ലഭിക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നു. വ്യാപകമായ രീതിയിൽ രാസ ലഹരി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തതാണ് സംഭവം വാർത്തയാകാൻ കാരണം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവജനങ്ങളെ രാസലഹരി കീഴ്പ്പെടുത്തുന്നതിന്റെ ആശങ്കയിലാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ.

മയക്കുമരുന്നിന്റെ ഉപയോഗം മൂലം കഴിഞ്ഞവർഷം നടന്ന മരണങ്ങളിൽ 60 ശതമാനത്തിനും പിറകിൽ രാസ ലഹരിയുടെ ഉപയോഗമായിരുന്നു. ഇങ്ങനെയുള്ള മരണങ്ങൾ നടന്ന സ്ഥലത്തു നിന്നും സിന്തറ്റിക് ഹെറോയിനുകൾ കണ്ടെത്തിയതാണ് അന്വേഷണം ഈ വഴിക്ക് നീങ്ങുന്നതിന് കാരണമായത്. മോർഫിനെക്കാൾ 500 മടങ്ങ് മാരക ശേഷിയുള്ള ഒപ്പിയോഡിസുകൾക്ക് ഇപ്പോൾ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


യുകെയിൽ രാസലഹരി വ്യാപകമായതിനെ തുടർന്ന് മാതാപിതാക്കൾ കടുത്ത ജാഗ്രത പുലർത്തണമെന്നും രാസ ലഹരി ഉപയോഗിക്കരുതെന്നും യുവജനങ്ങളോടും വിദ്യാർഥികളോടും ആരോഗ്യ സുരക്ഷാരംഗത്തെ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമിതമായ മദ്യപാനവും ലഹരിയുടെ ഉപയോഗവും സൃഷ്ടിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ അടുത്തകാലത്തായി ബ്രിട്ടനിലെ മലയാളി സമൂഹത്തെ ബാധിക്കുന്നതായുള്ള ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2021 ഏപ്രിലിൽ വെയ്ക്ക് ഫീൽഡിലെ ഒരു ടാക്സിയിൽ നിന്നാണ് വെളുത്ത പൊടിയുടെ രൂപത്തിലുള്ള രാസലഹരി വസ്തുക്കൾ ആദ്യമായി യുകെയിൽ പിടിച്ചെടുക്കപ്പെട്ടത്. ഈ വർഷം ഒക്ടോബറിൽ വാൽതാം ഫോറസ്റ്റിലെ ഒരു ഫാക്ടറിയിൽ നടന്ന റെയ്ഡിൽ ഒരു 150,000 രാസലഹരി ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലണ്ടനിലും യുകെയിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും രാസലഹരിയുടെ ഉപയോഗം മാരകമായ ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് സൂപ്രണ്ട് ഹെലൻ റാൻസ് പറഞ്ഞു.