വനിതാ എസ്ഐയുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു കുഞ്ഞിന് പുനർജന്മം. കർഷകനായ സന്തോഷ് സിങിന്റെ ഗർഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) തൂങ്ങിമരിച്ചെന്ന വിവരത്തെ തുടർന്നാണ് മധ്യപ്രദേശിലെ കഠ്നി ജില്ലയിലെ വനിതാ എസ്ഐ കവിതാ സാഹ്നി എത്തിയത്. കാണാൻ കഴിഞ്ഞത് തൊഴുത്തിൽ തൂങ്ങിനിൽക്കുന്ന ലക്ഷ്മിയെയും പൊക്കിൾക്കൊടിയിൽ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്. അമ്മയുടെ മരണത്തിനിടയിൽ ജനിച്ച ആ പെൺകുഞ്ഞിനെ കൊടും തണുപ്പിൽ നിന്നു രക്ഷിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.
തുണികൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുവച്ച കവിത 108 ആംബുലൻസ് വിളിച്ചു. തുടർന്ന് ആംബുലൻസിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. എട്ടു മാസം വളർച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്നു ഡോക്ടർമാർ അറിയിച്ചു. പല മരണങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് ഞെട്ടിക്കുന്നതായിരുന്നെന്നു കവിത പറഞ്ഞു.











Leave a Reply