ലണ്ടന്‍: വന്ധ്യതാ ചികിത്സാ രംഗത്ത് ഒരു പുത്തന്‍ നാഴിക്കക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. നൂതനമായ ഈ ചികിത്സാ രീതിയ്ക്ക് അനുമതി ലഭിച്ചാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് അമ്മമാരാകാം. മുപ്പത് വയസിന് മേല്‍ പ്രായമുളള സ്ത്രീകളുടെ അണ്ഡത്തെ നവീകരിച്ച് ബീജസങ്കലനം നടത്താനുളള സാങ്കേതികതയാണ് വന്ധ്യതാ ചികിത്സാ രംഗത്തെ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. അണ്ഡാശയത്തിലെ താരതമ്യേന പുതിയ കോശങ്ങള്‍ അണ്ഡത്തിലേക്ക് സംക്രമിപ്പിച്ച് അതിന് പുതുചൈതന്യം പകരാനാണ് പുതിയ സാങ്കേതികതയിലൂടെ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ വളരെ ഫലപ്രദമായി നടത്തിയ ഈ പരീക്ഷണം ബ്രിട്ടനില്‍ ആവര്‍ത്തിക്കാനായി ഡോക്ടര്‍മാര്‍ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയുടെ അനുമതിയ്ക്കായി സമീപിച്ചിരിക്കുകയാണ്. ഇവര്‍ അനുമതി നല്‍കിയാല്‍ ഐവിഎഫ് ചികിത്സയിലുളള ഇരുപത് സ്ത്രീകളില്‍ പരീക്ഷണം നടത്താനാകും. ലൈസന്‍സ് ലഭിച്ചാല്‍ ഇക്കൊല്ലം തന്നെ പരീക്ഷണം തുടങ്ങാനാകും.
മുപ്പതുകളിലും നാല്‍പ്പതുകളിലും ഉളള ആയിരക്കണക്കിന് സ്ത്രീകളാണ് വന്ധ്യതാ നിവാരണ ചികിത്സ തേടി എത്തുന്നത്. ഇതോടൊപ്പം യുവതികളായ സ്ത്രീകളും ചികിത്സയ്ക്കായി എത്തുന്നുണ്ട്. പുതിയ സാങ്കേതികത ഇവര്‍ക്ക് ഏറെ പ്രതീക്ഷകള്‍ പകരുന്നതാണ്. പ്രായം കൂടും തോറും വന്ധ്യതാ ചികിത്സകളിലേറെയും പാഴാകുന്നതായാണ് കാണുന്നത്. മുപ്പത്തഞ്ച് വയസിന് താഴെയുളള ഒരു സ്ത്രീയില്‍ വന്ധ്യതാ ചികിത്സ ഫലിക്കാനുളള സാധ്യത 32 ശതമാനമാണ്. എന്നാല്‍ 38നും 39നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ ഇത് 21 ശതമാനം മാത്രമാണ്. 43ഉം 44ഉം വയസുളള സ്ത്രീകളില്‍ ഇത് വെറും അഞ്ച് ശതമാനം മാത്രമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രായം കൂടുന്തോറും അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ പലരിലും വിജയകരമായി ഭ്രൂണം ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാന്‍ കഴിയാതെ വരുന്നു. ഇതിന് ഒരു പരിഹാരമാകും പുതിയ പരീക്ഷണമെന്നാണ് ഗവേഷകരുടെ വാദം.
എന്നാല്‍ ചില ശാസ്ത്രജ്ഞര്‍ ഈ സാങ്കേതികതയെ ചോദ്യം ചെയ്യുന്നു. എച്ച്എഫ്ഇഎ ഇക്കാര്യം നന്നായി പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മൈറ്റോകോണ്‍ട്രിയല്‍ ട്രാന്‍സ്ഫര്‍ സാങ്കേതികതയിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന കാര്യമാണ് പരിശോധിക്കേണ്ടതെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ അണ്ഡത്തിലേക്ക് അധിക മൈറ്റോകോണ്‍ട്രിയ ഇന്‍ജക്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ആരോഗ്യകരമായ ഭ്രൂണത്തെ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് നോട്ടിഗ്ഹാമിലെ ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ് കെയര്‍ ഫെര്‍ട്ടിലിറ്റിയിലെ പ്രൊഫസര്‍ സൈമണ്‍ ഫിഷെല്‍ പറയുന്നത്. ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.