ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജീവന്റെ തുടിപ്പില്ലാത്ത ഹൃദയങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ ജീവൻ നൽകിയപ്പോൾ അത് സ്വീകരിച്ച ആറു കുട്ടികളും പ്രതീക്ഷയുടെ ഭാവിജീവിതം സ്വപ്നം കണ്ടു. ഒരു മെഷീൻ ഉപയോഗിച്ച് ദാതാക്കളുടെ ഹൃദയങ്ങൾ പുനരുജ്ജീവിപ്പിക്കാൻ എൻ എച്ച് എസ് ഡോക്ടർമാർക്ക് സാധിച്ചു. ഇത് ലോകത്തിലാദ്യമാണ്. ഈ സാങ്കേതികവിദ്യ 12 മുതൽ 16 വയസ്സുവരെയുള്ള ആറ് ബ്രിട്ടീഷ് കുട്ടികളുടെ ജീവൻ രക്ഷിച്ചു. ട്രാൻസ്പ്ലാന്റുകൾ എല്ലാം നടന്നത് പകർച്ചവ്യാധിയുടെ സമയത്താണ്. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളുടെ ഹൃദയങ്ങളാണ് എല്ലായ്‌പോഴും ട്രാൻസ്‌പ്ലാന്റ് നടത്താൻ ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ നിർജീവമായ ഹൃദയങ്ങൾക്കാണ് പുതുജീവൻ പകർന്നത്. കേംബ്രിഡ്ജ്ഷയറിലെ റോയൽ പാപ് വർത്ത് ആശുപത്രിയിലെ ഡോക്ടർമാരാണ് പ്രത്യേക യന്ത്രം ഉപയോഗിച്ച് ഹൃദയങ്ങൾക്ക് ജീവൻ പകർന്നത്. ഈ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയ ആദ്യത്തെ ആളാണ് വോർസെസ്റ്ററിൽ നിന്നുള്ള പതിനാറുകാരിയായ അന്ന ഹാഡ്‌ലി. ഹൃദയമാറ്റ ശസ്ത്രക്രിയക്കായി അന്ന രണ്ട് വർഷം കാത്തിരുന്നു. സാധാരണ ജീവിതത്തിലേക്ക് താൻ തിരികെ എത്തിയെന്നും തനിക്ക് ഇപ്പോൾ വീണ്ടും ഹോക്കി കളിക്കാൻ കഴിയുമെന്നും അന്ന വെളിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഈ പുതിയ ട്രാൻസ്പ്ലാന്റിൽ, ദാതാക്കളിൽ നിന്ന് നീക്കം ചെയ്തുകഴിഞ്ഞ ഹൃദയങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ ഓർഗൻ കെയർ സിസ്റ്റം എന്ന ഹാർട്ട് ഇൻ ബോക്സ് മെഷീൻ ഉപയോഗിച്ചു. മനുഷ്യശരീരത്തിന്റെ അവസ്ഥകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഹൃദയമിടിപ്പ് വീണ്ടും ആരംഭിക്കാൻ ഒരു ഡിഫിബ്രില്ലേഷൻ പൾസ് ഉപയോഗിച്ചുകഴിഞ്ഞാൽ, അവ താപനില നിലനിർത്തി സൂക്ഷിക്കുകയും ദാതാവിന്റെ രക്തത്തിന്റെ 1.5 ലിറ്റർ പമ്പ് ചെയ്യുകയും ചെയ്യും. ആവശ്യമെങ്കിൽ റിമോട്ട് കണ്ട്രോൾ വഴി ഹൃദയമിടിപ്പ് നിയന്ത്രിക്കാനും ഡോക്ടർമാർക്ക് കഴിയും.

ഈ പുതിയ സാങ്കേതിക വിദ്യ ലോകമെമ്പാടുമുള്ള പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സഹായകരമാകുമെന്ന് എൻ‌എച്ച്‌എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാൻറ് മെഡിക്കൽ ഡയറക്ടർ ഡോ. ജോൺ ഫോർ‌സിത്ത് പറഞ്ഞു. ഈ സാങ്കേതികവിദ്യ മുതിർന്നവരിൽ മുമ്പ് പരീക്ഷിച്ചിരുന്നു. എന്നാൽ കുട്ടികളിൽ ഇത് ആദ്യമായാണ് ഉപയോഗിക്കുന്നത്. ഹൃദയം ലഭ്യമാകുന്നതിന് കുട്ടികൾ മുതിർന്നവരേക്കാൾ രണ്ടര ഇരട്ടി കൂടുതൽ കാത്തിരിക്കണം. “ലോകത്ത് മറ്റാരും ഇപ്പോൾ ഇത് ചെയ്യുന്നില്ല,” റോയൽ പാപ്‌വർത്തിലെ കൺസൾട്ടന്റ് കാർഡിയോത്തോറാസിക് ട്രാൻസ്പ്ലാൻറ് സർജൻ മാരിയസ് ബെർമാൻ പറഞ്ഞു.