ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- 2020 ഡിസംബറിൽ ബ്രിട്ടീഷ് ഹെൽത്ത് ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ, കോവിഡ് മൂലമുള്ള പ്രതിസന്ധിയിൽ നിന്നും പൂർണ്ണമായി പുറത്തുകടക്കാനായി, എൻഎച്ച്എസ് 2024-25 ഓടുകൂടി 50,000 സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുമെന്ന ലക്ഷ്യത്തിൽ നിന്നും അധികം മുന്നോട്ട് പോകേണ്ടതായി വരുമെന്ന് വ്യക്തമാക്കുന്നു. യു കെയിൽ രോഗികളെ ശുശ്രൂഷിക്കുന്നതിനായി ആശുപത്രികളിലും, ക്ലിനിക്കുകളിലുമൊന്നും തന്നെ ആവശ്യത്തിന് നഴ്സുമാരില്ല എന്നാണ് റിപ്പോർട്ടിനോട് പ്രതികരിച്ച് മുൻ റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് എക്സിക്യൂട്ടീവ് ആൻഡ് ജനറൽ സെക്രട്ടറി ഡേമ് ഡോണ കിനയർ വ്യക്തമാക്കിയത്. ഈ പ്രതികരണങ്ങളെല്ലാം തന്നെ ബ്രിട്ടനിലെ നേഴ്സുമാരുടെ ക്ഷാമത്തെ ആണ് സൂചിപ്പിക്കുന്നത്. പകർച്ചവ്യാധി കാലത്ത് മാത്രമായി പ്രതിസന്ധി പരിഹരിക്കുന്നതിന് മറ്റ് രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ രാജ്യത്തിനകത്തു തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതോടെ കൃത്യമായ രീതിയിൽ മറ്റു രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. എൻ എച്ച് എസ് ഇംഗ്ലണ്ട് ചീഫ് നേഴ്സിങ് ഓഫീസർ രൂത്ത് മെയും ഇക്കാര്യം അംഗീകരിച്ചിരുന്നു.
എന്നാൽ 2005 മുതൽ 2015 വരെയുള്ള കാലഘട്ടങ്ങളിൽ ഇന്ത്യയിൽ നിന്നും, ഫിലിപ്പീൻസിൽ നിന്നും മറ്റും വർക്ക് പെർമിറ്റ് വിസകളിൽ എത്തി, ബ്രിട്ടീഷ് പൗരത്വവും നേടിയ നിരവധി നേഴ്സുമാർ ബാൻഡ് 2,3,4 എന്നീ വിഭാഗങ്ങളിൽ ജോലിചെയ്യുന്നുണ്ട്. സ്വന്തം രാജ്യത്ത് തന്നെ ആവശ്യത്തിനുള്ള എക്സ്പീരിയൻസ് നേടിയതിനു ശേഷമാണ് ഇവർ യുകെയിൽ എത്തിയിരിക്കുന്നത്. മെഡിസിൻ, ഇന്റെൻസീവ് കെയർ, നിയോ- നേറ്റൽ കെയർ, ക്രിട്ടിക്കൽ കെയർ, സർജിക്കൽ നേഴ്സിങ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ ഇവരോരുത്തരും തന്നെ നന്നായി അനുഭവജ്ഞാനം ഉള്ളവരാണ്. ഇതോടൊപ്പംതന്നെ യുകെയിലെത്തി 10 വർഷം ആയതിനാൽ തന്നെ എൻ എച്ച് എസ് പാരമ്പര്യവുമായും വളരെയധികം ഇവർ പരിചയപ്പെട്ടു കഴിഞ്ഞു. ‘ ലൈഫ് ഇൻ യു കെ ‘ ടെസ്റ്റ് പാസ് ആയിട്ടുള്ളവരാണ് ഇവരിൽ ഭൂരിഭാഗം പേരും. എന്നാൽ ഇവരോട് എൻ എം സി ( നേഴ്സിങ് ആൻഡ് മിഡ്വൈഫെറി കൗൺസിൽ ) രജിസ്ട്രേഷനായി ഐ ഇ എൽ റ്റി എസ് / ഒ ഇ റ്റി പാസാകണമെന്ന് ആവശ്യമാണെന്നാണ് എൻഎച്ച്എസ് ആവശ്യപ്പെടുന്നത്. ഇവരിൽ കുറച്ചു വിഭാഗം ഒ എസ് സി ഇ ( ഒബ്ജക്ടീവ് സ്ട്രക്ച്ചർഡ് ക്ലിനിക്കൽ എക്സാമിനേഷൻ ) ടെസ്റ്റുകളും മറ്റും പാസായവരുമാണ്. ഇത്തരം നേഴ്സുമാരെ സഹായിക്കുന്നതിനായി എൻ എച്ച് എസ് ട്രസ്റ്റു കളുടെ ഭാഗത്തുനിന്നും അടുത്തിടെയായി നടപടികൾ ഉണ്ടാകുന്നത് സ്വാഗതാർഹമാണെന്ന് നേഴ്സുമാർ അഭിപ്രായപ്പെടുന്നു.
ഇതോടൊപ്പം തന്നെ ഇത്തരം നേഴ്സുമാർക്ക് എൻഎംസി രജിസ്ട്രേഷനായി പുതിയ ഇംഗ്ലീഷ് ലാംഗ്വേജ് ഓഫർ നൽകുമെന്നും രൂത്ത് മെയ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും തന്നെ ഇവരുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നില്ല. ഇതോടൊപ്പം തന്നെ ഇത്തരം നേഴ്സുമാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ ക്വസ്റ്റ്യനൈയറും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത 857 പേരിൽ, 629 പേർക്കും ബ്രിട്ടീഷ് പൗരത്വം ഉള്ളവരാണ്. ബാക്കിയുള്ള 207 പേർ പെർമനെന്റ് റെസിഡൻസി ഉള്ളവരുമാണ്. ഇതിനോടൊപ്പം തന്നെ ഭൂരിഭാഗം പേർക്കും ഐസിയു കെയർ, ക്രിട്ടിക്കൽ കെയർ തുടങ്ങിയവയെല്ലാം തന്നെ അനുഭവ പരിജ്ഞാനം ഉള്ളവരുമാണെന്ന് ഈ ചോദ്യോത്തരപംക്തി യിലൂടെ വ്യക്തമായിരുന്നു. എൻ എം സി ഈ കാലഘട്ടത്തിൽ ചെയ്ത എല്ലാ നടപടികളും സ്വാഗതാർഹമാണെന്ന് നേഴ്സുമാർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ അഞ്ചു വർഷത്തിലധികമായി യു കെ പൗരത്വം നേടി കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്ന നഴ്സുമാരുടെ എൻ എം സി രജിസ്ട്രേഷൻ എളുപ്പം ആക്കുന്നതിനുള്ള കൂടുതൽ നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യമാണ് നേഴ്സുമാർ ഉയർത്തുന്നത്. ഇത് ഉടനടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേഴ്സുമാർ.
Leave a Reply