സ്വന്തം ലേഖകൻ
ഇന്ത്യ :- ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 18, 552 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ കണക്കിൽ 24 മണിക്കൂറിനിടെ 384 മരണങ്ങൾ നടന്നതായി രേഖപ്പെടുത്തുന്നു. ഇതോടെ മൊത്തം മരണസംഖ്യ 15, 685 ആയി ഉയർന്നു. ഇതോടെ ഇന്ത്യ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്. യു എസ് എ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കിൽ ഇന്ത്യയ്ക്ക് മുൻപിൽ ഉള്ളത്. നാല് ദിവസത്തിനിടെ എഴുന്നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്ത ആസാമിലെ ഗുവാഹാട്ടിയിൽ സംസ്ഥാന ഗവൺമെന്റ് രണ്ടാഴ്ച നീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും, ജനങ്ങൾ ആവശ്യസാധനങ്ങൾ കരുതണമെന്നുമുള്ള നിർദ്ദേശം അസം ആരോഗ്യ മന്ത്രി ഹിമാൻത ബിശ്വ ശർമ നൽകി.
രാജ്യത്ത് ഏറ്റവും കൂടുതൽ സ്ഥിതിഗതികൾ മോശമായി കൊണ്ടിരിക്കുന്ന സംസ്ഥാനം ഡൽഹിയാണ്. ഡൽഹിയിലെ ആശുപത്രികളിൽ ഭൂരിഭാഗവും കൊറോണ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചില ഹോട്ടലുകൾ ഏറ്റെടുത്ത് കൊറോണ വാർഡുകൾ ആക്കി മാറ്റുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഡൽഹിയിൽ ഇതുവരെ ഏകദേശം 75, 000 ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആശുപത്രികളിൽ സ്ഥലമില്ലാത്തതിനാൽ, ഡൽഹിയിൽ ആശ്രമങ്ങളും, ഓഡിറ്റോറിയങ്ങളും, കൊറോണ വാർഡുകൾ ആക്കി മാറ്റിയിരിക്കുകയാണ്.
ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ 13, 000 കിടക്കകൾ മാത്രമാണ് ഉള്ളത്. എന്നാൽ ജൂലൈ അവസാനത്തോടെ എൺപതിനായിരം അധികം കിടക്കകളുടെ ആവശ്യം ഡൽഹിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരുടെ അവധി ഗവൺമെന്റ് റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഇതുവരെയും ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല.
ഇതിനിടെ ചൈനയിൽ വീണ്ടും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 24 മണിക്കൂറിനിടെ 21 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 17 എണ്ണവും തലസ്ഥാനമായ ബെയ്ജിങ്ങിൽ ആണ്. ചൈനയിൽ ഇതുവരെ 83, 483 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. സൗത്ത് കൊറിയയിലും പുതുതായി 51 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൊറോണ ബാധ പൂർണ്ണമായി നീങ്ങിയ സ്ഥലങ്ങളിലും ഇപ്പോൾ പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആശങ്കാജനകമാണ്. ശ്രീലങ്കയിലും മറ്റും ലോക്ക്ഡൗണിൽ പുതിയ ഇളവുകൾ വരുത്തിയിരിക്കുകയാണ്.
Leave a Reply