ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ വർഷങ്ങളെ അപേക്ഷിച്ച് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ൽ ഇതുവരെ 25,000 ത്തിലധികം കുടിയേറ്റക്കാർ ഇംഗ്ലീഷ് ചാനൽ കടന്നിട്ടുണ്ട്. ഡോവറിൽ ബുധനാഴ്ച 13 ബോട്ടുകളിലായി 898 പേരെ കരയിലേക്ക് കൊണ്ടുവന്നതായി ഹോം ഓഫീസ് അറിയിച്ചു. ഇതോടെ ഈ വർഷം യുകെയിൽ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 25436 ആയി.
ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് 25000 എന്ന സംഖ്യ വളരെ നേരത്തെ കടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2022 ഓഗസ്റ്റ് 27-ാം തീയതിയാണ് 25000 അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തിയത്. മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ നിർണ്ണായകമായ നീക്കങ്ങൾ യുകെ നടത്തുമ്പോഴാണ് ഒരു വശത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. അനധികൃത കുടിയേറ്റം തടയും എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പുറത്തുവന്ന കണക്കുകളെ കുറിച്ച് കടുത്ത വിമർശനമാണ് പ്രതിപക്ഷം നടത്തിയിരിക്കുന്നത്. ദേശീയ അടിയന്തിരാവസ്ഥ എന്നാണ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് എംപി പുറത്തുവന്ന കണക്കുകളോട് പ്രതികരിച്ചത്. ഇതുകൂടാതെ ക്രോസിംഗുകൾ തടയാൻ ലേബർ പാർട്ടി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
ഇംഗ്ലീഷ് ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റം തടയാൻ ഫ്രാൻസുമായി ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. പുതിയ കരാറിന്റെ ഭാഗമായി ഫ്രഞ്ച് പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറും. യുകെയിൽ കുടുംബ ബന്ധമുള്ള അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് പകരമായി ചെറിയ ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരെ ഫ്രാൻസിലേക്ക് തിരിച്ചയക്കാൻ പുതിയ കരാർ ബ്രിട്ടന് സഹായകമാവും. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്.
Leave a Reply