സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്തെ ഭീതിയിലാഴ്ത്തി പരക്കുന്ന കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രാജ്യങ്ങളിലേക്ക് വ്യാപിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ കഴിയാതെ ലോകം നിലകൊള്ളുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 125,060 ആയി ഉയർന്നു. ആകെ മരണങ്ങൾ 4,590. ഇതിൽ ചൈനയിലാണ് 3, 100 മരണങ്ങളും. ചൈനയെ കൂടാതെ ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ വൈറസ് കനത്ത ഭീതിയാണ് വിതയ്ക്കുന്നത്. ഇറ്റലിയിൽ 827 പേരും ഇറാനിൽ 354 പേരും ഇതിനകം മരിച്ചുകഴിഞ്ഞു. ചൈനയിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് ആശ്വാസം പകരുന്ന വാർത്തയാണ്.

ആരോഗ്യമന്ത്രി നദീനെ ഡോറിസ് അടക്കം ബ്രിട്ടനിൽ കൊറോണ ബാധിച്ചവർ 456 ആയി. ഇതിൽ 18 പേർ സുഖം പ്രാപിച്ചു എന്നാണ് കണക്ക്. 73 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട്‌ ചെയ്തു. ഇതുവരെ ആറ് മരണങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ്. ഡോറിസുമായി ഇടപെഴുകിയവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊവിഡ് 19 സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് ഡോറിസ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനടക്കം നൂറോളം പേരുമായി ഇവര്‍ അടുത്തിടപഴകിയിരുന്നതായി തെളിഞ്ഞതിനാൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് രോഗം പിടിപെടുമോ എന്ന ആശങ്ക ശക്തമാണ്. രോഗലക്ഷണങ്ങൾ ഉള്ളവരോട് വീട്ടിൽ സ്വയം ഒറ്റപ്പെടാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകൾ അടയ്ക്കുക, വലിയ പൊതുപരിപാടികൾ റദ്ദാക്കുക, വീട്ടിലിരുന്നു ജോലി ചെയ്യാൻ ആളുകളോട് ആവശ്യപ്പെടുക, പൊതുഗതാഗത നിയന്ത്രണം വരുത്തുക തുടങ്ങിയ നടപടികൾ വരും ദിനങ്ങളിൽ സർക്കാർ കൈകൊണ്ടേക്കാം.

ജർമ്മനിയിലും സ്ഥിതി വ്യത്യസ്തമല്ല. 1,908 പേരാണ് രോഗബാധിതർ. രാജ്യത്തെ ജനസംഖ്യയുടെ 70% വരെ – ഏകദേശം 58 ദശലക്ഷം ആളുകൾക്ക് കൊറോണ വൈറസ് പിടിപെടാമെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ മുന്നറിയിപ്പ് നൽകി. ആരോഗ്യമന്ത്രി ജെൻസ് സ്പാനിനൊപ്പം ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിലാണ് മെർക്കൽ ഈ പ്രവചനം നടത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ രാജ്യത്തൊട്ടാകെയുള്ള സ്കൂളുകൾ, ജിമ്മുകൾ, മ്യൂസിയങ്ങൾ, നൈറ്റ്ക്ലബ്ബുകൾ, മറ്റ് വേദികൾ എന്നിവ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ‘ലോക്കഡൗൺ’ നടപടിയാണ് ഇറ്റലിയിൽ ഉണ്ടായിരിക്കുന്നത്. അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും സംഹാരതാണ്ടവം നടത്തുന്ന കൊറോണവൈറസിനെ പ്രതിരോധിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ലോകരാജ്യങ്ങൾ ഏവരും.