ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യുറോപ്പ്‌ റീജിയന്‍ ഒരുക്കിയ ഓണാഘോഷം പ്രൗഢ ഗംഭീരമായി.

ആഗസ്റ്റ്‌ 25 ന്‌ വൈകുന്നേരം നാലുമണിക്ക്‌ (15:00 UK, 19:30 Indian time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ തിരുവോണാഘോഷം വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കന്‍മാരിലൊരാളും ഗ്ളോബല്‍ ചെയര്‍മാനുമായ ശ്രീ . ഗോപാലന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്ളോബല്‍ പ്രസിഡന്റും, ധന്യ ഗ്രൂപ്പ് ഓഫ്‌ കമ്പനികളുടെ സി.ഇ.ഒ.യും, നിരവധി കാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നതുമായ ശ്രീ. ജോണ്‍ മത്തായി മുഖ്യപ്രഭാഷകനായിരുന്നു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മികച്ച പാര്‍ലമെന്റേറിയനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശ്രീ. റ്റി.എന്‍. പ്രതാപന്‍ എം.പി. എല്ലാ പ്രവാസി മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. പ്രവാസി മലയാളികളിലൂടെ ഇന്ന്‌ തിരുവോണം ആഗോള ആഘോഷമായി മാറിയെന്നു അദ്ദേഹം പറഞ്ഞു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യുറോപ്പ്‌ റീജിയന്‍ പ്രസിഡന്റ്‌ ജോളി എം.പടയാട്ടില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ ഓണാശംസകള്‍ നേര്‍ന്നു.

ശ്രീ. ജെയിംസ്‌ പാത്തിക്കലിന്റെ (വൈസ്‌ പ്രസിഡന്റ്‌ ജര്‍മന്‍ പ്രൊവിന്‍സ്‌) ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ ഓണാഘോഷം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. മേഴ്‌സി തടത്തില്‍, ശ്രീജ ഷില്‍ഡ്‌ കാംമ്പ്‌, നിക്കോള്‍ ജോര്‍ജ്‌, അമ്മിണി മണമേല്‍, ലീന നിധിന്‍, സരിത മനോജ്‌, സുമി ഹെന്റി തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച തിരുവാതിരയും, യൂറോപ്പ്‌ റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫിന്റെ നേതൃത്വത്തിലുള്ള ഐയര്‍ലണ്ടില്‍ നിന്നുള്ള ചെണ്ടമേളവും, അജ്മന്‍ പ്രൊവിന്‍സ്‌ ജനറല്‍ സെക്രട്ടറി സ്വപ്ന ഡേവിഡ്‌, മികച്ച കലാടെക്നിക്കല്‍ ചാതുരൃത്തോടെ മിനിസ്ക്രീനിലൂടെ അവതരിപ്പിച്ചു. പ്രസിദ്ധ ഗായകനും, സംഗീതാധ്യാപകനുമായ നന്ദകുമാര്‍ കെ. കമ്മത്ത്‌ അവതരിപ്പിച്ച മഹാബലിയെ എല്ലാവരും ഹൃദ്യമായി സ്വീകരിച്ചു.

സോബിച്ചന്‍ ചേന്നങ്കര, ജോസി മണമേല്‍, ഫാദര്‍ തോമസ്‌ ചാലില്‍, ജോണപ്പന്‍ അത്തിമൂട്ടില്‍, ആനിയമ്മ ചേന്നങ്കര, സുബീന എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച വള്ളം കളിയെ അനുസ്മരിച്ചുള്ള വഞ്ചിപ്പാട്ട്‌ ഹൃദ്യവും, ആവേശം പകരുന്നതുമായിരുന്നു. മികച്ച നര്‍ത്തകിയായ അജ്മനില്‍ നിന്നുള്ള അപര്‍ണ അനുപിന്റെ ക്ളാസിക്കല്‍ ഡാന്‍സ്‌ നയനാന്ദകരമായിരുന്നു. അമേരിക്കയിലെ നോര്‍ത്ത്‌ ടെക്സാസ്‌ പ്രൊവിന്‍സ്‌ വൈസ്‌ ചെയര്‍മാനും, നല്ലൊരു ഗായികയുമായ ആന്‍സി തല ശല്ലൂരിന്റെ മഞ്ഞള്‍പ്രസാദവും നെറ്റിയില്‍…. എന്നു തുടങ്ങുന്ന ഗാനവും അബുദാബിയിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ഇഷ മാലിക്കിന്റെ പൂവേ പൂവേ…. എന്ന ഗാനവും, എല്ലാവരേയും ഓണനാളുകളിലേക്ക്‌ കൊണ്ടുവന്നു. സാദി അറേബ്യയില്‍ നിന്നുള്ള ഹാരീസ്‌ ഹസന്റെ ഗാനവും മികവുറ്റതായിരുന്നു.

സംഗീതാധ്യാപകനും, മികച്ച ഗായകനുമായ ജോസുകുട്ടി കവലച്ചിറ, സോബിച്ചന്‍ ചേന്നങ്കര, സിറിയക്‌ ചെറുകാട്, ജെയിംസ്‌ പാത്തിക്കല്‍ തുടങ്ങിയവര്‍ ശ്രുതിമധുരമായ ഓണപ്പാട്ടുകള്‍ ആലപിച്ചു. യൂറോപ്പിലെ പ്രസിദ്ധഗായകരായ ഇവരുടെ ഓണപ്പാട്ടുകളിലൂടെ, സംഗീത പെരുമഴയിലൂടെ എല്ലാവരേയും ഓണനാളുകളിലേക്ക്‌ കൊണ്ടുപോയി.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വൈസ്‌ ചെയര്‍മാനും, കലാസാംസ്കാരിക രംഗത്ത്‌ തനതായ വൃക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ശ്രീ. ഗ്രിഗറി മേടയിലും, മികച്ച പ്രാസംഗികയും, ഡാന്‍സുകാരിയും, ഇംഗ്ലണ്ടിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയുമായ അന്ന ടോമും ചേര്‍ന്നാണ്‌ ഈ കലാസാംസ്കാരികവേദി മോഡറേഷന്‍ ചെയ്തത്‌.

ഗ്ളോബല്‍ വൈസ്‌ ചെയര്‍പേഴ്‌സന്‍ മേഴ്സി തടത്തില്‍, ടൂറിസം ഫോറം പ്രസിഡന്റ്‌ തോമസ്‌ കണ്ണങ്കേരിൽ, ഗ്ളോബര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്‌ ചെറിയാന്‍ ടി. കീക്കാട്‌, യു. എന്‍. ബോണ്‍ ചീഫ്‌ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ സോമരാജ്‌ പിള്ള, ജര്‍മന്‍ പ്രൊവിന്‍സ്‌ ജനറല്‍ സെക്രട്ടറി ചിനു പടയാട്ടില്‍, യൂറോപ്പ്‌ റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, പ്രമുഖ സാഹിത്യകാരനും, മാധ്യമപ്രവര്‍ത്തകനുമായ കാരൂര്‍ സോമന്‍, ദുബായ്‌ പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ പോള്‍സണ്‍ കോന്നോത്ത്‌ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫ്‌ കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം സെപ്തംബര്‍ 29-ാം തീയതി ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ (UK time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്‌. ഈ കലാസാംസ്കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച്‌ സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ സ്വാഗതം ചെയ്യുന്നു.

ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ്‌ ) 04915753181523, ജോളി തടത്തില്‍ ചെയര്‍മാന്‍) 0491714426264, ബാബു തോട്ടപ്പിള്ളി ((ജന.സെക്രട്ടറി) 0447577834404